| Thursday, 25th September 2025, 2:43 pm

ഒറ്റ മത്സരം പോലും കളിക്കാത്ത ഗോള്‍ കീപ്പര്‍ ടീമില്‍; മികച്ച പ്രകടനം നടത്തിയ കോഴിക്കോടിന്റെ ഗോളിക്ക് അവഗണനയെന്ന് പരാതി

ഫസീഹ പി.സി.

കേരള സ്‌കൂള്‍ സ്റ്റേറ്റ് ഫുട്‌ബോള്‍ ടീമില്‍ അര്‍ഹരായവരെ തഴഞ്ഞെന്ന് പരാതി. 18 അംഗ ടീമില്‍ സ്‌കൂള്‍ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തിയ ഗോള്‍ കീപ്പര്‍മാരെ ടീമിലേക്ക് തെരഞ്ഞെടുത്തില്ല.

നിലവില്‍ രണ്ട് ഗോള്‍ കീപ്പര്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇരുവരും ചാമ്പ്യന്‍ഷിപ്പിലെ വിജയികളായ മലപ്പുറം ജില്ലാ ടീമില്‍ നിന്നാണ്. രണ്ടാം ഗോള്‍ കീപ്പറായി ഒരു മത്സരം പോലും കളിക്കാത്ത ഒരു താരത്തെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്.

കേരള സ്‌കൂള്‍ സ്‌പോര്‍ട്‌സ് U -19 ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിസ്റ്റുകളായ കോഴിക്കോട് ടീമിലെ ഗോള്‍ കീപ്പര്‍ ജിയാദ് ജി.കെയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് സാമൂതിരി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ജിയാദ്. കോഴിക്കോടിനായി എല്ലാ മത്സരങ്ങളിലും വല കാത്തത് താരമായിരുന്നു .

ജിയാദിന് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് ക്ലീന്‍ ഷീറ്റുകളുണ്ട്. ചാമ്പ്യന്‍ഷിപ്പില്‍ നാല് മത്സരങ്ങളില്‍ ഇറങ്ങിയായിരുന്നു താരം ഈ പ്രകടനം നടത്തിയത്. ഫൈനലില്‍ മലപ്പുറത്തിനോട് മാത്രമാണ് താരം ഗോള്‍ വഴങ്ങിയത്. ഇങ്ങനെ മികച്ച പ്രകടനം നടത്തിയിട്ടും ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയില്ല.

തനിക്ക് മാത്രമല്ല, ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തിയ പലര്‍ക്കും അവഗണന നേരിട്ടതായി ജിയാദ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ഞങ്ങള്‍ ഫൈനല്‍ വരെ കളിച്ചു. മലപ്പുറമാണ് ചാമ്പ്യന്മാരായത്. തീര്‍ച്ചയായും ചാമ്പ്യന്മാരായ ടീമില്‍ നിന്ന് സ്റ്റേറ്റ് ടീമിലേക്ക് ഒരു ഗോള്‍ കീപ്പറുണ്ടാവും. എന്നാല്‍, ഒരു മത്സരത്തില്‍ പോലും ഇറങ്ങാത്ത മലപ്പുറത്തിന്റെ തന്നെ സെക്കന്റ് ഗോള്‍ കീപ്പറെയാണ് സ്റ്റേറ്റ് ടീമിലേക്കും തെരഞ്ഞെടുത്തത്.

കാസര്‍ഗോഡ് ടീമിലും എറണാകുളം ടീമിലും ഈ താരത്തെക്കാള്‍ മികച്ച പ്രകടനം നടത്തിയ ഗോള്‍ കീപ്പറുമാരുണ്ട്. ഇവരെയൊന്നും ടീമിലേക്ക് പരിഗണിച്ചില്ല,’ ജിയാദ് പറഞ്ഞു.

കേരള സ്‌കൂള്‍ സ്‌പോര്‍ട്‌സ് U -19 ചാമ്പ്യന്‍ഷിപ്പ് ചാമ്പ്യന്മാരായ മലപ്പുറം ടീമില്‍ നിന്നാണ് കൂടുതല്‍ പേരുമുള്ളത്. രണ്ട് ഗോള്‍ കീപ്പറടക്കം സ്റ്റേറ്റ് ടീമില്‍ ഏഴ് പേര്‍ മലപ്പുറം ടീമില്‍ നിന്നുള്ളവരാണ്. എം.എസ്.പി ടീമിന്റെ പരിശീലകനായിരുന്നു കേരളം ടീം സെലക്ടറെന്നും അദ്ദേഹം തന്റെ ഇഷ്ടക്കാരെയാണ് ടീമില്‍ തിരുകി കയറ്റിയതെന്നുമാണ് ആരോപണം ഉയരുന്നത്.

ജിയാദടക്കമുള്ള മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങള്‍ പുറത്തിരിക്കുമ്പോളാണ് ഇഷ്ടക്കാരെ ടീമില്‍ ഉള്‍പ്പെടുത്തുന്നത്. സബ് ജില്ലാ തലത്തിലും ഇത്തരത്തില്‍ അര്‍ഹരായവര്‍ അവഗണിക്കപ്പെട്ടുവെന്ന് പരാതി ഉയര്‍ന്നിരുന്നു. പിന്നാലെ രക്ഷിതാക്കള്‍ നിയമപരമായി മുന്നോട്ട് പോയിരുന്നു.

Content Highlight: Complaint that Kozhikode district’s Jiyad GK did not get a chance to make it to the Kerala School State Football Team despite his excellent performance

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more