| Wednesday, 24th September 2025, 12:54 pm

പാലക്കാട് ഒരു വീട്ടില്‍ 72 വോട്ടുകള്‍ ചേര്‍ത്തതായി പരാതി; സാങ്കേതിക പിഴവെന്ന് പഞ്ചായത്ത് സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പാലക്കാട് കൊടുമ്പില്‍ ഒരു വീട്ടില്‍ 72 വോട്ടുകള്‍ അനധികൃതമായി ചേര്‍ത്തതായി പരാതി. കൃത്യമായ രേഖകള്‍ ഇല്ലാതെയാണ് വോട്ടര്‍ പട്ടികയില്‍ ആളുകളെ ഉള്‍പ്പെടുത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ സാങ്കേതിക പിഴവ് സംഭവിച്ചെന്നാണ് പഞ്ചായത്ത് സെക്രട്ടറി വിശദീകരിച്ചത്. വെബ് സൈറ്റില്‍ തെറ്റുകള്‍ തിരുത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇടതുപക്ഷമാണ് കൊടുമ്പ് പഞ്ചായത്ത് ഭരിക്കുന്നത്.

7/7 എന്ന വീട്ടുനമ്പറിലുള്ള വീട് നിലവില്‍ പൊളിച്ചുകൊണ്ടിരിക്കുകയാണ്. ഈ വീട്ടില്‍ നേരത്തേ താമസിച്ചിരുന്നത് നാലുപേരാണ്. അവരെ കൂടാതെ 72 പേരെ കൂടി ഈ വീട്ടുനമ്പറില്‍ ചേര്‍ത്തിട്ടുണ്ട്.

എന്നാല്‍ ഇത്രയധികം ആളുകളെ ഈ വിലാസത്തില്‍ ചേര്‍ത്തത് വീട്ടുകാരറിഞ്ഞിട്ടില്ല. പഞ്ചായത്തിന് പുറത്തുള്ളവര്‍ അടക്കം ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മതിയായ രേഖകള്‍ ഇല്ലാതെയാണ് വോട്ടര്‍മാരെ ചേര്‍ത്തതെന്നും വാര്‍ഡ് വിഭജനത്തിലും പ്രശ്നങ്ങള്‍ സംഭവിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു.

‘ആള്‍ത്താമസമില്ലാത്ത വീട്ടിലാണ് 72 വോട്ടുകള്‍ ചേര്‍ത്തിരിക്കുന്നത്. അതിന്റെ രേഖകള്‍ പരിശോധിക്കാന്‍ വേണ്ടി പഞ്ചായത്തിനെ സമീപിച്ചപ്പോള്‍ ആറ് വോട്ടര്‍മാരുടെ ലിസ്റ്റ് മാത്രമാണ് പരിശോധനയ്ക്ക് ലഭിച്ചത്. ബാക്കിയുള്ളവരുടെ ഒരു രേഖയും ഇല്ലാതെയാണ് വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ത്തിരിക്കുന്നത്,’ കോണ്‍ഗ്രസ് നേതാവ് മനു. സി പറഞ്ഞു.

വിഷയത്തില്‍ ജില്ലാ കളക്ടര്‍ ഉളപ്പെടെയുള്ളവര്‍ക്ക് കോണ്‍ഗ്രസ് പരാതി നല്‍കി.

കോഴിക്കോടും നഗരസഭാ വോട്ടര്‍ പട്ടിക ക്രമക്കേടുകള്‍ നിറഞ്ഞതാണെന്ന ആരോപണവുമായി മുസ്‌ലിം ലീഗും രംഗത്ത് വന്നിരുന്നു. വോട്ടര്‍ പട്ടികയില്‍ ആയിരത്തിലധികം ഇരട്ടിപ്പുകളുണ്ടെന്നും ഒരു വീട്ടുനമ്പറില്‍ മുന്നൂറിലധികം വോട്ടര്‍മാരുണ്ടെന്നും പത്രസമ്മേളനത്തിലൂടെ ലീഗ് ആരോപിച്ചിരുന്നു. വീട്ടുനമ്പര്‍ ഇല്ലാതെയും വോട്ടുകളുണ്ടെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തൃശൂരില്‍ സുരേഷ് ഗോപി വോട്ടര്‍ പട്ടികയില്‍ തിരിമറി നടത്തിയെന്ന ആരോപണവും കോണ്‍ഗ്രസ് മുമ്പ് ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിക്കാനായി സുരേഷ് ഗോപിയും കുടുംബവും തൃശൂരില്‍ 11 വോട്ട് ചേര്‍ത്തെന്ന് തൃശൂര്‍ ഡി.സി.സി അധ്യക്ഷന്‍ ജോസഫ് ടാജറ്റ് ആരോപിക്കുകയായിരുന്നു. തൃശൂരില്‍ താമസമാണെന്ന് തെറ്റിദ്ധരിപ്പിച്ചിട്ടാണ് വോട്ട് ചേര്‍ത്തതെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

Content Highlight: Complaint that 72 votes were added to a house in Palakkad

Latest Stories

We use cookies to give you the best possible experience. Learn more