| Thursday, 21st August 2025, 3:41 pm

ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസില്‍ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവും പാലക്കാട് എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസില്‍ പരാതി. അഡ്വ. ഷിന്റോ സെബാസ്റ്റ്യനാണ് രാഹുലിനെതിരെ പരാതിപ്പെട്ടത്. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ചാണ് പരാതി.

എറണാകുളം സെന്‍ട്രല്‍ പൊലീസിലാണ് അഭിഭാഷകന്‍ പരാതി നല്‍കിയത്. പരാതി സ്വീകരിച്ച പൊലീസ്, എം.എല്‍.എക്കെതിരെ നടപടിയെടുക്കാന്‍ നിയമോപദേശം തേടാന്‍ തയ്യാറെടുക്കുന്നതായാണ് വിവരം.

രാഹുലിനെതിരെ ബാലാവകാശ കമ്മീഷന് മുമ്പാകെയും പരാതി എത്തിയിട്ടുണ്ട്. രാഹുലിനെതിരെ പുറത്തുവന്ന ശബ്ദസന്ദേശത്തിലും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതിലും അന്വേഷണം വേണമെന്നാണ് പരാതിയിലെ ആവശ്യം.

ഇന്ന് (വ്യാഴം) ഉച്ചയോടെയാണ് രാഹുലിനെതിരെ പുറത്തുവന്ന ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഓഡിയോ സന്ദേശങ്ങള്‍ പുറത്തുവന്നത്. വിവിധ മാധ്യമങ്ങളാണ് ശബ്ദരേഖ പുറത്തുവിട്ടത്.

ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ താത്പര്യമില്ലെന്ന് യുവതി പറയുമ്പോള്‍ ‘തന്തയില്ലാത്ത കൊച്ചിനെ വളര്‍ത്താനാണോ ഉദ്ദേശം’ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നത്. തന്തയില്ലാതെ ഒരു കൊച്ച് ഭൂമിയിലേക്ക് പൊട്ടിവീഴുമോ എന്ന് യുവതി തിരിച്ച് ചോദിക്കുന്നുണ്ട്. ആ കൊച്ചിന് ആരെ ചൂണ്ടിക്കാണിക്കും എന്ന ചോദ്യത്തിന് തന്നെ ചൂണ്ടിക്കാണിക്കും എന്ന് യുവതി മറുപടിയും നല്‍കുന്നുണ്ട്.

‘എനിക്കത് ബുദ്ധിമുട്ടാകില്ലേ’ എന്ന് രാഹുല്‍ ചോദിക്കുമ്പോള്‍ ‘അതെങ്ങനെയാണ് തന്റെ ബുദ്ധിമുട്ടാവുക’ എന്നാണ് യുവതി തിരിച്ച് ചോദിച്ചത്. പിന്നെ താന്‍ ഏല്‍ക്കണോ എന്ന് രാഹുല്‍ ചോദിക്കുമ്പോള്‍ ‘തന്നോട് ഇത് ഏല്‍ക്കണമെന്ന് പറഞ്ഞില്ലല്ലോ’ എന്ന് യുവതി തിരിച്ച് ചോദിക്കുന്നുണ്ട്. ‘അത് ഞാന്‍ നോക്കിക്കോളാം, താന്‍ അറിയണ്ട’ എന്ന് യുവതി പറയുന്നിടത്ത് സംഭാഷണം അവസാനിക്കുന്നത്.

എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെക്കുന്നതായി അറിയിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍, തനിക്കെതിരെ പുറത്തുവന്ന ഓഡിയോ സന്ദേശത്തിന്റെ ആധികാരികതയെ അടക്കം ചോദ്യം ചെയ്ത് രാഹുൽ സംസാരിച്ചിരുന്നു. തനിക്കെതിരെ ഉയര്‍ന്ന പരാതികളെല്ലാം രാഹുല്‍ നിഷേധിക്കുകയും ചെയ്തിരുന്നു.

Content Highlight: Police complaint filed against Rahul Mangkootatil for forcing her to have an abortion

We use cookies to give you the best possible experience. Learn more