| Thursday, 7th August 2025, 8:56 pm

അശ്ലീല വാക്കുകളുള്ള പരാതി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നു; മാര്‍ട്ടിന്‍ മേനാച്ചേരിക്കെതിരെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അശ്ലീല സിനിമകളില്‍ അഭിനയിച്ചുവെന്ന് കാണിച്ച് നടി ശ്വേതാ മേനോനെതിരെ പരാതി നല്‍കിയ മാര്‍ട്ടിന്‍ മേനാച്ചേരിക്കെതിരെ പരാതി. കോഴിക്കോട് സ്വദേശിയായ സുധീഷ് പാറയില്‍ എന്ന വ്യക്തിയാണ് മാര്‍ട്ടിനെതിരെ പരാതിപ്പെട്ടത്.

എറണാകുളം സെന്‍ട്രല്‍ പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. ശ്വേതാ മേനോനെതിരായ പരാതിക്ക് പിന്നില്‍ ഗൂഢലക്ഷ്യമാണെന്നും പ്രസ്തുത പരാതിയുടെ കോപ്പി സമൂഹ മാധ്യമങ്ങളിലൂടെ മാര്‍ട്ടിന്‍ തന്നെ പ്രചരിപ്പിക്കുന്നുണ്ടെന്നുമാണ് സുധീഷിന്റെ പരാതി.

ഇന്ന് (വ്യാഴം) രാവിലെ വളരെ യാദൃശ്ചികമായി 300ലധികം ആളുകളുള്ള ഒരു സിനിമാ ഗ്രൂപ്പില്‍ ശ്വേതാ മേനോനെതിരായ പരാതിയുടെ ഒരു കോപ്പി വരികയുണ്ടായെന്ന് സുധീഷ് പാറയില്‍ പറഞ്ഞു.

ഗ്രൂപ്പിലെ ഒരംഗമെന്ന നിലയില്‍ സ്വാഭാവികമായി താന്‍ ആ പരാതി വായിച്ചുനോക്കി. വായിച്ചപ്പോള്‍, വളരെ അശ്ലീലകരമായ പദങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള പരാതിയാണ് അതെന്ന് മനസിലായി.

ഒരു സ്ത്രീയെ അപമാനിക്കാന്‍ നീത്യന്യായ സംവിധാനത്തെ ഒരാള്‍ ഉപയോഗപ്പെടുത്തി എന്നാണ് താന്‍ മനസിലാക്കിയതെന്നും സുധീഷ് പ്രതികരിച്ചു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു സുധീഷിന്റെ പ്രതികരണം.

കൂടാതെ ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ഏതാനും പോണ്‍ സൈറ്റുകള്‍ മാര്‍ട്ടിന്‍ മേനാച്ചേരി പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സുധീഷ് പറയുന്നു. ഇത്തരം സൈറ്റുകളുടെ വിവരലഭ്യത തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും സുധീഷ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ നടപടി ഉണ്ടാകണമെന്നാണ് സുധീഷിന്റെ ആവശ്യം.

നിലവില്‍ ശ്വേതാ മേനോനെതിരായ കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്വേത നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ നടപടി. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കേസെടുത്തിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

ശ്വേതാ മേനോൻ അഭിനയിച്ച കോണ്ടം ബ്രാന്‍ഡായ കാമസൂത്രയുടെ പരസ്യവും കളിമണ്ണ്, പാലേരി മാണിക്യം, രതിനിര്‍വേദം എന്നീ സിനിമകളുമാണ് പരാതിക്കാരന്‍ അശ്ലീല ചിത്രങ്ങളായി ഉന്നയിച്ചിരിക്കുന്നത്.

Content Highlight: Complaint against Shweta is full of obscene words, spreading on social media; Complaint against Martin Menachery

We use cookies to give you the best possible experience. Learn more