| Friday, 2nd January 2026, 3:31 pm

മതപരമായ ഭിന്നിപ്പുണ്ടാക്കുന്നു; വെള്ളാപ്പള്ളി നടേശനെതിരെ പരാതി

രാഗേന്ദു. പി.ആര്‍

കോഴിക്കോട്: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്. മതപരമായ ഭിന്നിപ്പുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. കോഴിക്കോട് ജില്ലാ പ്രസിഡന്റ് സുനന്ദ് ശങ്കറാണ് പരാതി നല്‍കിയിരിക്കുന്നത്.

ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനെ വെള്ളാപ്പള്ളി നടേശന്‍ തീവ്രവാദിയായി ചിത്രീകരിച്ചു. ഇതിലൂടെ സമൂഹത്തിനുള്ളില്‍ വര്‍ഗീയ ചേരിതിരിവിനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പട്ടിട്ടുണ്ട്. സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവനയെ മുന്‍നിര്‍ത്തി കേസെടുക്കണമെന്നാണ് ആവശ്യം. സംസ്ഥാന പൊലീസ് മേധാവിയ്ക്ക് ഇ-മെയില്‍ മുഖേന പരാതി കൈമാറുകയായിരുന്നു.

കഴിഞ്ഞ ദിവസം മലപ്പുറം പരാമര്‍ശത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമങ്ങളോട് വെള്ളാപ്പള്ളി ആക്രോശിക്കുകയും മൈക്ക് തട്ടിമാറ്റുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ മൈക്ക് പിടിച്ചുവലിച്ചുകൊണ്ടായിരുന്നു വെള്ളാപ്പള്ളി പ്രകോപിതനായത്.

മലപ്പുറം അടക്കമുള്ള മൂന്ന് ജില്ലകളില്‍ തങ്ങള്‍ക്ക് സ്‌കൂള്‍ തുടങ്ങാനാകില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. ഇതുസംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകന്‍ റഹീസ് റഷീദിനെയാണ് ഇന്ന് (വെള്ളി) നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വെള്ളാപ്പള്ളി നടേശന്‍ അധിക്ഷേപിച്ചത്.

ഇപ്പോള്‍ പിണറായി സര്‍ക്കാരല്ലേ? എന്തുകൊണ്ട് സ്‌കൂളിന് അനുമതി ലഭിക്കുന്നില്ല? കഴിഞ്ഞ ഒമ്പത് വര്‍ഷമായി അപേക്ഷകള്‍ നല്‍കുന്നില്ലേ? എന്തുകൊണ്ടായിരിക്കും സ്‌കൂളിന് അനുമതി ലഭിക്കാത്തത്? തുടങ്ങിയ ചോദ്യങ്ങളാണ് റഫീസ് ഉന്നയിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ കൈയിലിരുന്ന മൈക്ക് വെള്ളാപ്പള്ളി പിടിച്ചുമാറ്റുകയായിരുന്നു.

ശേഷം ഇന്ന് നടന്ന പത്രസമ്മേളനത്തില്‍ ‘ആ മാധ്യമപ്രവര്‍ത്തകന്‍ ഈരാറ്റുപേട്ടക്കാരനായ തീവ്രവാദിയാണ്. മുന്‍ എം.എസ്.എഫ് നേതാവും മുസ്‌ലിങ്ങളുടെ വക്താവുമാണ്,’ എന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. തന്റെ അനുഭവത്തില്‍ നിന്നാണ് ‘തീവ്രവാദി’ പരാമര്‍ശം നടത്തിയതെന്നും ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ കൈവശമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Content Highlight: Complaint filed against Vellappally Natesan for creating religious division

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more