| Tuesday, 8th July 2025, 4:22 pm

ചിത്രങ്ങൾ നായർ സ്ത്രീകളെ അപമാനിക്കുന്നതെന്ന് ആരോപണം; ചിത്രകാരൻ ടി. മുരളിക്കെതിരെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂർ: സവർണ ദുരാചാരങ്ങളെയും സമ്പ്രദായങ്ങളെയും ചിത്രങ്ങളിലൂടെ മലയാളികൾക്ക് മുന്നിലെത്തിച്ച പ്രശസ്ത ചിത്രകാരൻ ടി. മുരളിക്കെതിരെ ചിത്രങ്ങളിലൂടെ നായർ സ്ത്രീകളെ അപകീർത്തിപ്പെടുത്തിയെന്ന് പരാതി. അദ്ദേഹം തന്നെ പുറത്തുവിട്ട ഓഡിയോ റെക്കോർഡിങ്ങിലൂടെയും കുറിപ്പിലൂടെയുമാണ് വിവരം പുറത്തറിയുന്നത്.

തിരുവനന്തപുരം റൂറൽ പൊലീസ് സ്റ്റേഷന്റെ സൈബർ സെല്ലിൽ നിന്നും പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റേറ്റ്മെന്റ് എടുക്കാനായി തനിക്ക് വന്ന ഓഡിയോ ക്ലിപ്പാണ് അദ്ദേഹം പുറത്ത് വിട്ടത്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ നായർ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലാണെന്നും ഇത് മൂലം ചില ഹിന്ദുക്കൾക്ക് അസ്വസ്ഥതയുണ്ടായെന്നുമാണ് പരാതി.

നമ്പൂതിരി-നായർ സംബന്ധത്തെക്കുറിച്ചുള്ളതും മണാളരെക്കുറിച്ചുള്ളതുമായ ചിത്രങ്ങളാണ് അസഹിഷ്ണുതയുണ്ടാക്കിയതെന്ന് റെക്കോർഡിങ്ങിൽ പറയുന്നത് കേൾക്കാം.

ബ്രാഹ്മണ സംബന്ധം എന്ന് പേരിട്ട ചിത്രം 1993 ൽ കണ്ണൂരിൽ നടത്തിയ ഒരു എക്സിബിഷനിൽ പ്രദർശിപ്പിക്കാൻ വരച്ചതായിരുന്നു. സമൂഹത്തിലെ ഒരു വിഭാഗം മഹത്വവത്ക്കരിച്ച പുരുഷാധിപത്യ തിന്മയായിരുന്നു ബ്രാഹ്മണ സംബന്ധമെന്നും അത് എല്ലാവരിലേക്കും എത്തിക്കാനായിരുന്നു ആ ചിത്രം വരച്ചതെന്നും അദ്ദേഹം പറയുന്നത് കേൾക്കാം.

മണാളർ

മണാളർ എന്ന ചിത്രത്തെക്കുറിച്ചും പരാതി ഉയർന്നിരുന്നു. ലൈംഗിക പരിശീലന കുലത്തൊഴിലിൽ ഏർപ്പെട്ടിരുന്ന ഒരു മുന്തിയ സവർണ നായർ ജാതിക്കാരായിരുന്നു മണാളർ. ഈ വിഭാഗത്തിനെക്കുറിച്ചുള്ള ചിത്രമാണ് മണാളർ. ഇരു ചിത്രങ്ങളും കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നായർമാരുടെ പൂർവചരിത്രമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

ചിത്രങ്ങളിലൂടെ ചിത്രകാരൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയാനുള്ള സാമൂഹിക ബോധം ഇല്ലാത്തവരാണ് ഇത്തരം പരാതികളുമായെത്തുന്നതെന്ന് അദ്ദേഹം വിമർശിച്ചു. മൂന്നുലക്ഷം വർഷം മുമ്പ് ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ പരിണാമത്തിലൂടെ രൂപം കൊണ്ട ഹോമോസാപ്പിയൻസ് എന്ന ഒരു ഒറ്റവംശമാണ് ലോകത്തിൻറെ എല്ലാ ഭൂഖണ്ഡങ്ങളിലും മനുഷ്യരായി അധിവസിക്കുന്നതെന്നും ജാതി-വംശ ദുരഭിമാനങ്ങൾക്ക് ഇവിടെ പ്രസക്തിയില്ല എന്നും അദ്ദേഹം പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ടപ്പോൾ തനിക്കെതിരെ വന്നിരിക്കുന്ന കേസ് ജനാധിപത്യ വിരുദ്ധമാണെന്ന് ടി. മുരളി ഡൂൾന്യൂസിനോട് പറഞ്ഞു.

ബ്രാഹ്മണ സംബന്ധം

‘എനിക്കെതിരെ വന്നിരിക്കുന്ന കേസ് ജനാധിപത്യ വിരുദ്ധമായ ഒരു സംഭവമാണ്. സമൂഹത്തിൽ നിലനിൽക്കുന്ന ഇത്തരത്തിലുള്ള വിവേചനങ്ങളും അടിമത്തങ്ങളും സാംസ്കാരിക പ്രവർത്തകരോ ആർട്ടിസ്റ്റുകളോ തുറന്നുകാണിക്കുമ്പോൾ സൈബർ നിയമങ്ങൾ ഉപയോഗിച്ച് അതിനെ അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഇവിടെ നീതിയും തുല്യതയും സമത്വവുമൊക്കെ ഇല്ലാതായിരിക്കുന്നു,’ അദ്ദേഹം ഡൂൾന്യൂസിനോട് പ്രതികരിച്ചു.

തിരുവിതാംകൂർ രാജഭരണകാലത്തെ അന്യായനികുതികളിൽ പ്രതിഷേധിച്ച് രക്തസാക്ഷിയായ ഈഴവ സ്ത്രീയായ നങ്ങേലിക്ക് സവർണ രൂപത്തിനുപരിയായൊരു മുഖം നൽകിയ ചിത്രകാരനാണ് ടി. മുരളി.

മണാളർ

2016ലായിരുന്നു ടി. മുരളി മണാളർ എന്ന ചിത്രം വരച്ചത്. ബ്രാഹ്മണ കുടുംബത്തിലെ മൂത്ത സന്താനങ്ങൾക്ക് മാത്രമേ ബ്രാഹ്മണരെ വിവാഹം കഴിക്കാൻ അനുവാദമുണ്ടായിരുന്നുള്ളു. ബാക്കിയുള്ളവർക്ക് ബ്രാഹ്മണ സ്ത്രീകളെ വിവാഹം ചെയ്യാൻ അനുവാദമില്ലായിരുന്നു. അതേസമയം അവർ ഇതര ജാതിയിൽ നിന്നും വിവാഹം ചെയ്‌താൽ ഭ്രഷ്ട് കൽപ്പിക്കുകയും ചെയ്യും. എന്നാൽ അവർക്ക് വേശ്യകളുമായി വേഴ്ചയിലേർപ്പെടാനും സാധിക്കും. ഇതിനായി അവർ കണ്ടെത്തിയ മാർഗം ഇതര ജാതിയിലെ ഋതുമതികളായ പെൺകുട്ടികളെ വേശ്യകളാക്കുക എന്നതായിരുന്നു. ഋതുമതികളാവുന്ന ശൂദ്ര, നായർ കന്യകകൾക്ക് വൈശിക തന്ത്രം ഉപദേശിക്കുകയും പ്രായോഗിക പരിശീലനം നൽകുകയുമായിരുന്നു മണാളരുടെ കുലത്തൊഴിൽ. അതായത് മണാളർ, നായർ സ്ത്രീകളെ വേശ്യാവൃത്തി പരിശീലിപ്പിക്കുന്ന ഒരു അധ്യാപകന്റെ ജാതീയ കുലത്തൊഴിലിന്റെ പേരായിരുന്നു. ഇത്തരത്തിൽ വേശ്യയാക്കപ്പെടുന്ന പെൺകുട്ടിയോടൊപ്പം ആദ്യം ശയിക്കുന്നതും മണാളർ ആകും.

Content Highlight: Complaint filed against painter T. Murali alleging that paintings insult Nair women

We use cookies to give you the best possible experience. Learn more