| Monday, 6th April 2026, 11:21 am

വ്യക്ത്യാധിക്ഷേപം; 'ബ്ലൗസ് വലിച്ചുകീറല്‍ വിവാദനായകന്‍' ഡി.സി.സി. അധ്യക്ഷനെതിരെ സി.പി.ഐ.എം നേതാവിന്റെ പരാതി

ആദർശ് എം.കെ.

ഇടുക്കി: രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടെ സ്ത്രീകളെ ഉപയോഗിച്ച് വ്യാജപരാതി നല്‍കാന്‍ ആഹ്വാനം ചെയ്ത ഇടുക്കി ഡി.സി.സി അധ്യക്ഷന്‍ സി.പി മാത്യുവിനെതിരെ പരാതി.

വ്യക്താധിക്ഷേപം നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നും കാണിച്ച് സി.പി.ഐ.എം നേതാവ് ലിസി ജോസഫാണ് ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയത്. തന്നെ സായിപ്പിന്റെ മകളെന്നും വിശുദ്ധയെന്നും വിളിച്ച് അധിക്ഷേപിച്ചെന്നാണ് ലിസി പരാതിയില്‍ പറയുന്നത്.

നേരത്തെയും മാത്യു ഇത്തരത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി കേസില്‍ പ്രതിയായിട്ടുണ്ട്. 2022 ല്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരായ മോശം പരാമര്‍ശത്തിന് പിന്നാലെ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ ഡി.വൈ.എസ്.പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നയിരുന്നു നടപടി. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമായിരുന്നു കേസ്.

കഴിഞ്ഞ ദിവസം ഇടുക്കിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനിടെ വനിതാ നേതാക്കള്‍ ബ്ലൗസ് വലിച്ചുകീറി വ്യാജപരാതി നല്‍കണമെന്ന മാത്യുവിന്റെ ആഹ്വാനം വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

ഇടുക്കി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി റോയി കെ. പൗലോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വാഴത്തോപ്പില്‍ നടന്ന സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഡി.സി.സി അധ്യക്ഷന്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയത്.

രാഷ്ട്രീയ എതിരാളികളെ കുടുക്കാന്‍ സ്ത്രീകളെ മുന്‍നിര്‍ത്തി വ്യാജ തെളിവുകള്‍ സൃഷ്ടിക്കണമെന്ന് പരസ്യമായി ഇയാള്‍ ഒത്തുകൂടി അണികള്‍ക്ക് മുമ്പില്‍ പ്രസംഗിക്കുകയായിരുന്നു.

എതിരാളികളുമായി രാഷ്ട്രീയ സംഘര്‍ഷമുണ്ടാകുമ്പോള്‍ വനിതാ നേതാക്കള്‍ ബ്ലൗസ് സ്വയം വലിച്ചുകീറി പരാതി നല്‍കണമെന്നായിരുന്നു ജില്ലയിലെ കോണ്‍ഗ്രസ് അധ്യക്ഷന്റെ വിചിത്രമായ നിര്‍ദേശം.

ഇയാള്‍ക്കെതിരെ സി.പി.ഐ.എം നേതാവ് കെ.ജെ ഷൈന്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു.

പ്രതിരോധം തീര്‍ക്കാന്‍ ഒരു സ്ത്രീയുടെ ശരീരവും മാനവും കേവലം ആയുധമാക്കുന്ന ഈ ക്രൂരമായ മനോഭാവം കേരളീയ സമൂഹത്തോടുള്ള പരസ്യമായ വെല്ലുവിളിയാണ്. രാഷ്ട്രീയ ലാഭത്തിനായി ഏത് ഹീനമായ വഴിയും സ്വീകരിക്കാന്‍ മടിയില്ലാത്ത ഇത്തരം നേതാക്കള്‍ ജനാധിപത്യത്തിന് തന്നെ വലിയൊരു അപമാനമാണെന്നായിരുന്നു ഷൈനിന്റെ വിമര്‍ശനം.

Content highlight: Complaint filed against Idukki DCC president CP Mathew for insulting femininity.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more