| Monday, 25th May 2026, 12:57 pm

മുഖ്യമന്ത്രിയുടെ ഗുരുവായൂര്‍ സന്ദര്‍ശനത്തില്‍ ആചാരലംഘനമെന്ന് പരാതി; അന്വേഷിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍

ആദര്‍ശ് എം.കെ.

തൃശ്ശൂര്‍: മുഖ്യന്ത്രി വി.ഡി. സതീശന്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ച സമയത്ത് ആചാരലംഘനവും നിയമലംഘനവും നടന്നതായി പരാതി.

മന്ത്രി എ.പി. അനില്‍കുമാറിന്റെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് വി.ഡി. സതീശനും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ഗുരുവായൂര്‍, തൃപ്രയാര്‍ ക്ഷേത്രങ്ങളില്‍ എത്തിയത്.

വി.ഡി. സതീശന്‍ ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് കൊടികളുമായി ക്ഷേത്രത്തിനകത്ത് പ്രവേശിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു എന്നതാണ് പ്രധാന ആരോപണം.

ക്ഷേത്രത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനും നിരോധനമുണ്ടായിരിക്കെ, ചില നേതാക്കള്‍ അവിടെ റീല്‍സ് ചിത്രീകരിച്ചതായും പരാതിയുണ്ട്.

ബി.ജെ.പി നേതാവും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാര്‍ത്ഥിയുമായ അഡ്വ. ബി. ഗോപാലകൃഷ്ണന്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.

ഇതിന് പുറമെ തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലും ആചാരലംഘനമുണ്ടായും പരാതിയുണ്ട്. ചുറ്റമ്പലത്തിനുള്ളിലേക്ക് പ്രവര്‍ത്തകര്‍ ഷര്‍ട്ട് ധരിച്ച് പ്രവേശിച്ചതായാണ് പരാതി.

ഈ സംഭവത്തില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥന്‍ അറിയിച്ചു.

മുദ്രാവാക്യം വിളിച്ചതും കൊടിതോരണങ്ങള്‍ ഉപയോഗിച്ചതും മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട് നാളെ ക്ഷേത്രത്തിലെത്തി അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നേതാക്കള്‍ നിയമപരമായ രീതിയിലാണ് ദര്‍ശനം നടത്തിയതെന്നും അവര്‍ കോടതി ഉത്തരവുകളൊന്നും ലംഘിച്ചിട്ടില്ലെന്നുമാണ് തന്റെ പ്രാഥമിക വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ക്ഷേത്ര പരിസരത്ത് ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും അനുവദനീയമല്ലെന്നും, അതില്‍ എന്തെങ്കിലും നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

Content Highlight: Complaint alleges violation of tradition during Chief Minister VD Satheesan’s visit to Guruvayur

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more