| Saturday, 18th October 2025, 9:16 pm

ശിരോവസ്ത്ര വിലക്ക്; പി.ടി.എ പ്രസിഡന്റ് വിദ്വേഷ പ്രചരണം നടത്തിയെന്ന് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശിരോവസ്ത്രം വിലക്കിയ പള്ളുരുത്തി സെന്റ് റീത്ത സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ജോഷി കൈതവളപ്പിനെതിരെ പൊലീസില്‍ പരാതി. വിദ്വേഷ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പി.ടി.എ ഭാരവാഹിയായ ജമീര്‍ പള്ളുരുത്തിയാണ് പരാതി നല്‍കിയത്.

ശിരോവസ്ത്ര വിലക്ക് വിവാദമായതിനിടെ ജോഷി കൈതവളപ്പില്‍ സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. കാസ അടക്കമുള്ള തീവ്ര ക്രൈസ്തവ സംഘടനകളുടെ പോസ്റ്റുകള്‍ ഉള്‍പ്പെടെ ജോഷി പ്രചരിപ്പിച്ചതായും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിക്കാണ് ജമീര്‍ പള്ളുരുത്തി പരാതി കൈമാറിയത്. പരാതിയില്‍ അന്വേഷണം ആരംഭിക്കാന്‍ പൊലീസിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം ലഭിച്ചതായാണ് വിവരം.

കഴിഞ്ഞ ദിവസം ശിരോവസ്ത്ര വിലക്കില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെ അനുകൂലിച്ച് ജോഷി കൈതവളപ്പില്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.

‘നിയമം എല്ലാവര്‍ക്കും തുല്യം. സ്‌കൂള്‍ അച്ചടക്കം ഉയര്‍ത്തിപ്പിടിച്ച പ്രിന്‍സിപ്പലിന് ഐക്യദാര്‍ഢ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച്, അച്ചടക്കം കാത്തുസൂക്ഷിക്കുകയും എല്ലാവര്‍ക്കും തുല്യമായി ബാധകമായ നിയമങ്ങള്‍ നടപ്പിലാക്കുകയും ചെയ്യേണ്ടത് പ്രിന്‍സിപ്പലിന്റെ പരമമായ ഉത്തരവാദിത്തമാണ്. ഒരു പ്രത്യേക സ്‌കൂളില്‍, വിദ്യാര്‍ത്ഥിക്ക് അനുവദനീയമല്ലാത്ത ഒരു വസ്ത്രം (ഹിജാബ്) ബോധപൂര്‍വം ധരിച്ചെത്തിയതിന്റെ പേരില്‍ പ്രിന്‍സിപ്പല്‍ സ്വീകരിച്ച നിലപാട്, സ്ഥാപനത്തിന്റെ നിയമങ്ങളെയും മതേതര സ്വഭാവത്തെയും ഉയര്‍ത്തിപ്പിടിക്കുന്നതാണ്,’ എന്നായിരുന്നു ജോഷിയുടെ പോസ്റ്റ്.

ഇത്തരത്തില്‍ ഒന്നിലധികം കുറിപ്പുകള്‍ ജോഷി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാസയുടേത് അടക്കമുളള പ്രതികരണങ്ങൾ ഷെയർ ചെയ്തിട്ടുമുണ്ട്.

അതേസമയം കുട്ടിക്ക് താത്പര്യമുള്ള സ്‌കൂളില്‍ പഠന സൗകര്യം ഒരുക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. സംസ്ഥാന വിദ്യാഭ്യാസനയം വെറുതെ ഉണ്ടാക്കിയതല്ല. എന്‍.ഒ.സി നല്‍കാനും അത് പിന്‍വലിക്കാനുമുള്ള അധികാരം സര്‍ക്കാരിനുണ്ടെന്നും മന്ത്രി പ്രതികരിച്ചു.

നേരത്തെ ഹിജാബ് ധരിച്ച് പഠനം അനുവദിക്കാന്‍ നിര്‍ദേശിച്ച സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. പ്രസ്തുത കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

Content Highlight: Complaint alleges that St. ritas palluruthy school PTA president engaged in hate spread

We use cookies to give you the best possible experience. Learn more