| Friday, 17th July 2026, 11:05 am

അഴിയൂരിലെ 17കാരന്റെ ആത്മഹത്യ ലഹരി ഉപയോഗം ആരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ചതിന് പിന്നാലെയെന്ന് സുഹൃത്തിന്റെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടകര: വടകരയില്‍ പതിനേഴുകാരന്‍ അഭിജിത് ആത്മഹത്യ ചെയ്തത് നാട്ടുകാരില്‍ ചിലര്‍ ആള്‍ക്കൂട്ട വിചാരണ നടത്തിയതിന് പിന്നാലെയെന്ന് സുഹൃത്തുക്കള്‍ പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു. അഭിജിതിന്റെ ഒരു സുഹൃത്ത് ഈ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

വടകരക്ക് സമീപം അഴിയൂര്‍ സ്വദേശിയാണ് അഭിജിത്ത്. കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊക്ലി പൊലീസ് സ്റ്റേഷനിലാണ് സംഭവവുമായി ബന്ധപ്പെട്ട് അഭിജിതിന്റെ സുഹൃത്ത് പരാതി നല്‍കിയത്.

മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ എന്ന് പറഞ്ഞ് തന്നെയും സുഹൃത്തുക്കളെയും ഒരു സംഘം ആളുകള്‍ ആക്രമിച്ചതായാണ് അഭിജിത്തിന്റെ സുഹൃത്തിന്റെ പരാതിയില്‍ പറയുന്നത്. ഈ മാസം പത്തിന് (വെള്ളി) ചൊക്ലി മൊന്താല്‍ ബോട്ട് ജെട്ടിക്ക് സമീപം വച്ചായിരുന്നു ആക്രമണമെന്ന് ഇന്നലെ (ജൂലൈ 16, വ്യാഴം) ലഭിച്ച പരാതിയില്‍ ചൊക്ലി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ വ്യക്തമാക്കുന്നു.

ആറ് പേരെ പ്രതികളാക്കിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇവര്‍ ആറ് പേരും ചേര്‍ന്ന് പരാതിക്കാരനെയും മൂന്ന് സുഹൃത്തുക്കളെയും തടഞ്ഞുവെച്ച് കൈകൊണ്ട് അടിച്ചു പരിക്കേല്‍പിച്ചു എന്നും എഫ്.ഐ.ആറില്‍ പറയുന്നു. ആക്രമണം നേരിട്ട് രണ്ട് ദിവസത്തിനുള്ളിലാണ് അഭിജിതിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Content Highlight: Complaint alleges that a 17-year-old from Azhiyur who found dead was distressed after an alleged mob attack

 

Latest Stories

We use cookies to give you the best possible experience. Learn more