| Thursday, 19th February 2026, 9:17 pm

സുസ്ഥിരമായ സമൂഹം കെട്ടിപ്പടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്; ഇന്‍സ്റ്റഗ്രാമിനെതിരായ പരാതിയില്‍ സുക്കര്‍ബര്‍ഗ്

രാഗേന്ദു. പി.ആര്‍

ലോസ് ഏഞ്ചല്‍സ്: മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാം മനപൂര്‍വം കുട്ടികളെ അടിമകളാക്കുന്നുവെന്നത് അടക്കമുള്ള വാദങ്ങള്‍ നിഷേധിച്ച് മെറ്റ സി.ഇ.ഒ സുക്കര്‍ബര്‍ഗ്. കുട്ടികളില്‍ ആസക്തി ഉണ്ടാക്കും വിധത്തിലല്ല ഇന്‍സ്റ്റഗ്രാം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു.

ഒമ്പത് വയസുമുതല്‍ ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് അടിമപ്പെട്ടെന്നും പിന്നീട് വിഷാദരോഗം ഉണ്ടായെന്നും ആരോപിച്ച് കെ.ജി.എം എന്നറിയപ്പെടുന്ന 20കാരി ലോസ് ഏഞ്ചല്‍സ് കൗണ്ടി സുപ്പീരിയര്‍ കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു.

പ്രസ്തുത പരാതിയില്‍ സുക്കര്‍ബര്‍ഗ് ഇന്ന് (വ്യാഴം) കോടതിയില്‍ ഹാജരാകുകയായിരുന്നു. വാദത്തിനിടെ, കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ടാണ് സുക്കര്‍ബര്‍ഗ് ഇന്‍സ്റ്റഗ്രാമിനെതിരായ ആരോപണങ്ങള്‍ നിഷേധിച്ചത്.

സുസ്ഥിരമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിലാണ് താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുമ്പോള്‍ സന്തുഷ്ടത ലഭിക്കാത്തവര്‍ അതിന്റെ ഉപയോഗം നിര്‍ത്തുമെന്നും സുക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.

13 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഇന്‍സ്റ്റഗ്രാം ഇതുവരെ അനുവദിച്ചിട്ടില്ലെന്നും സുക്കര്‍ബര്‍ഗ് വാദിച്ചു. ഒമ്പത് വയസുമുതല്‍ ഇന്‍സ്റ്റഗ്രാമില്‍ അടിമപ്പെട്ടുവെന്ന 20 കാരിയുടെ വാദത്തെ മുന്‍നിര്‍ത്തിയാണ് സുക്കര്‍ബര്‍ഗിന്റെ വാദം.

പ്രായപൂര്‍ത്തിയാകാത്ത ഉപയോക്താക്കളെ തിരിച്ചറിയാന്‍ മെറ്റ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നനും സുക്കര്‍ബര്‍ഗ് പറഞ്ഞു.

ഇതിനിടെ, ഇന്‍സ്റ്റഗ്രാമിന്റെ ഏകദേശം നാല് ദശലക്ഷം ഉപയോക്താക്കള്‍ 13 വയസിന് താഴെയുള്ളവരാണെന്ന് സൂചിപ്പിക്കുന്ന 2018ലെ ഒരു റിപ്പോര്‍ട്ട് ഹരജിക്കാരിയുടെ അഭിഭാഷകന്‍ മാര്‍ക്ക് ലീനിയര്‍ കോടതിയില്‍ സമര്‍പ്പിച്ചു.

ഈ റിപ്പോര്‍ട്ട് പുറത്തുവന്ന കാലയളവില്‍ യു.എസിലെ പത്ത് വയസുമുതല്‍ 12 വയസ് വരെ പ്രായമുള്ളവരില്‍ ഏകദേശം 30 ശതമാനം പേര്‍ക്കും ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടായിരുന്നു.

എന്നാല്‍ പ്രായ നിയന്ത്രണങ്ങള്‍ മറികടന്ന് ഇന്‍സ്റ്റ ഉപയോഗിക്കുന്നവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അത്തരത്തിലുള്ള ഉപയോഗം ശരിയല്ലെന്നാണ് മെറ്റയുടെ നയമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബും മെറ്റ പ്ലാറ്റ്ഫോമുകളുമാണ് കേസില്‍ വിചാരണ നേരിടുന്നത്. സ്നാപ്പ് ചാറ്റും ടിക് ടോക്കും വാദത്തിന് മുമ്പ് തന്നെ നഷ്ടപരിഹാരം നല്‍കി കേസ്ഒത്തുതീര്‍പ്പാക്കിയിരുന്നു.

Content Highlight: Complaint against Instagram; Zuckerberg said Focus is on building a sustainable community

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more