കോട്ടയം: സംവിധായകനും മുന്‍ എം.എല്‍.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ തുറന്നുപറച്ചിലുമായി പരാതിക്കാരി ഡോ. ആശ ആച്ചി ജോസഫ്.
കഴിഞ്ഞ ദിവസം കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പരാതിക്കാരിയായ ആശ ആച്ചിയുടെ തുറന്നുപറച്ചില്‍.
കുഞ്ഞുമുഹമ്മദ് നടത്തിയ അതിക്രമം തെറ്റിദ്ധാരണയുടെ ഭാഗമല്ലെന്നും ഒറ്റപ്പെട്ട പെരുമാറ്റദൂഷ്യമല്ലെന്നും ആശ ആച്ചി പറഞ്ഞു. കുഞ്ഞുമുഹമ്മദിന്റേത് സ്വന്തം സ്ഥാനത്തിന്റെ അധികാരപരമായ നേട്ടം എന്തെന്ന് അറിയുന്ന ഒരാള്‍ നടത്തിയ ബോധപൂര്‍വമുള്ള പ്രവൃത്തിയാണെന്നും ആശ ആച്ചി പ്രതികരിച്ചു.
മലയാള മനോരമയില്‍ എഴുതിയ ലേഖനത്തിലാണ് ആശയുടെ വെളിപ്പെടുത്തല്‍. ‘തൊഴിലിടത്തെ ലൈംഗികാതിക്രമത്തെ അതിജീവിച്ച സ്ത്രീ’ എന്ന് പറഞ്ഞുകൊണ്ടാണ് സംവിധായികയുടെ ലേഖനം തുടങ്ങുന്നത്.
2025ലെ ഐ.എഫ്.എഫ്.കെയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന്റെ ഇടയിലാണ് ആശ ആച്ചി ലൈംഗികാതിക്രമം നേരിട്ടത്. തുടര്‍ന്ന് നവംബര്‍ 24ന് മുഖ്യമന്ത്രിയെ രഹസ്യ കത്തിലൂടെ വിവരമറിയിക്കുകയും രണ്ട് ദിവസത്തിനുള്ളില്‍ പൊലീസ് മൊഴി രേഖപ്പെടുത്തുകയും ചെയ്തു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന ഉറപ്പും നല്‍കി.
എന്നാല്‍ ഡിസംബര്‍ എട്ടിന് ചാനലുകളില്‍ വാര്‍ത്ത വരുന്നതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്നും ആശ ആച്ചി പറഞ്ഞു. ഇതിനിടെ തന്റെ നന്മക്കായി മിണ്ടാതിരിക്കണമെന്ന് ചിലര്‍ ഉപദേശിച്ചുവെന്നും പക്ഷെ മിണ്ടാതിരിക്കുക എന്നത് തന്റെ അന്തസിനുമേല്‍ നടക്കുന്ന രണ്ടാമത്തെ അതിക്രമമായി തോന്നിയെന്നും ആശ കൂട്ടിച്ചേര്‍ത്തു.
തെളിവുകള്‍ സമര്‍പ്പിക്കേണ്ടത് തന്റെ ജോലിയല്ലെന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കാനും ഉണ്ടായാല്‍ നിയമപ്രകാരം പരിഹരിക്കാനുമുള്ള ബാധ്യത അധികാരികളുടേതാണെന്നും ആശ ആച്ചി പറഞ്ഞു.
ഒത്തുതീര്‍പ്പിനായി ശ്രമിച്ചവരോട്, ദയവായി ആ അപമാനത്തില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും സംവിധായിക ആവശ്യപ്പെട്ടു. കേരളത്തോട് സഹതാപമല്ല ഐക്യദാര്‍ഢ്യമാണ് അഭ്യര്‍ത്ഥിക്കുന്നതെന്നും ആശ എഴുതി.
സുരക്ഷ വാഗ്ദാനം ചെയ്യുന്നവര്‍ അതിന്റെ ഉത്തരവാദിത്തം നില്‍ക്കണമെന്ന ആവശ്യം ഉയര്‍ത്താന്‍ കൂടിയാണ് താന്‍ പ്രതികരിച്ചതെന്നും ആശ ആച്ചി വ്യക്തമാക്കി.
Content Highlight: Complainant makes a frank statement against PT Kunjumuhammed