ന്യൂദല്‍ഹി: ഒമാന്‍ ഉള്‍ക്കടലില്‍ മൂന്ന് ഇന്ത്യന്‍ നാവികരെ യു.എസ് സൈന്യം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യു.എസിന് മുന്നില്‍ അനുസരണയുള്ള ഒരു ജോലിക്കാരനെപ്പോലെയാണ് കോംപര്‍മൈസ്ഡ് പ്രധാനമന്ത്രി പെരുമാറുന്നതെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. സമൂഹ മാധ്യമമായ എക്‌സിലായിരുന്നു രാഹുലിന്റെ പ്രതികരണം.
ആക്രമണത്തില്‍ യു.എസ് ഖേദം പ്രകടിപ്പിക്കുകയോ മാപ്പ് പറയുകയോ ചെയ്തിട്ടില്ലെന്നും പകരം അവര്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. യു.എസ് ഈ വിഷയത്തിലുപയോഗിക്കുന്ന ഭാഷ ഒരു സ്വതന്ത്ര രാഷ്ട്രത്തിനും കേട്ട് സഹിച്ചിരിക്കാന്‍ പറ്റാത്തതാണ്. എന്നിട്ടും ഇവിടത്തെ കോംപര്‍മൈസ്ഡ് പ്രധാനമന്ത്രി മിണ്ടാതിരിക്കുകയാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.
‘അമേരിക്കന്‍ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടിട്ട് ഏതാനും ദിവസമായി. ഇതിനിടക്ക് അമേരിക്ക ഖേദം പ്രകടിപ്പിക്കുകയോ മാപ്പ് പറയുകയോ ചെയ്തിട്ടില്ല. അതിന് പകരം അവര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചുകൊണ്ടിരിക്കുകയാണ്,’ രാഹുല്‍ എക്‌സ് പോസ്റ്റില്‍ കുറിച്ചു.
‘അവര്‍ (യു.എസ്) പറയുന്നത് നോക്കൂ. യു.എസിന്റെ സൈനിക ഉത്തരവുകള്‍ ഉടന്‍ അനുസരിക്കണം എന്നാണ് അവര്‍ പറയുന്നത്. ഒരു ലംഘനവും വെച്ചുപൊറുപ്പിക്കില്ല എന്നാണ് അവര്‍ പറയുന്നത്.
ഒരു സ്വതന്ത്ര രാഷ്ട്രത്തിന് ഒരിക്കലും ഈ ഭാഷ കേട്ട് സഹിച്ചിരിക്കാന്‍ പറ്റില്ല. പക്ഷേ നമ്മുടെ കോംപര്‍മൈസ്ഡ് പ്രധാനമന്ത്രി? ഒന്നും മിണ്ടിയില്ല. ആജ്ഞകളനുസരിക്കുന്ന ഒരു ജോലിക്കാരനെ പോലെ നിന്നു, എല്ലാ ഉത്തരവുകളും അനുസരിച്ചു,’ രാഹുലിന്റെ എക്‌സ് പോസ്റ്റില്‍ പറയുന്നു.
പ്രധാനമന്ത്രിക്ക് രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാനാവില്ലെന്നും അദ്ദേഹം രാജ്യത്തെ അപമാനിക്കുകയാണന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. ‘ ഒരു കോംപര്‍മൈസ്ഡ് പ്രധാനമന്ത്രിക്ക് രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാനായി പ്രതിരോധമുയര്‍ത്താനാവില്ല. കാരണം അദ്ദേഹം രാജ്യത്തെ അപമാനിക്കുകയാണ്. അദ്ദേഹം അവരുടെ (യു.എസ്) നിയന്ത്രണത്തിലാണ്,’ രാഹുല്‍ കുറിച്ചു.
രണ്ട് ദിവസം മുമ്പ് കൊല്ലപ്പെട്ട ഒരു ഇന്ത്യന്‍ നാവികന്റെ മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാന്‍ കഴിയായത്തതിനാല്‍ അഴുകിപ്പോയെന്ന് കപ്പലിലെ സംഘാംഗങ്ങള്‍ പറയുന്നതിന്റെ ഒരു വീഡിയോയും രാഹുല്‍ പങ്കുവച്ചിട്ടുണ്ട്. തങ്ങള്‍ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെട്ടെങ്കിലും അനുകൂല നീക്കങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും വീഡിയോയില്‍ കപ്പലിലെ സംഘാംഗങ്ങള്‍ പറയുന്നു.
ഈ വീഡിയോക്കൊപ്പവും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയുടെ നിലപാടിനെ വിമര്‍ശിക്കുന്ന വാചകങ്ങള്‍ കുറിച്ചിട്ടുണ്ട്. കോംപര്‍മൈസ്ഡ് പ്രധാനമന്ത്രി ജനങ്ങളുടെ നിലനില്‍പ് ദുരിത്തിലാക്കിയെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. നാവികന്റെ ഭൗതിക ശരീരം ഉടന്‍ ഇന്ത്യയിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘കോംപര്‍മൈസ്ഡ് പ്രധാനമന്ത്രിയുടെ രാജ്യത്ത് കഴിയുന്നത് ഭാരതീയരെ ദുരിതം നിറഞ്ഞ അവസ്ഥയിലാക്കുന്നു. വിദേശ ശക്തികള്‍ നമ്മുടെ പൗരരെ കൊലപ്പെടുത്തുന്നു. നമ്മുടെ സര്‍ക്കാര്‍ ആജ്ഞകള്‍ പാലിക്കുന്ന ഒരു ജോലിക്കാരനെ പോലെ ഉത്തരവുകള്‍ അനുസരിക്കുന്നു. നമ്മുടെ പൗരരെ നശിക്കാന്‍ വിടുന്നു. ഈ ഇന്ത്യക്കാരനെ ഇപ്പോള്‍ തന്നെ തിരികെ നാട്ടിലെത്തിക്കണം,’ രാഹുല്‍ കുറിച്ചു.
Content Highlight: ‘Compermised PM acts like Obedient servant’: Rahul Gandhi slams PM Modi over US warnings after killing of 3 Indian sailors