ലഖ്നൗ: ശാരീരിക പരിക്കുകള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ല എന്നതുകൊണ്ട് മാത്രം പോക്സോ നിയമപ്രകാരം ഇരയായ വ്യക്തിക്ക് നഷ്ടപരിഹാരം നിഷേധിക്കാന്‍ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി.ജസ്റ്റിസ് ശേഖര്‍ ബി. സറഫ്, ജസ്റ്റിസ് അമിത് കുമാര്‍ റായ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയ്ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ‘റാണി ലക്ഷ്മി ബായി മഹിളാ സമ്മാന്‍ കോഷ്’ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നിഷേധിച്ച ഡിസ്ട്രിക്റ്റ് സ്റ്റിയറിങ് കമ്മിറ്റിയുടെ മുന്‍ തീരുമാനം റദ്ദാക്കിക്കൊണ്ടാണ് കോടതി ഉത്തരവ്. ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ലഭിച്ച് 10 ദിവസത്തിനകം അതിജീവിതയ്ക്ക് 3 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കോടതി അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ലഖ്നൗവിലെ സരോജിനി നഗര്‍ പൊലീസ് സ്റ്റേഷനില്‍ 2022 ഡിസംബര്‍ ഏഴിനാണ് കേസിനാസ്പദമായ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് 2023 ജനുവരി 13ന് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍, പെണ്‍കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ബലപ്രയോഗത്തിലൂടെയുള്ള ലൈംഗിക അതിക്രമം തെളിയിക്കുന്ന തരത്തിലുള്ള ശാരീരിക പരിക്കുകള്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കമ്മിറ്റി നഷ്ടപരിഹാരം തടഞ്ഞുവെക്കുകയായിരുന്നു. ഇതിനെതിരെയാണ് അതിജീവിത കോടതിയെ സമീപിച്ചത്.
പോക്സോ നിയമത്തിലെ സെക്ഷന്‍ 3 പ്രകാരമുള്ള ലൈംഗിക അതിക്രമം നടന്നു എന്ന് സ്ഥാപിക്കാന്‍ ശരീരത്തില്‍ പരിക്കുകളുടെ അടയാളങ്ങള്‍ ഉണ്ടാകണമെന്നത് നിര്‍ബന്ധമില്ലെന്ന് കോടതി വ്യക്തമാക്കി. പരിക്കുകളുടെ അഭാവം കൊണ്ട് മാത്രം അതിക്രമം നടന്നിട്ടില്ല എന്ന് വിലയിരുത്താനാകില്ലെന്നും കോടതി പറഞ്ഞു.
ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്ന ജില്ലാ സ്റ്റിയറിങ് കമ്മിറ്റികള്‍ ഒരു വിചാരണ കോടതിയെപ്പോലെ തെളിവുകള്‍ പുനപരിശോധിക്കാന്‍ മുതിരരുതെന്നും കേസില്‍ എഫ്.ഐ.ആറും കുറ്റപത്രവും സമര്‍പ്പിച്ചു കഴിഞ്ഞാല്‍, അതിജീവിതയ്ക്ക് നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്കാന് അധികാരികള്‍ ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി.
ഇരകളുടെയും അതിജീവിതരുടെയും മാനസിക ആഘാതവും കഷ്ടപ്പാടുകളും ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഇത്തരം ക്ഷേമപദ്ധതികള്‍. അതിനാല്‍ തന്നെ ഇതിലെ വ്യവസ്ഥകള്‍ ഇടുങ്ങിയ ചിന്താഗതിയോടെയല്ല, മറിച്ച് ഉദാരമായ രീതിയിലാണ് വ്യാഖ്യാനിക്കേണ്ടതെന്നും കോടതി ഓര്‍മിപ്പിച്ചു.
ഉത്തര്‍പ്രദേശ് മഹിളാ സമ്മാന്‍ കോഷ് പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് 15 ദിവസത്തിനകവും, ബാക്കി 2 ലക്ഷം രൂപ കുറ്റപത്രം സമര്‍പ്പിച്ച് ഒരു മാസത്തിനകവും നല്‍കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഈ നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് നഷ്ടപരിഹാരം തടഞ്ഞുവെച്ച അധികാരികളുടെ നടപടി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചാണ് ഹൈക്കോടതി ഇരയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചത്.
Content Highlight; Compensation cannot be denied to a POCSO survivor on the grounds that there are no physical injuries: Allahabad High Court