ചെന്നൈ: ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും മെഡിക്കല്‍ പ്രവേശനം നിഷേധിക്കപ്പെട്ടതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത തമിഴ്നാട് സ്വദേശിനി അനിതയുടെ വീട് സന്ദര്‍ശിച്ച് ചലച്ചിത്രതാരം വിജയ്.
നടന്‍മാരായ രജനീകാന്തും കമല്‍ഹാസനും നേരത്തേ അനിതയുടെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടിരുന്നു. നടനും സംഗീതസംവിധായകനുമായ ജി.വി.പ്രകാശ്, സംവിധായകന്‍ പാ.രഞ്ജിത്ത് എന്നിവര്‍ അരിയലൂര്‍ ജില്ലയിലെ കുഴുമൂര്‍ ഗ്രാമത്തിലുള്ള അനിതയുടെ വീട്ടില്‍ സംസ്‌കാരച്ചടങ്ങിന് എത്തിയിരുന്നു.
തമിഴ്നാട്ടില്‍ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിനെതിരായ വിദ്യാര്‍ഥി പ്രക്ഷോഭം കനക്കുന്നതിനിടെയാണ് വിജയ്യുടെ സന്ദര്‍ശനം. അനിതയുടെ വീട്ടിലെത്തിയ വിജയ് മാധ്യമങ്ങളോടൊന്നും പ്രതികരണത്തിന് തയ്യാറായില്ല.
പ്ലസ്ടുവിന് 98 ശതമാനം മാര്‍ക്ക് നേടിയിട്ടും അനിതയ്ക്ക് മെഡിക്കല്‍ പ്രവേശനം ലഭിച്ചിരുന്നില്ല. തമിഴ്നാട്ടില്‍ പ്ലസ്ടു വരെ തമിഴ് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നീറ്റ് പരീക്ഷയിലെ ചോദ്യങ്ങള്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കാട്ടി അനിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മെഡിക്കല്‍ പ്രവേശനം പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വേണമെന്നും ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ഹര്‍ജി കോടതി തള്ളുകയായിരുന്നു.
നീറ്റിനെതിരായ വലിയ പ്രക്ഷോഭമാണ് തമിഴ്‌നാട്ടില്‍ ഉയരുന്നത്. കഴിഞ്ഞ ദിവസങ്ങൡ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ഉപേക്ഷിച്ച് തെരുവിലിറങ്ങിയിരുന്നു. തമിഴ്സിനിമാരംഗത്തുനിന്നും നടന്‍ സൂര്യ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ നീറ്റിനെതിരെ തമിഴ് പത്രങ്ങളില്‍ ലേഖനവും എഴുതിയിരുന്നു.