| Monday, 16th March 2026, 12:46 pm

എത്ര വലിയ പവര്‍ സ്റ്റാറാണെങ്കിലും സുരാജേട്ടന്റെ അത്ര പവറില്ല, പുതിയ ട്രെയ്‌ലറിന് പിന്നാലെ പവന്‍ കല്യാണിന് ട്രോള്‍

അമര്‍നാഥ് എം.

തെലുങ്കിലെ ഏറ്റവും മികച്ച നടനെന്ന് ആരാധകര്‍ മാത്രം അവകാശപ്പെടുന്ന താരമാണ് പവന്‍ കല്യാണ്‍. ചിരഞ്ജീവിയുടെ സഹോദരനെന്ന ലേബലില്‍ സിനിമാലോകത്തേക്ക് കടന്നുവന്ന് ഒരുകാലത്ത് ഇന്‍ഡസ്ട്രിയുടെ മുന്‍നിരയില്‍ തിളങ്ങിനിന്ന പവന്‍ ഇപ്പോള്‍ പലരുടെയും ട്രോള്‍ മെറ്റീരിയലാണ്. രാഷ്ട്രീയ പ്രവേശനത്തിന് ശേഷം പവന്‍ നായകനായെത്തിയ ഒരു സിനിമ പോലും ഹിറ്റായിട്ടില്ല.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഉസ്താദ് ഭഗത് സിങ്ങിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷം പവര്‍ സ്റ്റാര്‍ പൊലീസ് വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പവന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ ഗബ്ബര്‍ സിങ് അണിയിച്ചൊരുക്കിയ ഹരീഷ് ശങ്കറാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.

ആരാധകരെയല്ലാതെ മറ്റാരെയും തൃപ്തിപ്പെടുത്താന്‍ സാധിക്കാത്ത ട്രെയ്‌ലറാണ് ചിത്രത്തിന്റേതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. മലയാളികളും പവനെ നല്ല രീതിയില് ട്രോളുന്നുണ്ട്. ചൈനാ ടൗണ്‍ എന്ന ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ ചന്ദ്രന്‍ വളഞ്ഞവഴി എന്ന കഥാപാത്രവുമായി താരതമ്യം ചെയ്താണ് പവന്‍ സ്റ്റാറിനെ പലരും ട്രോളുന്നത്.

ഉസ്താദ് ഭഗത് സിങ്ങില്‍ നായകന്റെ കണ്ണുകളുടെ ഇന്റന്‍സിറ്റി കാണിക്കുന്ന ഷോട്ടുണ്ട്. ഇതും സുരാജ് വെഞ്ഞാറമൂടിന്റെ സ്‌ക്രീന്‍ഷോട്ടും മിക്‌സ് ചെയ്തുകൊണ്ടാണ് ട്രോള്‍. കണ്ണുകൊണ്ട് പേടിപ്പിക്കാന്‍ ചുരുക്കം ചിലര്‍ക്ക് മാത്രമേ സാധിക്കുള്ളൂവെന്നും സുരാജിന്റെ ഏഴയലത്ത് പവന്‍ കല്യാണ്‍ എത്തിയിട്ടില്ലെന്നും ചിലര്‍ പരിഹസിക്കുന്നുണ്ട്.

ഈ രണ്ട് സ്‌ക്രീന്‍ഷോട്ടുകള്‍ക്കൊപ്പം റാം ചരണിന്റെ സ്‌ക്രീന്‍ഷോട്ടും ട്രോളിലുണ്ട്. മൂന്ന് പേരില്‍ ഏറ്റവും ഗംഭീരം സുരാജ് വെഞ്ഞാറമൂടാണെന്ന് പലരും അഭിപ്രായപ്പെടുന്നു. ട്രോളിന്റെ കമന്റ് ബോക്‌സും രസകരമാണ്. മാസ് ഇന്റന്‍സിറ്റിയാണ് തന്റെ കണ്ണിനെന്ന് കാണിക്കാന്‍ ശ്രമിച്ച് പാളിപ്പോയ വിജയ്‌യുടെ ചില സ്‌ക്രീന്‍ഷോട്ടുകളാണ് കമന്റ് ബോക്‌സില്‍.

യാതൊരു സ്വാഗും തോന്നാത്ത, അഭിനയിക്കാനുള്ള കഴിവില്ലാതെ പവന്‍ കല്യാണ്‍ ഇത്രയും കാലം തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ എങ്ങനെ സൂപ്പര്‍സ്റ്റാറായി പിടിച്ചുനിന്നു എന്ന് ചോദിച്ചുകൊണ്ട് കഴിഞ്ഞദിവസം നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

തമിഴ് പേജുകളും പവനെ വെറുതേ വിടുന്നില്ല. ട്രെയ്‌ലറില്‍ പവന്റെ ഗണ്‍ സീനിനെയാണ് തമിഴ് പേജുകള്‍ ട്രോളുന്നത്. ‘തോക്ക് മര്യാദക്ക് പിടിക്കാനറിയാതെ തലങ്ങും വിലങ്ങും വെടിവെക്കുന്ന ഇയാളാണോ തെലുങ്കിലെ സൂപ്പര്‍സ്റ്റാര്‍’ എന്നാണ് പലരും ചോദിക്കുന്നത്. ബോളിവുഡ് ചിത്രമായ ധുരന്ധര്‍ 2മായുള്ള ക്ലാഷില്‍ ഉസ്താദ് ഭഗത് സിങ് തോറ്റ് തുന്നംപാടുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

Content Highlight: Comparison post between Suraj Venjaramoodu and Pawan Kalyan viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more