ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പ് നടത്തുകയാണ് കാന്താര ചാപ്റ്റര്‍ വണ്‍. ക്യാമറക്ക് മുന്നിലും പിന്നിലും റിഷബ് ഷെട്ടി നിറഞ്ഞാടിയ ചിത്രം ഇതിനോടകം 200 കോടി കളക്ഷന്‍ പിന്നിട്ടിരിക്കുകയാണ്. റിലീസ് ചെയ്ത സെന്ററുകളെയെല്ലാം ജനസാഗരമാക്കിയാണ് ചിത്രം മുന്നോട്ട് കുതിക്കുന്നത്. ആദ്യഭാഗത്തെപ്പോലെ രണ്ടാം ഭാഗവും ഇന്‍ഡസ്ട്രി ഹിറ്റാകുമെന്നാണ് കണക്കുകൂട്ടല്‍.
എന്നാല്‍ കാന്താര ചാപ്റ്റര്‍ വണ്‍ ബ്ലോക്ക്ബസ്റ്ററായതോടെ ചില തമിഴ് പേജുകള്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. കാന്താരയെപ്പോലെ ആഘോഷിക്കപ്പെടേണ്ട ചിത്രമായിരുന്നു കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ കങ്കുവയെന്നാണ് ഈ പേജുകള്‍ അഭിപ്രായപ്പെടുന്നത്. രണ്ട് സിനിമകളുടെയും പ്ലോട്ട് ഏറെക്കുറെ ഒരുപോലെയാണെന്നും ഇവര്‍ അവകാശപ്പെടുന്നു.
കാടിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് കങ്കുവയുടേതെന്നും രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള പകയും പോരാട്ടവും രണ്ട് സിനിമകളിലും കാണാന്‍ സാധിക്കുമെന്നും ഇക്കൂട്ടര്‍ പറയുന്നു. എന്നാല്‍ ‘നല്ല സിനിമകളെ അംഗീകരിക്കാത്ത തമിഴ് പ്രേക്ഷകര്‍ കങ്കുവയെ കൈവിട്ടു, പകരം കാന്താരയെ ആഘോഷിക്കുന്നു’ എന്നും ഇവര്‍ പോസ്റ്റില്‍ പറയുന്നു.
ഗ്രാഫിക്‌സിന്റെ കാര്യത്തിലും സെറ്റുകളുടെ കാര്യത്തിലും കങ്കുവയും കാന്താരയും ഒപ്പത്തിനൊപ്പമാണെന്നും അഭിനേതാക്കളുടെ പ്രകടനവും സമമാണെന്നും ഇവര്‍ അവകാശപ്പെടുന്നു. എന്നിട്ടും കങ്കുവ പരാജയപ്പെട്ടത് സംവിധായകന്റെ കഴിവുകേടാണെന്നും കാന്താര പോലെ ഹിറ്റാകാനുള്ള എല്ലാ ചേരുവയും ചിത്രത്തിലുണ്ടായിരുന്നെന്നും ചില പോസ്റ്റുകള്‍ പറയുന്നു.
എന്നാല്‍ ഇത്തരം പോസ്റ്റുകളെ പരിഹസിച്ചുകൊണ്ടാണ് പല മറുപടികളും. നല്ല ചെരുപ്പും ഓട്ട ചെരുപ്പും കൈയില്‍ പിടിച്ചുകൊണ്ട് ‘രണ്ടും ഒരുപോലെ തോന്നുന്നുണ്ടോ’ എന്ന് സൂരി ചോദിക്കുന്ന മീമാണ് പല പോസ്റ്റിന്റെയും കമന്റില്‍. ‘മറ്റ് ഭാഷയില്‍ ഏതെങ്കിലും സിനിമ ഹിറ്റായാല്‍ അപ്പോള്‍ അതേ തീമിലുള്ള ഫ്‌ളോപ്പ് സിനിമ എടുത്തുകൊണ്ടുവരുന്നത് ഇപ്പോള്‍ ചില തമിഴ് പേജുകളുടെ ട്രെന്‍ഡാണ്’ എന്നും കമന്റുകളുണ്ട്.
‘കാന്താര മുഴുവന്‍ കണ്ടുകഴിഞ്ഞപ്പോള്‍ വന്നത് രോമാഞ്ചമായിരുന്നു. എന്നാല്‍ കങ്കുവ കണ്ടുതീര്‍ത്തപ്പോള്‍ ചെവിയില്‍ നിന്ന് വന്നത് ചോരയാണ്’ എന്നും ട്രോളുകളുണ്ട്. ‘സൂര്യയുടെയും മറ്റ് ടെക്‌നീഷ്യന്മാരുടെയും എഫര്‍ട്ടിനെ ഇല്ലാതാക്കിയ മോശം ചിത്രമാണ് കങ്കുവ‘, ‘നല്ല തീമിനെ എങ്ങനെ സിനിമയാക്കി നശിപ്പിക്കാം എന്നതിന്റെ ഉദാഹരണമാണ് കങ്കുവ‘ എന്നും കമന്റുകളുണ്ട്.
സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത ചിത്രമാണ് കങ്കുവ. രണ്ട് കാലഘട്ടത്തിലെ കഥ പറഞ്ഞ ചിത്രം ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ പരാജയമായി മാറി. 200 കോടി ബജറ്റിലെത്തിയ ചിത്രം 120 കോടിയുടെ നഷ്ടമാണ് നിര്‍മാതാവിന് സമ്മാനിച്ചത്. രണ്ടരവര്‍ഷത്തോളം സമയമെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയത്.
എന്നാല്‍ ഇത് ആദ്യമായല്ല ചില തമിഴ് പേജുകള്‍ ഇത്തരത്തിലുള്ള താരതമ്യപ്പെടുത്തലുകള്‍ നടത്തുന്നത്. ലോകഃ പാന്‍ ഇന്ത്യന്‍ ഹിറ്റായ സമയത്ത് തമിഴില്‍ അധികം ശ്രദ്ധിക്കാതെ പോയ മാവീരന്‍, വീരന്‍ എന്നീ ചിത്രങ്ങളെ പൊക്കിപ്പിടിച്ചുകൊണ്ട് ചില തമിഴ് സിനിമാപേജുകള്‍ രംഗത്തെത്തിയിരുന്നു. മറ്റ് ഇന്‍ഡസ്ട്രികളിലെ വിജയം കണ്ട് ഫ്രസ്റ്റ്രേറ്റഡായിട്ടാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതെന്നാണ് പോസ്റ്റുകളുടെ താഴെ വരുന്ന കമന്റുകള്‍.
Content Highlight: Comparison post between Kantara Chapter One and Kanguva got trolls