| Friday, 3rd October 2025, 6:45 pm

ലോകഃ ഹിന്ദുക്കള്‍ക്കെതിരെയുള്ള വൈറസ്, കാന്താര അതിനുള്ള വാക്‌സിനുമെന്ന് ഹിന്ദുത്വ പേജ്, ഇതുവരെ കരച്ചില്‍ മാറിയില്ലേയെന്ന് കമന്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിലീസ് ദിവസം തന്നെ ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ സ്വന്തമാക്കി മുന്നേറുകയാണ് കന്നഡ ചിത്രം കാന്താര ചാപ്റ്റര്‍ വണ്‍. റിഷബ് ഷെട്ടി സംവിധാനം ചെയ്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമാനുഭവമാണ് കാന്താരയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

2022ല്‍ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായാണ് ചാപ്റ്റര്‍ വണ്‍ ഒരുങ്ങിയത്. കാന്താരയെന്ന സ്ഥലത്തിന് എങ്ങനെ ആ ശക്തി ലഭിച്ചെന്ന കഥയാണ് ചിത്രം പറയുന്നത്. 12ാം നൂറ്റാണ്ടില്‍ നടക്കുന്ന കഥയാണ് സിനിമയുടേത്. മേക്കിങ്ങിലും പെര്‍ഫോമന്‍സിലും ചിത്രം ഒരിടത്തും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ആദ്യ ഭാഗത്തില്‍ കാണിച്ച ഗുളികനും പഞ്ചുരുളിക്കുമൊപ്പം മറ്റൊരു ഭൂതഗണത്തെയും ചിത്രത്തില്‍ കാണിക്കുന്നുണ്ട്.

എന്നാല്‍ കാന്താരയുടെ റിലീസിന് പിന്നാലെ ചിത്രം ഹിന്ദുക്കള്‍ തീര്‍ച്ചയായും കണ്ടിരിക്കണമെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍. അടുത്തിടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ചര്‍ച്ചചെയ്യപ്പെട്ട മലയാള ചിത്രം ലോകഃയെ വിമര്‍ശിച്ചും കാന്താരയെ പുകഴ്ത്തിയും പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം.

ഹിന്ദു രാജാവിനെ വില്ലനായി ചിത്രീകരിക്കുകയും ക്രിസ്ത്യന്‍ മതത്തെ പുകഴ്ത്തുകയും ചെയ്ത ചിത്രമാണ് ലോകഃയെന്നും ഇത്തരം വൈറസ് സിനിമകള്‍ക്ക് ഹിന്ദു സമൂഹം കൊടുക്കുന്ന വാക്‌സിനാണ് കാന്താര പോലുള്ള സിനിമയെന്നുമാണ് പോസ്റ്റ്. സംഘപരിവാറിനെ അനുകൂലിച്ച് മാത്രം പോസ്റ്റിടുന്ന ‘കോസ്‌മോശിവ്’ എന്ന പേജാണ് ഈ പോസ്റ്റ് പങ്കുവെച്ചത്.

എന്നാല്‍ കമന്റ് ബോക്‌സില്‍ പലരും ഇയാള്‍ക്കെതിരെയാണ് സംസാരിക്കുന്നത്. ലോകഃ റിലീസായിട്ട് 30 ദിവസം കഴിഞ്ഞെന്നും 300 കോടിയോളം നേടിയെന്നുമാണ് പലരും കമന്റ് പങ്കുവെച്ചത്. ‘ലോകഃ വലിയ ഹിറ്റായി, ഇവന്റെ കരച്ചില്‍ തീര്‍ന്നില്ലേ’, ‘ലോകഃ 50000 ഷോ കഴിഞ്ഞു, ഇപ്പോഴും അതിന്റെ വിഷമം മാറാത്തത് എന്താ’, എന്നിങ്ങനെയാണ് കമന്റുകള്‍.

രണ്ട് സിനിമയും പറയുന്നത് ഒരേ കാര്യമാണെന്നും വെവ്വേറെ രീതിയിലാണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘ദൈവത്തിന്റെ പേരില്‍ സാധാരണക്കാരെ ദ്രോഹിക്കുന്ന രാജാവിന്റെ കഥയാണ് രണ്ട് സിനിമയിലും പറയുന്നത്, അത് തിരിച്ചറിയാത്ത മണ്ടനാണല്ലോ പോസ്റ്റ്മാന്‍’ എന്നാണ് കമന്റ്. നിരവധിപ്പേര്‍ ഈ കമന്റിന് ലൈക്ക് ചെയ്തിട്ടുണ്ട്.

ലോകഃ റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ സംഘപരിവാര്‍ അനുകൂല പേജുകളില്‍ നിന്ന് വലിയ രീതിയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്നിരുന്നു. ചിത്രം ഹിന്ദുവിരുദ്ധമാണെന്നും ക്രിസ്ത്യന്‍ മതത്തെ വെള്ളപൂശുന്നു എന്നൊക്കെയായിരുന്നു ആരോപണം. ഹിന്ദു നാമധാരിയായ വില്ലനെ കൊണ്ടുവന്നതും ഹിന്ദുവിരുദ്ധമാണെന്നും ഇക്കൂട്ടര്‍ അഭിപ്രായപ്പെട്ടു.

Content Highlight: Comparison post about Lokah and Kantara gone viral in social media

We use cookies to give you the best possible experience. Learn more