| Sunday, 1st February 2026, 6:18 pm

ഹംസയോ വിസാമോ, ആരാണ് ബെസ്റ്റ് സ്‌പൈയെന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

ഹിറ്റായ ഒരു സിനിമ ഒ.ടി.ടിയിലെത്തുമ്പോള്‍ അതേ ഴോണറിലെത്തിയ മറ്റ് സിനിമകളുമായുള്ള താരതമ്യ പോസ്റ്റുകള്‍ പലപ്പോഴും വൈറലാകാറുണ്ട്. അത്തരത്തില്‍ ചര്‍ച്ചയായിരിക്കുകയാണ് ബോളിവുഡ് ചിത്രം ധുരന്ധര്‍. ബോക്‌സ് ഓഫീസില്‍ നിന്ന് 1400 കോടിയിലേറെ നേടിയ ധുരന്ധര്‍ നെറ്റ്ഫ്‌ളിക്‌സിലാണ് സ്ട്രീം ചെയ്യുന്നത്.

ഒ.ടി.ടി റിലീസിന് ശേഷം ധാരാളം പ്രശംസകള്‍ വരുന്നതിനോടൊപ്പം മറ്റ് ചില പോസ്റ്റുകളും വൈറലായിരിക്കുകയാണ്. ബോളിവുഡിനെക്കാള്‍ മുമ്പ് ധുരന്ധര്‍ പോലൊരു സിനിമ തമിഴില്‍ വന്നിട്ടുണ്ടെന്നാണ് ചില പോസ്റ്റുകള്‍. കമല്‍ ഹാസന്‍ സംവിധാനം ചെയ്ത് നായകവേഷം ചെയ്ത വിശ്വരൂപമാണ് ധുരന്ധറുമായി താരതമ്യം ചെയ്യുന്നത്.

ധുരന്ധര്‍ Photo: Screen grab/ Saregama

സ്‌പൈ ത്രില്ലറായ ധുരന്ധറിനെപ്പോലെ ക്ലാസ് ചിത്രമാണ് വിശ്വരൂപമെന്നാണ് തമിഴ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്. കമല്‍ ഹാസന്‍ എന്ന വിഷണറി സംവിധായകന്റെ ഐഡിയയില്‍ വിരിഞ്ഞ വിശ്വരൂപത്തിന് വട്ടംവെക്കാന്‍ ധുരന്ധറിന് സാധിച്ചിട്ടില്ലെന്നാണ് തമിഴ് സിനിമാപേജുകളുടെ വാദം. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങിയ വിശ്വരൂപവും ധുരന്ധറും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും ചില സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നുണ്ട്.

കമല്‍ ഹാസന്‍ അവതരിപ്പിച്ച വിസാം എന്ന കഥാപാത്രവും രണ്‍വീര്‍ സിങ്ങിന്റെ ഹംസ എന്ന കഥാപാത്രവും ചാരന്മാരാണെങ്കിലും രണ്ടുപേരുടെയും ഐഡിയോളജികള്‍ വെവ്വേറെയാണെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. തന്റെ ഐഡന്റിറ്റി പുറത്താകാതിരിക്കാന്‍ ഏതറ്റം വരെയും ശ്രമിക്കുന്ന വിസാമിനും ഹംസക്കും തങ്ങളുടെ ചില ചെയ്തികളില്‍ കുറ്റബോധം തോന്നുന്നുണ്ട്.

വിശ്വരൂപം Photo: Raaj Kamal films International

താന്‍ കാരണം ഒരു നിരപരാധിയുടെ ജീവന്‍ പോയതില്‍ വിസാം സ്വയം കുറ്റപ്പെടുത്തുമ്പോള്‍ മുംബൈ ഭീകരാക്രമണമാണ് ഹംസയുടെ കുറ്റബോധത്തിന് കാരണം. താന്‍ തോക്കെടുത്തു കൊടുത്ത ഒരാള്‍ ഭീകരനായി മാറിയതില്‍ ഹംസ സ്വയം കുറ്റപ്പെടുത്തുന്ന രംഗം ഗംഭീരമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. രണ്ട് സിനിമകളുടെയും ബോക്‌സ് ഓഫീസ് പെര്‍ഫോമന്‍സിലും വ്യത്യാസമുണ്ട്.

ഒരുപാട് വിവാദങ്ങള്‍ക്ക് വഴിവെച്ച വിശ്വരൂപത്തിന്റെ ആദ്യ ഭാഗം വന്‍ വിജയമാവുകയും രണ്ടാം ഭാഗം വന്‍ പരാജയമാവുകയും ചെയ്തു. ആദ്യഭാഗം റിലീസ് ചെയ്ത് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാം ഭാഗം തിയേറ്ററുകളിലെത്തിയത്. റീഷൂട്ടും പിന്നാലെ ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് മാറ്റിയതുമെല്ലാമാണ് വിശ്വരൂപത്തിന് തിരിച്ചടിയായത്.

ധുരന്ധര്‍ Photo: Saregama

എന്നാല്‍ ധുരന്ധറിന്റെ ഷൂട്ട് ഇതിനോടകം പൂര്‍ത്തിയായതാണ്. ഏഴ് മണിക്കൂറോളമുള്ള ചിത്രം രണ്ട് ഭാഗങ്ങളായി ചുരുക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ ഭാഗം കൊണ്ടുതന്നെ ബജറ്റിന്റെ മൂന്നിരട്ടിയോളം ധുരന്ധര്‍ തിരിച്ചുപിടിച്ചിട്ടുണ്ട്. രണ്ടാം ഭാഗത്തിന്റെ കളക്ഷന്‍ നിര്‍മാതാക്കള്‍ക്ക് ലഭിക്കുന്ന ബോണസാകുമെന്ന് ഉറപ്പാണ്.

Content Highlight: Comparison between Vishwaroopam  and Dhurandhar viral after OTT release

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more