| Sunday, 16th August 2026, 8:05 pm

വാരിസില്‍ വിജയ്ക്ക് പാളി, പക്ഷേ വിശ്വനാഥ് ആന്‍ഡ് സണ്‍സില്‍ സൂര്യ വിജയിച്ചു... ഇമോഷന്‍ മുഖ്യം ബിഗിലേ

അമര്‍നാഥ് എം.

ഈ വര്‍ഷം തുടര്‍ച്ചയായ രണ്ടാമത്തെ വിജയത്തിലേക്ക് നടന്നുകയറുകയാണ് സൂര്യ. സമീപകാലത്ത് തുടര്‍പരാജയങ്ങളിലൂടെ തിരിച്ചടി നേടിയ സൂര്യ കറുപ്പിലൂടെ ബോക്‌സോഫീസില്‍ തന്റെ സ്ഥാനം അരക്കിട്ട് ഉറപ്പിച്ചു. ഇപ്പോഴിതാ പുതിയ ചിത്രമായ വിശ്വനാഥ് ആന്‍ഡ് സണ്‍സ് 100 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ്.

തെലുങ്കില്‍ ഹിറ്റുകളൊരുക്കിയ വെങ്കി അട്‌ലൂരിയാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ് അണിയിച്ചൊരുക്കിയത്. തെലുങ്ക് ഫ്‌ളേവറിലുള്ള ഫാമിലി എന്റര്‍ടൈനറാണിത്. ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും പുറത്തിറങ്ങിയത് മുതല്‍ പലരും ഉയര്‍ത്തിയ വിമര്‍ശനമായിരുന്നു വാരിസുമായുള്ള സാമ്യത. വിജയ്‌യെ നായകനാക്കി വംശി പൈദിപ്പള്ളി സംവിധാനം ചെയ്ത വാരിസും ഫാമിലി എന്റര്‍ടൈനറായാണ് ഒരുക്കിയത്.

തിയേറ്ററില്‍ തരക്കേടില്ലാത്ത വിജയം നേടിയെങ്കിലും പ്രേക്ഷകര്‍ക്കിടയില്‍ മോശം പ്രതികരണമാണ് വാരിസ് സ്വന്തമാക്കിയത്. പണക്കാരുടെ കുടുംബത്തിലെ ഇണക്കവും പിണക്കവും ഇമോഷനുകളുമാണ് വാരിസും സംസാരിച്ചത്. ട്രെയ്‌ലറിലെ സാമ്യത മാത്രമേ വാരിസും വിശ്വനാഥും തമ്മിലുള്ളൂ. വാരിസിന് പാളിയ പല ഏരിയകളിലും വിശ്വനാഥ് ആന്‍ഡ് സണ്‍സ് വിജയിച്ചിട്ടുണ്ടെന്ന് പറയാം.

ബിസിനസ് രംഗത്തെ വമ്പനായിട്ടുള്ളവരാണ് ഇരു സിനിമകളിലെയും നായകന്മാര്‍. സഞ്ജയ് വിശ്വനാഥായി സൂര്യയും വിജയ് രാജേന്ദ്രനായി വിജയ്‌യും വേഷമിട്ട രണ്ട് സിനിമകളിലും നായകനെ ആദ്യം തന്നെ കാണിക്കുന്നുണ്ട്. ബില്യണയറായതിനാല്‍ ഗ്രാന്‍ഡ് ഇന്‍ട്രോ തന്നെ ഇരുവര്‍ക്കും ആവശ്യമാണ്. ഒളിമ്പിക്‌സ് ഫൈനലില്‍ പങ്കെടുക്കുന്ന നായകനെ കാണിച്ചുകൊണ്ടാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ് ആരംഭിക്കുന്നത്.

എന്നാല്‍ വാരിസില്‍ വിജയ്ക്ക് നല്‍കിയ ഇന്‍ട്രോ വളരെ മോശമായിരുന്നു. ഗ്രീന്‍ മാറ്റാണെന്ന് എടുത്തറിയുന്ന തരത്തില്‍ മോശം സി.ജി.ഐയാണ് വാരിസില്‍ നല്‍കിയത്. നായകന്റെ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ആദ്യത്തെ 15 മിനിറ്റില്‍ തന്നെ വിശ്വനാഥ് ആന്‍ഡ് സണ്‍സില്‍ സംവിധായകന് സാധിച്ചപ്പോള്‍ ഒരിക്കലും തീരാത്ത പ്രശ്‌നങ്ങളുടെ ഘോഷയാത്രയാണ് വാരിസില്‍.

നായകന്റെ അച്ഛന്റെ അസുഖം, ബിസിനസ് സാമ്രാജ്യം സ്വന്തമാക്കാന്‍ ശ്രമിക്കുന്ന സഹോദരങ്ങള്‍, നായകനെ എതിര്‍ക്കുന്ന വില്ലന്‍ എന്നിങ്ങനെ ഒരുപാട് കോണ്‍ഫ്‌ളിറ്റുകളായിരുന്നു വാരിസില്‍. ഏത് കാര്യത്തില്‍ പ്രാധാന്യം കൊടുക്കണമെന്നറിയാതെ സംവിധായകന്‍ നട്ടംതിരിയുന്നത് ചിത്രത്തില്‍ ഉടനീളം കാണാന്‍ സാധിക്കും.

ചിത്രത്തിലെ വി.എഫ്.എക്‌സാണ് മറ്റൊരു ഫാക്ടര്‍. ഇന്‍ഡോര്‍ സീനുകള്‍ കൂടുതലുള്ള സിനിമകളാണ് വാരിസും വിശ്വനാഥ് ആന്‍ഡ് സണ്‍സും. രണ്ട് സിനിമകളും സെറ്റിട്ട് ഷൂട്ട് ചെയ്തതാണെങ്കിലും വാരിസില്‍ ഗ്രീന്‍ മാറ്റിന്റെ അതിപ്രസരം മുഴച്ചു നില്‍ക്കുന്നുണ്ടായിരുന്നു. ഇത് വിശ്വനാഥിലില്ലാത്തത് പ്രേക്ഷകര്‍ക്ക് ആശ്വാസം നല്‍കി.

നായകന്മാരുടെ പ്രകടനമാണ് മറ്റൊന്ന്. കോമഡി എന്ന് പറഞ്ഞ് വിജയ് കാണിച്ചുകൂട്ടിയ സീനുകള്‍ ഇന്നും ട്രോള്‍ മെറ്റീരിയലാണ്. എന്നാല്‍ വിശ്വനാഥിലേക്ക് എത്തുമ്പോള്‍ കോമഡി സീനില്‍ സൂര്യയുടെ കൈയടക്കത്തോടെയുള്ള പ്രകടനം ഫ്രഷ്‌നസ് സമ്മാനിച്ചു. ഇമോഷണല്‍ സീനില്‍ പിന്നെ ഒരു താരതമ്യത്തിന് പോലും സൂര്യ ഇടം കൊടുത്തിട്ടില്ല. മൊത്തത്തില്‍ പാളിപ്പോയ വാരിസിനെക്കാള്‍ പതിന്മടങ്ങ് മികച്ച ചിത്രമാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ്.

Content Highlight: Comparison between Vijay’s Varisu and Suriya’s Viswanath and Sons movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more