| Monday, 9th March 2026, 3:18 pm

അവസാനിച്ചെന്ന് പ്രേക്ഷകര്‍ മുദ്രകുത്തിയ രണ്ടുപേര്‍; ചര്‍ച്ചയായി മോഹന്‍ലാലും സഞ്ജു സാംസണും

അശ്വിന്‍ രാജേന്ദ്രന്‍

സിനിമാക്കഥകളെ വെല്ലുന്ന ക്ലൈമാക്‌സിനാണ് കഴിഞ്ഞ ദിവസം അഹമ്മദാബാദിലെ ക്രിക്കറ്റ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. ലോകകപ്പ് തുടങ്ങുന്നതിന് തൊട്ട് മുമ്പുള്ള ദ്വിരാഷ്ട്ര സിരീസിലെ അഞ്ച് ടി-20 മത്സരങ്ങളില്‍ കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ സഞ്ജു എന്ന താരത്തിന്റെ ഇന്ത്യന്‍ കുപ്പായത്തിലുള്ള യാത്ര ഏറെക്കുറെ അവസാനിച്ചുവെന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ അതേ ന്യൂസിലന്‍ഡിന്റെ ബൗളര്‍മാരെ തലങ്ങും വിലങ്ങും അതിര്‍ത്തികടത്തി വലിയ സിഗ്നലായിരുന്നു താരം വിമര്‍ശകര്‍ക്ക് നല്‍കിയത്.

തന്റെ കാലം അവസാനിച്ചെന്ന് കരുതിയവര്‍ക്ക് മുമ്പില്‍ വെറും അഞ്ച് കളികൊണ്ട് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അടിച്ച് കാണിച്ചാണ് താരം വേള്‍ഡ് കപ്പിന് തിരശ്ശീലയിട്ടത്. ഇപ്പോഴിതാ താരത്തിന്റെ തിരിച്ചുവരവിനെ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ ജീവിതവുമായി ബന്ധിപ്പിച്ചിട്ടുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സിനിമാ ഗ്രൂപ്പായ മൂവി സ്ട്രീറ്റിലാണ് മോഹന്‍ലാല്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം വിജയ വഴിയിലേക്ക് മടങ്ങിവന്നതിനെയും സഞ്ജുവിന്റെ പ്രകടനത്തെയും താരതമ്യപ്പെടുത്തി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

സഞ്ജു സാംസണ്‍ കപ്പുമായി. Photo: Deepu/ X.com

2019 ല്‍ പുറത്തിറങ്ങിയ ലൂസിഫറിന് ശേഷം 2025 വരെ കാര്യപ്പെട്ട വിജയങ്ങളൊന്നും തന്നെ സ്വന്തമാക്കാന്‍ മോഹന്‍ലാലിന് സാധിച്ചിരുന്നില്ല. ചിത്രത്തിനു ശേഷം തുടര്‍ച്ചയായ പരാജയങ്ങളാണ് ബോക്‌സ് ഓഫീസില്‍ താരത്തിന് നേരിടേണ്ടി വന്നത്. ബിഗ് ബ്രദര്‍, ആറാട്ട്, മലൈക്കോട്ടെ വാലിബന്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങി വമ്പന്‍ ഹൈപ്പിലെത്തിയ ചിത്രങ്ങളെല്ലാം തിയേറ്ററില്‍ തകര്‍ന്നടിയുന്ന കാഴ്ച്ചക്കായിരുന്നു പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്.

ഇതിന് പിന്നാലെ പലരും താരത്തെ ബോഡി ഷെയ്മിങ് വരെ ചെയ്ത് രംഗത്തെത്തിയിരുന്നു. താടി വടിക്കാന്‍ ഇനി കഴിയില്ലെന്നും, താരത്തിന്റെ മുഖത്തെ പേശികള്‍ ഇനി അനങ്ങില്ലെന്നുമായിരുന്നു പലരുടെയും വിമര്‍ശനം. എന്നാല്‍ എല്ലാ പരിഹാസങ്ങളെയും നിലം പരിശാക്കികൊണ്ടാണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ തിയേറ്ററുകളിലെത്തിയത്. മലയാള സിനിമക്ക് സ്വപ്‌നം മാത്രമായിരുന്ന മുന്നൂറ് കോടി തിയേറ്ററുകളില്‍ നിന്നും നേടിയാണ് താരം തന്റെ തിരിച്ചുവരവ് അറിയിച്ചത്.

തൊട്ട് പിന്നാലെ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും മോഹന്‍ലാല്‍ എന്ന നടന് മലയാള പ്രക്ഷകര്‍ക്കിടയിലുള്ള സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു. വലിയ അപ്‌ഡേഷനുകളില്ലാതെ തിയേറ്ററുകളിലെത്തിയ ചിത്രം 200 കോടിയിലധികം നേടിയാണ് ബോക്‌സ് ഓഫീസ് വിട്ടത്. എല്ലാ അര്‍ത്ഥത്തിലും മോഹന്‍ലാല്‍ എന്ന താരത്തെയും അഭിനേതാവിനെയും ഉപയോഗിച്ച ചിത്രമായിരുന്നു തുടരും. പിന്നീട് സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഫീല്‍ ഗുഡ് ചിത്രമായ ഹൃദയപൂര്‍വ്വത്തെയും നൂറ് കോടിയിലെത്തിച്ചാണ് മോഹന്‍ലാല്‍ തന്റെ ശക്തി തെളിയിച്ചത്.

തുടരും. Photo: Cine Loco/ X.com

പിന്നാലെ താടി വടിക്കില്ലെന്ന വിമര്‍ശനത്തിനും താരം മറുപടി കൊടുത്തു. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന L366 എന്ന ചിത്രത്തിന് വേണ്ടി താരം താടി വടിച്ച് പ്രത്യക്ഷപ്പെട്ട ലുക്ക് സോഷ്യല്‍ മീഡിയക്ക് തീയിട്ടിരുന്നു. ഇതിനൊപ്പം മോഹന്‍ലാലിന് സിനിമാ മേഖലയിലെ സമഗ്രസംഭാവനക്കുള്ള രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതും താനാരാണെന്ന് മറന്നവര്‍ക്കുള്ള ഓര്‍മപെടുത്തല്‍ കൂടിയായിരുന്നു.

സമാനമായ സ്ഥിതിവിശേഷമാണ് സഞ്ജു സാംസണും കായികലോകത്ത് കാഴ്ച്ചവെച്ചത്. ദ്വിരാഷ്ട്ര പരമ്പരയില്‍ ഓപ്പണിങ് സ്ഥാനത്ത് തുടര്‍ച്ചയായി പരാജയപ്പെട്ട താരം വേള്‍ഡ് കപ്പില്‍ ഉടനീളം ബെഞ്ചിലിരിക്കേണ്ടി വരുമെന്നായിരുന്നു പലരുടെയും വിലയിരുത്തല്‍. എന്നാല്‍ ടീമിലെ ഇടംകൈയ്യന്മാരുടെ എണ്ണക്കൂടുതല്‍ എതിര്‍ ടീമുകള്‍ മുതലെടുക്കാന്‍ തുടങ്ങിയതോടെ വീണ്ടും അവസരം വീണുകിട്ടിയ സഞ്ജു തന്റെ വിശ്വരൂപം പുറത്തെടുക്കുകയായിരുന്നു, ഫൈനലും സെമിഫൈനലുമടക്കം നിര്‍ണായകമായ മൂന്ന് മത്സരങ്ങളില്‍ ഇന്ത്യയെ സ്വന്തം തോളിലേറ്റിയ താരം മറ്റാര്‍ക്കും മയക്കാനാകാത്ത വിധമാണ് തന്റെ പേര് ഇന്ത്യന്‍ ക്രിക്കറ്റില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്.

ലോകകപ്പിലെ നേട്ടങ്ങള്‍ക്ക് പിന്നാലെ ഐ.പി.എല്ലിലെ വമ്പന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞ ജഴ്‌സിയാണ് താരത്തിനെ കാത്തിരിക്കുന്നത്. അതേസമയം ഷാരൂഖിനും രജിനിക്കുമൊപ്പമുള്ള ജയിലര്‍ അടക്കം വമ്പന്‍ ചിത്രങ്ങള്‍ മോഹന്‍ലാലിന്റെ ലൈനപ്പിലുണ്ട്.

Content Highlight: Comparison between Mohanlal’s film career and Sanju Samson’s Cricket career

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more