| Thursday, 24th September 2026, 11:48 pm

പ്ലൂട്ടോയും ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിളും; തിരക്കഥയില്‍ പാളിപ്പോകുന്ന പരീക്ഷണങ്ങള്‍

അശ്വിന്‍ രാജേന്ദ്രന്‍

ഇന്ത്യയിലെ ആദ്യത്തെ 3ഡി ചിത്രമെന്ന സവിശേഷതയോടെ 1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ മുതല്‍ പരീക്ഷണ ചിത്രങ്ങല്‍ ഒട്ടനവധി പുറത്തിറങ്ങിയ ഇന്‍ഡസ്ട്രിയാണ് മലയാളത്തിലേത്. ഇന്ത്യയിലെ മറ്റ് പല ഇന്‍ഡസ്ട്രികളും സ്ഥിരം പാറ്റേണിലുള്ള ചിത്രങ്ങളില്‍ മാത്രം ചുറ്റിത്തിരിഞ്ഞപ്പോള്‍ മിന്നല്‍ മുരളിയും ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയും അടക്കം സൂപ്പര്‍ ഹീറോ ചിത്രങ്ങള്‍ മലയാളത്തില്‍ പുറത്തിറങ്ങുകയും വലിയ വിജയമായി മാറുകയും ചെയ്തിരുന്നു.

ഇത്തരത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളാണ് നീരജ് മാധവും അല്‍ത്താഫ് സലീമും പ്രധാനവേഷത്തിലത്തിയ പ്ലൂട്ടോയും കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിളും. ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത് ജൂലൈ 30ന് തിയേറ്ററുകളിലെത്തിയ പ്ലൂട്ടോ വഴിതെറ്റി ഭൂമിയിലെത്തുന്ന ഏലിയന്റെ കഥയെ പശ്ചാത്തലമാക്കിയായിരുന്നു ഒരുക്കിയത്. അതേസമയം ശ്യാമിന്‍ ഗിരീഷ് സംവിധാനം ചെയ്ത ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍ അപകടം പറ്റി കോമയില്‍ കിടന്ന യുവാവ് ഒരു അസാധാരണ ശക്തി ലഭിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതിനെ പശ്ചാത്തലമാക്കിയായിരുന്നു ഒരുക്കിയിരുന്നത്.

ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍. Photo: X.com

വലിയ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ ഇരുചിത്രങ്ങള്‍ക്കും എന്നാല്‍ പ്രതീക്ഷിച്ച പോലെ ബോക്‌സ് ഓഫീസില്‍ പെര്‍ഫോം ചെയ്യാന്‍ സാധിച്ചിരുന്നില്ല. മുടക്കുമുതല്‍ പോലും തിരിച്ചുപിടിക്കാന്‍ സാധിക്കാതെ തിയേറ്റര്‍ വിട്ട പ്ലൂട്ടോയുടെ അതേ പാതയിലേക്കാണ് ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിളിന്റെയും പോക്കെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ടെകിനിക്കലി രണ്ട് ചിത്രങ്ങളും മികച്ച നിലവാരം കാഴ്ചവെച്ചെങ്കിലും തിരക്കഥയിലെ പോരായ്മയാണ് ഇവയെ പിന്നോട്ടടിച്ചത്. ഇതിന് മുമ്പ് പലയിടങ്ങളില്‍ കണ്ടുപഴകിയ കഥയാണെങ്കിലും കേരളത്തിലേക്കെത്തുന്ന ഏലിയന്‍ എന്ന രീതിയില്‍ രസകരമായി വികസിപ്പിക്കാന്‍ സാധ്യതയുണ്ടായിരുന്ന കഥയായിരുന്നു പ്ലൂട്ടോയുടേത്. എന്നാല്‍ ഒരിടത്തും പ്രേക്ഷകനെ പിടിച്ചിരുത്താന്‍ സാധിക്കാത്ത വിധത്തില്‍ കഥ മുന്നോട്ട് പോയതോടെ ഒരു പരാജയമായി പ്ലൂട്ടോ മാറുകയായിരുന്നു.

അതേസമയം ചിത്രത്തിന്റെ ടെക്‌നിക്കല്‍ വിഭാഗത്തെ കുറിച്ച് എടുത്തുപറയേണ്ടതാണ്. ഏലിയന്റെ സ്‌പേസ് ഷിപ്പ് കാണിക്കുന്ന രംഗങ്ങളടക്കം അതിഗംഭീരമായി തന്നെ അണിയറപ്രവര്‍ത്തകര്‍ ചിത്രം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ തിരക്കഥയിലെ പാളിച്ചകള്‍ രസംകൊല്ലിയായി മാറുകയായിരുന്നു.

സമാനമായ സ്ഥിതിയാണ് ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിളിന്റെ കാര്യത്തിലും സംഭവിച്ചത്. രണ്ട് വര്‍ഷത്തോളം കോമയില്‍ കിടന്ന ശേഷം ഒരു സൂപ്പര്‍ പവറുമായി ജീവിതത്തിലേക്ക് തിരിച്ചെത്തുന്ന റൂബന്‍ എന്ന കഥാപാത്രത്തെ മികച്ച രീതിയില്‍ തന്നെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്താന്‍ സംവിധായകന് സാധിച്ചിരുന്നു. എന്നാല്‍ കഥാപാത്രത്തിന് ചുറ്റുമുള്ള വേള്‍ഡ് ബില്‍ഡിങ്ങിലാണ് മെഡിക്കല്‍ മിറാക്കിളിന് അടിപതറിയത്.

പ്ലൂട്ടോ. Photo: X.com

എക്‌സ്ട്രാ ഓര്‍ഡിനറി സൂപ്പര്‍ പവര്‍ ലഭിച്ചിട്ടും അതിനൊത്ത കഥാപശ്ചാത്തലമോ വെല്ലുവിളിയോ സൃഷ്ടിക്കാന്‍ രണ്ടാം പകുതിയിലൊരിടത്തും കഴിയുന്നില്ലെന്ന് കാണാം. നായകനായുള്ള സംഗീത് പ്രതാപിന്റെ പ്രകടനം മികച്ചു നിന്നെങ്കിലും ത്രില്ലടിപ്പിക്കാത്ത ചിത്രം ഇതിനോട് നീതി പുലര്‍ത്താതെ പോകുകയായിരുന്നു. അതേസമയം ശബ്ദത്തിന് പ്രാധാന്യം കൊടുക്കുന്ന ചിത്രത്തിന്റെ ടെക്‌നിക്കല്‍ ടീം പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. റൂബന്റെ പോയിന്റ് ഓഫ് വ്യൂവിലൂടെ പ്രേക്ഷകനെയും കൊണ്ടുപോകുന്നതില്‍ ഇത് പ്രധാന പങ്കുവഹിക്കുന്നു.

Content Highlight: Comparison Between Malayalam Movies Pluto and It’s a Medical miracle

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more