| Monday, 27th July 2026, 10:50 pm

ഒറിജിനലിനെക്കാള്‍ മാസ്സായി... കേസരിയെ കടത്തിവെട്ടിയ ജന നായകനിലെ സീനുകള്‍, സ്‌ക്രീനിന് തീയിട്ട ദളപതി- അനിരുദ്ധ് കോമ്പോ

അമര്‍നാഥ് എം.

തമിഴിലെ കളക്ഷന്‍ റെക്കോഡുകളെല്ലാം തകര്‍ക്കുന്നത് ഹോബിയാക്കിയ വിജയ് സിനിമാജീവിതം പൂര്‍ണമായു ഉപേക്ഷിച്ചത് കോളിവുഡ് ഇന്‍ഡസ്ട്രിക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്. പൂര്‍ണമായും രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പ് വിജയ് നായകനായ ചിത്രമാണ് ജന നായകന്‍. അവസാന ചിത്രം ആരാധകര്‍ക്ക് ട്രീറ്റാകുമെന്ന് കരുതിയ പലരും ജന നായകന്റെ ഓരോ അപ്‌ഡേറ്റിലും ചെറുതായി നിരാശപ്പെട്ടു.

തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്കായാണ് ജന നായകന്‍ ഒരുങ്ങിയത്. സ്റ്റാര്‍ഡത്തിന്റെ ഏറ്റവും ഉയരത്തില്‍ നിന്ന വിജയ് അവസാന ചിത്രമായി ഒരു തെലുങ്ക് സിനിമ റീമേക്ക് ചെയ്യുന്നത് ആരാധകരെപ്പോലും അത്ഭുതപ്പെടുത്തി. നന്ദമൂരി ബാലകൃഷ്ണ നായകനായ ഭഗവന്ത് കേസരിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് വിനോദ് തമിഴിലേക്ക് പറിച്ചുനട്ടത്.

ഒറിജിനലിനെ വെല്ലുന്ന ചില സീനുകള്‍ ജന നായകനിലുണ്ടെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. രണ്ട് സിനിമകളും കണ്ടവര്‍ക്ക് ചില സീനുകള്‍ ഒറിജിനലിനെക്കാള്‍ ഗംഭീരമായി അനുഭവപ്പെടുന്നുണ്ട്. അതിന് പ്രധാന കാരണം വിജയ്‌യും അനിരുദ്ധ് നല്‍കിയ സംഗീതവുമാണ്. ഒറിജിനലിനെക്കാള്‍ ഒരുപടി മേലെ നിന്ന സീനുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഭഗവന്ത് കേസരിയില്‍ തന്റെ മകളെ ശല്യപ്പെടുത്തുന്ന നേതാവിന്റെ മകനെ അവന്റെ വീട്ടിലെത്തി നായകന്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. താന്‍ ആരായിരുന്നെന്നും എന്തൊക്കെ ചെയ്തിട്ടുണ്ടെന്നുമുള്ള ഭഗവന്ത് കേസരിയുടെ ഡയലോഗ് കേട്ട് വില്ലന്‍ പേടിച്ച് വിറക്കുന്നതായാണ് തെലുങ്കില്‍ കാണിച്ചത്. എന്നാല്‍ തമിഴില്‍ ഈ സീനില്‍ വില്ലന്മാരുടെ ഗ്യാങ്ങിലെ ഒരുവന്‍ നായകന്റെ ഫ്‌ളാഷ്ബാക്ക് പറയുകയാണ്.

തന്റെ ഗ്രാമത്തെ ആക്രമിക്കാനെത്തിയ വില്ലന്മാരുട ഗ്യാങ്ങിനെ ദളപതി ഒറ്റക്ക് നേരിട്ടെന്ന് പറയുന്ന സീന്‍ തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി. അഞ്ച് മിനിറ്റുള്ള ഈ ഫ്‌ളാഷ്ബാക്ക് സീനില്‍ വിജയ്‌യുടെ ഓറ അന്യായമായിരുന്നു. അതിന് ഡബിള്‍ ഇംപാക്ട് നല്‍കിയ അനിരുദ്ധിന്റെ രാവണ മവന്‍ഡാ എന്ന ഗാനവും രോമാഞ്ചം സമ്മാനിച്ചു.

വില്ലനുമായുള്ള ഫ്‌ളാഷ്ബാക്കില്‍ ദളപതി പൊലീസായി ചാര്‍ജെടുക്കുന്ന സീനും അതിന്റെ സെറ്റിങ്ങും ഗംഭീരമായിരുന്നു. കണ്ണകിയുടെ പ്രതിമയും അതിനിടയിലൂടെ വിജയ്‌യെ കാണിച്ചതും മാസിന്റെ അങ്ങേയറ്റമായിരുന്നു. ആസ് യൂഷ്വല്‍ അനിരുദ്ധ് ഈ സീനിലും തന്റെ പണി കൃത്യമായി ചെയ്തിട്ടുണ്ട്. വിജയ് എന്ന താരത്തിന്റെ സ്‌ക്രീന്‍ പ്രസന്‍സും മാസും വാക്കുകള്‍ക്കതീതമായിരുന്നു.

ഇന്റര്‍വെല്ലില്‍ ഭഗവന്ത് കേസരിയും ജന നായകനും സമാസമമാണെന്ന് തോന്നി. ഒരുഭാഗത്ത് ബാലയ്യയുടെ സീനിന് തമന്‍ മാക്‌സിമം മാസ് ബി.ജി.എം നല്‍കുമ്പോള്‍ ഇപ്പുറത്ത് ദളപതിക്ക് റോക്ക്‌സ്റ്റാര്‍ വക കൊലകൊല്ലി ബി.ജി.എമ്മുമായി കട്ടക്ക് നില്‍ക്കുന്നുമുണ്ട്.

Content Highlight: Comparison between Jana Nayagan and Bhagavanth Kesari

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more