സമീപകാലത്ത് ഒരു മാസ് സിനിമക്ക് കിട്ടാവുന്നതില് വെച്ച് ഏറ്റവും വലിയ ട്രോളുകളാണ് ഖലീഫക്ക് ലഭിക്കുന്നത്. പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസില് കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും ട്രോളന്മാരുടെയടുത്ത് നിന്ന് രക്ഷപ്പെടുന്നില്ല. ഒ.ടി.ടി റിലീസിന് പിന്നാലെ ഓരോ സീനും ഡയലോഗും ഇതിനോടകം ട്രോളന്മാരുടെ ഇരയായി മാറി.
ചിത്രത്തിന്റെ റിലീസിന് മുമ്പ് ഹൈപ്പുയര്ത്തിയ ഘടകങ്ങളിലൊന്നായിരുന്നു മോഹന്ലാലിന്റെ സാന്നിധ്യം. രണ്ട് ഭാഗങ്ങളിലായി ഒരുക്കാനുദ്ദേശിച്ച ചിത്രത്തിന്റെ ആദ്യഭാഗത്തില് ചെറിയ വേഷമായിരുന്നു മോഹന്ലാലിന്. ചിത്രത്തിലുടനീളം വലിയ ഹൈപ്പ് നല്കി അവതരിപ്പിച്ച കഥാപാത്രമായിരുന്നു മോഹന്ലാലിന്റെ മാമ്പറക്കല് അഹമ്മദ് അലി.
എന്നാല് ഒ.ടി.ടിയിലെത്തിയതിന് പിന്നാലെ ഈ കാമിയോയെ വലിച്ചുകീറുകയാണ് സോഷ്യല് മീഡിയ. വന്നവനും നിന്നവനും പൊക്കിയടിച്ച ഇന്റര്നാഷണല് ഡോണ് മാമ്പറക്കല് അഹമ്മദ് അലിയെ ഇന്ത്യന് 2ലെ സേനാപതിയുമായാണ് ചിലര് താരതമ്യം ചെയ്യുന്നത്. പ്രായം തളര്ത്താത്ത രണ്ട് താത്തമാര് എന്നാണ് ഇരുവരെയും ട്രോളന്മാര് വിശേഷിപ്പിക്കുന്നത്.
രണ്ട് പേര്ക്കും കണക്കുകളനുസരിച്ച് 90 വയസിന് മേലെ പ്രായമുണ്ടാകുമെന്നും എന്നാല് കണ്ടാല് അത്രയും പറയിക്കില്ലെന്നുമാണ് പ്രധാന സാമ്യത. രണ്ട് കഥാപാത്രങ്ങളുടെയും തിരിച്ചുവരവ് അനാവശ്യമാണെന്നും ചിലര് കമന്റ് പങ്കുവെക്കുന്നുണ്ട്. വിളിച്ചുവരുത്തിയവര് തന്നെ പറഞ്ഞുവിട്ട ഇന്ത്യന് താത്ത ഒരുപടി മുന്നിട്ട് നില്ക്കുമെന്നും ചിലര് പരിഹസിക്കുന്നു.
രണ്ട് കഥാപാത്രങ്ങളുടെയും പ്രായമായ ഗെറ്റപ്പിന്റെ ഗെറ്റപ്പും ട്രോള് മെറ്റീരിയലായി മാറിയിട്ടുണ്ട്. മുടി നീട്ടി വളര്ത്തിയ കമല് ഹാസന്റെ ലുക്ക് ട്രോളന്മാരുടെ ഒരാഴ്ചത്തെ ഇരയായിരുന്നു. താടിയും മുടിയും നരപ്പിച്ച് സാന്റാ ക്ലോസിനെപ്പോലെയാക്കി എന്നാണ് അഹമ്മദ് അലിയുടെ ഗെറ്റപ്പിന് ലഭിക്കുന്ന ട്രോളുകള്. കൊടുത്ത ഹൈപ്പിനോട് ഒട്ടും നീതി പുലര്ത്താത്ത പ്രസന്റേഷനായിരുന്നു അഹമ്മദ് അലിയുടേത്.
ഇന്ദിരാ ഗാന്ധിക്ക് അരമണിക്കൂര് പോലും കസ്റ്റഡിയില് വെക്കാന് പറ്റാത്ത അഹമ്മദ് അലി കഴിഞ്ഞ 24 വര്ഷമായി നേപ്പാളിലെ ജയിലിലായിരുന്നു എന്ന് എഴുതിവെച്ചത് മുട്ടന് കോമഡിയാണെന്ന് പലരും കമന്റ് പങ്കുവെക്കുന്നു. കുടുംബത്തില് നടക്കുന്ന എല്ലാ കാര്യവും അറിയാറുണ്ടെന്ന് പറയുന്ന അഹമ്മദ് അലിക്ക് സ്വന്തം മകന്റെ മരണം തടയാന് സാധിക്കാത്തത് മറ്റൊരു കോമഡിയാണെന്നും കമന്റുകളുണ്ട്.
Content Highlight: Comparison between Indian 2 Kamal Haasan and Mohanlal in Khalifa viral