| Monday, 29th June 2026, 7:18 am

അന്ന് ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍... ഇന്ന് രാസലീല, മൂന്നാം ഭാഗം ഹൊറര്‍ ഴോണറാക്കുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുമോ?

അമര്‍നാഥ് എം.

തിയേറ്ററില്‍ പരാജയപ്പെട്ട ഒരു സിനിമ ഒ.ടി.ടി റിലീസിന് ശേഷം ശ്രദ്ധിക്കപ്പെടുക, അതിന് പിന്നീട് രണ്ടാം ഭാഗം ഒരുങ്ങുകയും സൂപ്പര്‍ഹിറ്റാവുകയും ചെയ്യുക എന്ന അപൂര്‍വതയായിരുന്നു ഭരതനാട്യത്തിനും മോഹിനിയാട്ടത്തിനും ലഭിച്ചത്. ആടിന് ശേഷം ഇത്തരത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ചിത്രമായി ഭരതനാട്യം മാറുകയായിരുന്നു.

കഴിഞ്ഞദിവസം നടന്ന മോഹിനിയാട്ടത്തിന്റെ വിജയാഘോഷവേളയില്‍ ഭരതനാട്യത്തിന്റെ മൂന്നാം ഭാഗവും അനൗണ്‍സ് ചെയ്തു. രാസലീല എന്നാണ് മൂന്നാം ഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്. ആദ്യത്തെ രണ്ട് ഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി മൂന്നാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ സംവിധായകന്‍ ഴോണറില്‍ വ്യത്യാസം വരുത്തിയിട്ടുണ്ട്.

ആദ്യഭാഗം ഫീല്‍ ഗുഡായും രണ്ടാം ഭാഗം ഡാര്‍ക്ക് കോമഡിയായും ഒരുക്കിയ കൃഷ്ണദാസ് മുരളി ഇത്തവണ ഹൊറര്‍ ഴോണറിനെയാണ് കൂട്ടുപിടിച്ചതെന്ന് അനൗണ്‍സ്‌മെന്റ് വീഡിയോ സൂചന നല്‍കുന്നു. ഭരതന്‍ നായരുടെയോ ഗോവിന്ദരാജയുടെയോ ആത്മാവ് ശശിധരനും കുടുംബത്തിനും നല്‍കുന്ന പണിയാകും ചിത്രത്തിന്റെ കഥയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

രാസലീലയുടെ അനൗണ്‍സ്‌മെന്റിന് പിന്നാലെ പലരും ചര്‍ച്ചയാക്കുന്നത് 2010ല്‍ പുറത്തിറങ്ങിയ ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ ആണ്. ഹരിഹര്‍ നഗര്‍ ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമായിരുന്നു ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍. ആദ്യ രണ്ട് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഹൊറര്‍ കോമഡി ഴോണറിലാണ് ലാല്‍ മൂന്നാം ഭാഗം അണിയിച്ചൊരുക്കിയത്. ചിത്രം വന്‍ വിജയമാവുകയും ചെയ്തു.

ഈ ചരിത്രം രാസലീലക്കും ആവര്‍ത്തിക്കാനാകുമോ എന്നാണ് സിനിമാപ്രേമികള്‍ ഉറ്റുനോക്കുന്നത്. ഒരുപാട് സാധ്യതകള്‍ക്കുള്ള വാതിലാണ് മോഹിനിയാട്ടത്തിലൂടെ കൃഷ്ണദാസ് മുരളി തുറന്നിട്ടത്. ഭരതന്‍ നായര്‍ ചെയ്തുവെച്ച കാര്യങ്ങളെല്ലാം അത്രക്ക് വലുതാണ്. ഭരതന്‍ നായരുടെ പാസ്റ്റും ഗോവിന്ദരാജയുമൊത്തുള്ള ഉഡായിപ്പുകളും മറ്റൊരു സിനിമക്കുള്ള വകുപ്പുണ്ട്.

രാസലീല എന്ന ടൈറ്റിലും സിനിമാപേജുകളില്‍ ചര്‍ച്ചയാണ്. ഉത്തരേന്ത്യയിലെ ഒരു കലാരൂപമാണ് രാസലീല. ഈയൊരു ടൈറ്റില്‍ നല്‍കിയതോടെ മൂന്നാം ഭാഗത്തില്‍ പാന്‍ ഇന്ത്യന്‍ ലെവലിലുള്ള വലിയ പണിയാകും ശശിധരനെ തേടിയെത്തുക എന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്. 2028ലാകും രാസലീല തിയേറ്ററുകളിലെത്തുക.

Content Highlight: Comparison between In Ghost House Inn and Rasaleela movie after its announcement

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more