| Tuesday, 10th November 2026, 5:50 pm

രണ്‍ബീറും പ്രഭാസുമല്ല, ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും കിടിലന്‍ രാമന്‍ ബാലയ്യയെന്ന് ആരാധകര്‍; രാമായണക്ക് പിന്നാലെ ചര്‍ച്ചയായി ശ്രീരാമരാജ്യം

അമര്‍നാഥ് എം.

തിയേറ്ററില്‍ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് ബോളിവുഡ് ചിത്രം രാമായണ. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങിയ രാമായണ ഇതിനോടകം ബോക്‌സ് ഓഫീസില്‍ നിന്ന് 500 കോടിക്ക് മുകളില്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി രാമായണ മാറുമെന്നാണ് കണക്കുകൂട്ടല്‍.

ബോളിവുഡ് സൂപ്പര്‍താരം രണ്‍ബീര്‍ കപൂറാണ് രാമനായി വേഷമിട്ടത്. റിലീസിന് മുമ്പ് രണ്‍ബീറിന്റെ കാസ്റ്റിങ്ങിനെ വിമര്‍ശിച്ചവര്‍ക്ക് പെര്‍ഫോമന്‍സിലൂടെ താരം മറുപടി നല്‍കി. രാമനായി കൈയടക്കമുള്ള പ്രകടനമാണ് രണ്‍ബീര്‍ കാഴ്ചവെച്ചത്. യഷിന്റെ രാവണന്‍ കൈയടി മുഴുവന്‍ നേടിയെങ്കിലും രണ്‍ബീറിന്റെ പ്രകടനത്തെ ആരും വിമര്‍ശിച്ചിട്ടില്ല.

എന്നാല്‍ രാമായണക്ക് പിന്നാലെ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും നന്നായി രാമനെ അവതരിപ്പിച്ചത് ആരാണെന്ന ചര്‍ച്ചയാണ് സിനിമാപേജുകളില്‍. രാമാനന്ദ് സാഗറിന്റെ രാമായണം സീരിയലിലെ അരുണ്‍ ഗോവിലാണ് പലരുടെയും ഫേവറെറ്റ്. 2000ന് ശേഷം രാമായണത്തെ ആസ്പദമാക്കി വന്ന സിനിമകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണയാണെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്.

ബാപ്പു സംവിധാനം ചെയ്ത് 2011ല്‍ പുറത്തിറങ്ങിയ ശ്രീ രാമരാജ്യത്തില്‍ രാമനായി വേഷമിട്ടത് ബാലയ്യയായിരുന്നു. മലയാളികള്‍ക്ക് ട്രോളുകളിലൂടെ പരിചിതമായ താരമാണ് ബാലകൃഷ്ണ. ലോജിക്കില്ലാത്ത ആക്ഷനുകളും പകുതി പ്രായം മാത്രമുള്ള നായികമാര്‍ക്കൊപ്പമുള്ള റൊമാന്‍സുമെല്ലാമാണ് ബാലയ്യയെ ട്രോള്‍ മെറ്റീരിയലാക്കിയത്. എന്നാല്‍ ട്രോളിയവരെപ്പോലും ഞെട്ടിച്ച പ്രകടനമാണ് ശ്രീ രാമരാജ്യത്തില്‍ ബാലയ്യ കാഴ്ചവെച്ചത്.

കയ്യടക്കമുള്ള പെര്‍ഫോമന്‍സ് കൊണ്ട് ബാലയ്യ വിമര്‍ശകരെക്കൊണ്ട് പോലും കൈയടിപ്പിച്ചിരുന്നു. 15 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു രാമായണ ബോക്‌സ് ഓഫീസില്‍ കുതിക്കുമ്പോള്‍ ബാലകൃഷ്ണയും ചര്‍ച്ചയാവുകയാണ്. രാമായണയിലെ ഉത്തര കാണ്ഡത്തെ ആസ്പദമാക്കിയാണ് ശ്രീ രാമ രാജ്യം ഒരുങ്ങിയത്. ചിത്രം ഹിറ്റാവുകയും ചെയ്തു.

ഏറ്റവും മികച്ച രാമന്‍ ആരാണെങ്കിലും ഏറ്റവും മോശം രാമന്‍ ആദിപുരുഷിലെ പ്രഭാസാണെന്നും കമന്റുകളുണ്ട്. 700 കോടിക്കടുത്ത് ചെലവഴിച്ച് കാര്‍ട്ടൂണുകളെ തോല്പിക്കുന്ന തരത്തിലെടുത്ത സിനിമ ആരാധകര്‍ക്കും പ്രഭാസിനും ലൈഫ്‌ടൈം ട്രോമയാണ് സമ്മാനിച്ചത്. രാമായണയുടെ വിജയത്തിന് പിന്നാലെ ആദിപുരുഷിന്റെ സംവിധായകന്‍ ഓം റാവത്ത് എയറിലാവുകയും ചെയ്തിരുന്നു.

Content Highlight: Comparison between Adipurush Ramayana and Sri Rama Rajyam movie viral in social media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more