ആദ്യഭാഗം പരാജയമായിട്ടും ഒ.ടി.ടിയില്‍ പ്രേക്ഷകര്‍ നല്‍കിയ പിന്തുണ ഇന്ധനമാക്കിക്കൊണ്ട് സംവിധായകനായ കൃഷ്ണദാസ് മുരളി ഒരുക്കിയ ചിത്രമായിരുന്നു ഭരതനാട്യം 2 മോഹിനിയാട്ടം. മുപ്പത്തി രണ്ട് കോടിയോളം നേടി തിയേറ്റര്‍ വിട്ട ചിത്രത്തിന് ഒ.ടി.ടിയിലും മികച്ച പ്രതികരണാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 2026ല്‍ ഇറങ്ങിയതില്‍ ഏറ്റവും മികച്ച ചിത്രമെന്നാണ് മോഹിനിയാട്ടത്തെ പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത്. ഡാര്‍ക്ക് ഹ്യൂമര്‍ ഴോണില്‍ പെടുന്ന ചിത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള പല ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
ആദ്യ ഭാഗത്തിലേതുപോലെ തന്നെ കോമഡി ഴോണറിലാണ് ചിത്രം ഒരുക്കിയതെങ്കിലും ഡാര്‍ക്ക് ഹ്യൂമറടക്കം പല തലങ്ങള്‍ ചിത്രത്തില്‍ വന്നുപോകുന്നുണ്ട്. ആദ്യഭാഗത്തില്‍ നിന്നും വ്യത്യസ്തമായി ഒരു കൊലപാതകത്തെ ചുറ്റിപറ്റിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൈജു കുറുപ്പ് അവതരിപ്പിച്ച ശശിധരനും കുടുംബവും ഗോവിന്ദരാജ എന്ന സുരാജ് കഥാപാത്രത്തെ കൊലപ്പെടുത്തുകയും പിന്നീട് പൊലീസില്‍ പിടിക്കപ്പെടാതിരിക്കാനായി ചെയ്ത് കൂട്ടുന്ന തത്രപാടുകളുമാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. വലിയ ശിക്ഷ അനുഭവിക്കേണ്ടി വരുന്ന കൊലപാതകമാണ് ഇവര്‍ ചെയ്യുന്നതെങ്കിലും നര്‍മത്തിന്റെ അകമ്പടിയോടെയാണ് സംവിധായകന്‍ ഇതിനെയെല്ലാം അവതരിപ്പിച്ചിരിക്കുന്നതെന്ന് കാണാം.
ഭരതനാട്യം 2 മോഹിനിയാട്ടം. Photo: IMDB
ഗോവിന്ദരാജയുടെ ശവശരീരം കഷ്ണങ്ങളായി വെട്ടിമുറിച്ച് കോഴി വേസ്റ്റിനൊപ്പം നിക്ഷേപിക്കുകയും, തെരുവ് നായ്ക്കള്‍ക്ക് തിന്നാന്‍ കൊടുക്കുകയും കുക്കറില്‍ ഇട്ട് വേവിക്കുന്നതുമെല്ലാം ഹാസ്യത്തിന്റെ മേമ്പൊടിയില്ലാതെ ആലോചിക്കുമ്പോള്‍ കൊടും കുറ്റമാണെന്ന് മനസിലാക്കാം. എന്നാല്‍ അവതരിപ്പിച്ച രീതി വ്യത്യസ്തമായത് കൊണ്ട് ഇത്തരത്തില്‍ ഉള്ള ചിന്തകളിലേക്ക് പലരും കടക്കുന്നില്ലെന്ന് കാണാന്‍ സാധിക്കും. തമാശയോടെയാണെങ്കിലും ചിത്രത്തില്‍ കാണിക്കുന്നത് കുറ്റകൃത്യം തന്നെയാണെന്ന് പലരും ഓര്‍മപ്പെടുത്തുന്നു.
മലയാളത്തില്‍ പുറത്തിറങ്ങിയ മറ്റ് രണ്ട് ചിത്രങ്ങളുമായാണ് സിനിമാ പ്രേക്ഷകര്‍ മോഹിനിയാട്ടത്തെ താരതമ്യപ്പെടുത്തുന്നത്. ഇതില്‍ ഒന്ന് മലയാളത്തിലെ എക്കാലത്തെയും മികച്ച ക്രൈം ത്രില്ലറായ ദൃശ്യം ആണെങ്കില്‍ മറ്റൊന്ന് അഭിനവ് സുന്ദര്‍ നായിക്ക് സംവിധാനം ചെയ്ത മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് ആണ്. ദൃശ്യത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ് കുട്ടി എന്ന കഥാപാത്രം തന്റെ കുടുംബത്തെ രക്ഷിക്കാന്‍ ഒരു കൊലക്കുറ്റം മറച്ചുവെക്കുകയാണെങ്കില്‍ മുകുന്ദനുണ്ണിയില്‍ താന്‍ ആഗ്രഹിച്ചത് നേടാന്‍ ആരെയും വക വരുത്താന്‍ മടിക്കാത്ത കഥാപാത്രത്തെയാണ് സംവിധായകന്‍ അവതരിപ്പിച്ചത്. ഇരുകഥാപാത്രങ്ങളും ചെയ്യുന്നത് തെറ്റാണെന്ന് അറിയാമെങ്കിലും കഥയുടെ രീതി കാരണം ഇവര്‍ക്കൊപ്പം നില്‍ക്കുകയാണ് പ്രേക്ഷകര്‍ ചെയ്യുന്നത്.
മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്. Photo: IMDB
2024ല്‍ പുറത്തിറങ്ങിയ ആദ്യഭാഗത്തില്‍ കൈയടി നേടിയവര്‍ക്കൊപ്പം ബേബി ജീന്‍, ജഗദീഷ്, സുരാജ് വെഞ്ഞാറമൂട്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഔട്ട് ആന്റ് ഔട്ട് കോമഡി എന്റര്‍ടെയിനറായി ഒരുക്കിയ ചിത്രം സൈജു കുറുപ്പിന്റെ കരിയറില്‍ നായകനായുള്ള ഏറ്റവും വലിയ വിജയ ചിത്രമാണ്.
Content Highlight: Comparioson between Mukundhanunni associates, Drishyam movies with Mohiniyattam