ഏഷ്യയുടെ ചാമ്പ്യന്മാരാവാന്‍ എട്ട് ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റിന് ഇനി രണ്ട് നാള്‍ മാത്രമാണുള്ളത്. സെപ്റ്റംബര്‍ ഒമ്പതിന് ഏഷ്യാ കപ്പിന് തിരശീലയുയരുമ്പോള്‍ ഇന്ത്യന്‍ കോമ്പിനേഷന്‍ എന്താകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ടീമിന്റെ ഓപ്പണിങ് ജോഡി ആരാകുമെന്നതില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. വിക്കറ്റ് കീപ്പര്‍ ആരാകുമെന്നതിനും സൂചനയൊന്നുമില്ല.
ഈ സ്ഥാനങ്ങളില്‍ ആരാണ് ഇറങ്ങുകയെന്നത് അറിയാന്‍ വലിയ ആവേശത്തോടെയാണ് മലയാളി ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്. അതിന് കാരണം പ്രിയ താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എന്നത് തന്നെയാണ്. പക്ഷേ, താരം ടീമില്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ ഉറപ്പില്ല.
ഇന്ത്യയുടെ അവസാന ടി – 20 മത്സരങ്ങളില്‍ അഭിഷേക് ശര്‍മയ്ക്കൊപ്പം സഞ്ജുവായിരുന്നു ഇന്നിങ്സ് ഓപ്പണ്‍ ചെയ്തിരുന്നത്. പക്ഷേ, ശുഭ്മന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തിയത് മലയാളി താരത്തിന് വലിയ വെല്ലുവിളിയാണ്. ഗില്ലിന് വൈസ് ക്യാപ്റ്റന്‍സി കൂടിയുള്ളതിനാല്‍ ഓപ്പണിങ്ങില്‍ താരം തന്നെ എത്താനാണ് കൂടുതല്‍ സാധ്യത. അതിനാല്‍ സഞ്ജുവിന്റെ ഓപ്പണര്‍ മോഹം നടന്നേക്കില്ല.
എന്നാല്‍, സഞ്ജുവിന് വിക്കറ്റ് കീപ്പറായി ടീമില്‍ ഇടം പിടിക്കാനുള്ള അവസരമുണ്ട്. പക്ഷേ, അതത്ര എളുപ്പമുള്ള കാര്യമല്ല. 15 അംഗ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ട ആര്‍.സി.ബി വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ മലയാളി താരത്തിന് വെല്ലുവിളിയാണ്. ഐ.പി.എല്ലില്‍ ബെംഗളൂരുവിനായി ജിതേഷ് മികച്ച പ്രകടനം നടത്തിയിരുന്നു. അതുകൊണ്ട് തന്നെ താരം ഈ റോളില്‍ എത്തിയേക്കാമെന്ന് അഭ്യൂഹങ്ങളുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഇരുവരുടെയും സ്റ്റാറ്റ്‌സ് എങ്ങനെയെന്ന് നമുക്ക് നോക്കാം.
ടി – 20 ക്രിക്കറ്റില്‍ സ്റ്റാറ്റസ് പരിശോധിക്കുമ്പോള്‍ ബാറ്റിങ്ങില്‍ സഞ്ജു ജിതേഷിനെക്കാള്‍ ഒരു പടി മുന്നില്‍ തന്നെയാണ്. സഞ്ജു കുട്ടി ക്രിക്കറ്റില്‍ 304 മത്സരങ്ങള്‍ കളിച്ച് 7629 റണ്‍സ് നേടിയിട്ടുണ്ട്. അതില്‍ ആറ് സെഞ്ച്വറികളും 48 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു. താരത്തിന്റെ ഈ ഫോര്‍മാറ്റില്‍ ശരാശരി 29.68 ഉം സ്‌ട്രൈക്ക് റേറ്റ് 137.01മാണ്.
കൂടാതെ, 350 സിക്‌സുകളും 635 ഫോറുകളും ഈ ഫോര്‍മാറ്റില്‍ താരം അടിച്ചിട്ടുണ്ട്. ഫീല്‍ഡിങ്ങിലും താരം ഒട്ടും പിറകിലല്ല. സഞ്ജുവിന്റെ പേരില്‍ 155 ക്യാച്ചുകളും 33 സ്റ്റംപിങ്ങുകളുമുണ്ട്.
അതേസമയം, സഞ്ജുവിനേക്കാള്‍ അനുഭവപരിചയം കുറവുള്ള ജിതേഷിന് 141 മത്സരങ്ങളില്‍ നിന്ന് 2886 റണ്‍സാണുള്ളത്. എന്നാല്‍ താരത്തിന് കുട്ടി ക്രിക്കറ്റില്‍ സഞ്ജുവിനേക്കാള്‍ മികച്ച സ്‌ട്രൈക്ക് റേറ്റുണ്ട്. 152.29 ആണ് താരത്തിനുള്ളത്.
ഒരു സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും ഈ ഫോര്‍മാറ്റില്‍ ജിതേഷിനുള്ളത്. ഒപ്പം 141 സിക്സും 268 ഫോറും ജിതേഷ് നേടിയിട്ടുണ്ട്. 99 ക്യാച്ചും 18 സ്റ്റംപിങ്ങും ആര്‍.സി.ബി താരത്തിന്റെ പേരിലുണ്ട്.
2015ലാണ് സഞ്ജു ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. അതിന് ശേഷം 42 രണ്ട് മത്സരങ്ങളിലാണ് സഞ്ജു ഇന്ത്യന്‍ കുപ്പായത്തില്‍ കളത്തിലിറങ്ങിയത്. ഇന്ത്യക്ക് വേണ്ടി താരം മൂന്ന് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും അടക്കം 861 റണ്‍സ് നേടിയിട്ടുണ്ട്. അതില്‍ 532 റണ്‍സും ഓപ്പണറായി എത്തിയാണ് സഞ്ജു നേടിയതെന്നത് ശ്രദ്ധേയമാണ്. 27 ക്യാച്ചും ആറ് സ്റ്റംപിങ്ങും മലയാളി താരത്തിന്റെ പേരിലുണ്ട്.
അതേസമയം, ജിതേഷ് ഒമ്പത് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. ഇതില്‍ 147.05 സ്‌ട്രൈക്ക് റേറ്റിലും 14.28 ശരാശരിയിലും ബാറ്റ് ചെയ്ത് 100 റണ്‍സാണ് നേടിയത്. 35 റണ്‍സാണ് താരത്തിന്റെ ഇന്ത്യന്‍ കുപ്പായത്തിലെ ഉയര്‍ന്ന സ്‌കോര്‍.
ഐ.പി.എല്‍ അവസാന സീസണില്‍ ഇരുവരും മികച്ച പ്രകടനമാണ് നടത്തിയത്. സഞ്ജു സീസണില്‍ ഒരു അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 285 റണ്‍സാണ് നേടിയത്. എന്നാലിത് പരിക്ക് കാരണം എല്ലാ മത്സരങ്ങളിലും ഇറങ്ങാതെയാണ് അടിച്ചെടുത്തതെന്നും ശ്രദ്ധേയമാണ്. 48.27 ശരാശരിയും 153.46 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് ചെയ്തത്.
ആര്‍.സി.ബി ക്കായി 15 മത്സരങ്ങളില്‍ കളത്തിലിറങ്ങി ജിതേഷ് 261 റണ്‍സാണ് സ്വന്തമാക്കിയത്. ഒരു അര്‍ധ സെഞ്ച്വറി അടിച്ച താരത്തിന് ഈ സീസണില്‍ 37.28 ശരാശരിയും 176.35 സ്‌ട്രൈക്ക് റേറ്റുമാണുള്ളത്.
ഐ.പി.എല്ലിലും ശേഷം സഞ്ജു സാംസണ്‍ കേരള ക്രിക്കറ്റ് ലീഗില്‍ (കെ.സി.എല്‍) കളിച്ചപ്പോള്‍ ജിതേഷ് വിദര്‍ഭ പ്രൊ ടി – 20 ലീഗിന്റെ ഭാഗമായിരുന്നു. സഞ്ജു കെ.സി.എല്ലില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനായി ആറ് ഇന്നിങ്‌സില്‍ കളിച്ച് 368 റണ്‍സാണ് എടുത്തത്. ഇതില്‍ ഒരു സെഞ്ച്വറിയും മൂന്ന് ഫിഫ്റ്റിയും ഉള്‍പ്പെടുന്നു. 186.80 സ്‌ട്രൈക്ക് റേറ്റും 73.60 ശരാശരിയുമായിരുന്നു ടൂര്‍ണമെന്റില്‍ താരത്തിന് ഉണ്ടായിരുന്നത്.
വിദര്‍ഭ പ്രൊ ടി – 20 ലീ ഗില്‍ ജിതേഷിന്റെ പ്രകടനം ഒട്ടും മോശമായിരുന്നില്ല. ഏഴ് മത്സരങ്ങള്‍ നിന്നായി ആര്‍.സി.ബി താരം 153 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. 51.00 ശരാശരിയും 177.91 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റേന്തിയത്.
Content Highlight: Comparing T20 cricket stats of Sanju Samson and Jitesh Sharma