ബെര്‍ലിന്‍: ഇസ്രഈലിന്റെ സൈനിക നടപടികളെ നാസി ജര്‍മനിയുമായി ഉപമിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട യുവതിയെ കുറ്റവിമുക്തയാക്കി ജര്‍മന്‍ കോടതി. ഇത്തരം ഉപമകളും താരതമ്യങ്ങളും ജര്‍മന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ (Protected Political Speech) പരിധിയില്‍ വരുന്നതാണെന്നും അതിനെ ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
നേരത്തെ കീഴ്‌ക്കോടതി യുവതിക്ക് ചുമത്തിയ 2,400 യൂറോ (ഏകദേശം 2,700 ഡോളര്‍) പിഴ ശിക്ഷ, സൈ്വബ്രുക്കന്‍ ഹൈയര്‍ റീജിയണല്‍ കോടതി (Zweibrücken Higher Regional Court) റദ്ദാക്കുകയും ചെയ്തു.
ഗസയിലെ ഇസ്രഈല്‍ അക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ യുവതി തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച രണ്ട് പോസ്റ്റുകള്‍ക്ക് പിന്നാലെയാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇസ്രഈലിന്റെയും നാസി ഭരണകൂടത്തിന്റെയും പ്രവര്‍ത്തനങ്ങളെ താരതമ്യം ചെയ്യുന്ന ഒരു പട്ടിക ഉള്‍പ്പെടുത്തിയതായിരുന്നു ഇവരുടെ ആദ്യ പോസ്റ്റിന്റെ ഉള്ളടക്കം. ഇസ്രഈല്‍, ജര്‍മന്‍ പതാകകള്‍ക്കൊപ്പം സ്വസ്തിക ചിഹ്നവും ഇവരുടെ പോസ്റ്റില്‍ രേഖപ്പെടുത്തിയിരുന്നു.
അടച്ചുകെട്ടിയ ഒരു പ്രദേശത്തേക്ക് ഇസ്രഈലി സൈനികര്‍ വെടിവെക്കുന്നതും രക്തം ഒഴുകുന്നതുമായ ചിത്രമായിരുന്നു രണ്ടാമത് പോസ്റ്റിന്റെ ഉള്ളടക്കം. ഇതില്‍ ഇസ്രഈല്‍ പതാകയുടെ മധ്യത്തിലുള്ള ‘സ്റ്റാര്‍ ഓഫ് ഡേവിഡി’നുള്ളില്‍ സ്വസ്തിക ചിഹ്നം ഉള്‍പ്പെടുത്തിയിരുന്നു.
രണ്ട് പോസ്റ്റുകള്‍ക്കൊപ്പവും #FREEPALESTINE, #GAZAUNDERATTACK എന്നീ ഹാഷ്ടാഗുകളും യുവതി ഉപയോഗിച്ചിരുന്നു.
ജര്‍മന്‍ ക്രിമിനല്‍ കോഡ് (Section 86a) പ്രകാരം നാസി ചിഹ്നങ്ങള്‍ പോലെയുള്ള നിരോധിത ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് കുറ്റകരമാണ്. എന്നാല്‍, ഇവിടെ നാസി പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കാനോ പുകഴ്ത്താനോ അല്ല ഈ ചിഹ്നം ഉപയോഗിച്ചിരിക്കുന്നത്. മറിച്ച് ഒരു രാജ്യത്തിന്റെ ആക്രമണത്തെ വിമര്‍ശിക്കാനാണ് ഉപയോഗിച്ചതെന്ന് വ്യക്തമാണ്. അതിനാല്‍ രാഷ്ട്രീയപരമായ വിമര്‍ശനങ്ങള്‍ക്കായി ഇത്തരം ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുമെന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം നിരീക്ഷിച്ച ശേഷം കോടതിയുടെ വിലയിരുത്തല്‍.
പോസ്റ്റിനൊപ്പം ഉപയോഗിച്ച #FREEPALESTINE പോലെയുള്ള ഹാഷ്ടാഗുകള്‍ യുവതിയുടെ നിലപാട് വ്യക്തമാക്കുന്നുണ്ട്. ഒരു നിയോ-നാസി പിന്തുണക്കാരനും ഈ പോസ്റ്റിനെ നാസിസത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നായി തെറ്റിദ്ധരിക്കില്ലെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.
ഇസ്രഈലിന്റെ നടപടികളെ നാസി ജര്‍മനിയുമായി ഉപമിക്കുന്നത് ‘ഹോളോകോസ്റ്റിനെ നിസ്സാരവല്‍ക്കരിക്കല്‍’ (Trivialization of Holocaust) ആയി തനിയെ മാറുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
ഒരു വിദേശ രാജ്യത്തിന്റെ നയങ്ങളെയോ സൈനിക നടപടികളെയോ രൂക്ഷമായി വിമര്‍ശിക്കുന്നത് വംശീയ വിദ്വേഷം വളര്‍ത്തലായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു.
Content Highlight: Comparing Israel to Nazi Germany is not a crime; German court acquits woman who posted in support of Gaza.