മനില: 500 സീറ്റുകളിൽ 482 സീറ്റും കരസ്ഥമാക്കി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്നാം (സി.പി.വി) വീണ്ടും അധികാരത്തിൽ.
97 ശതമാനം സീറ്റുകളും സ്വന്തമാക്കിയ സി.പി.വിയ്ക് 18 സീറ്റുകൾ മാത്രമാണ് നഷ്ടമായത്.
പാർലമെന്റ് അംഗങ്ങളെയും പ്രാദേശിക കൗൺസിൽ അംഗങ്ങളെയും തെരഞ്ഞെടുക്കുന്നതിനായി മാർച്ച്15 ന് നടന്ന വോട്ടെടുപ്പിൽ മുൻ തെരഞ്ഞെടുപ്പുകൾക്ക് സമാനമായി 99 ശതമാനത്തിന് മുകളിൽ പോളിങ് രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
പാർലമെന്റിന്റെ ആദ്യസമ്മേളനം ഏപ്രിൽ 6 ന് നടക്കും. ഈ സമ്മേളനത്തിൽ പ്രധാനമന്ത്രി, പ്രസിഡന്റ് തുടങ്ങിയ രാഷ്ട്ര നേതാക്കളെ പാർലമെന്റ് അംഗങ്ങൾ തെരഞ്ഞെടുക്കും.
ജനുവരിയിൽ നടന്ന പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറിയായ ടോ ലാം പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുമെന്നാണ് പൊതുവിലുള്ള പ്രതീക്ഷ.
തങ്ങളുടെ പ്രതിനിധികൾ വിയറ്റ്‌നാമിനെ ആധുനികവത്കരിക്കുന്നത് തുടരുമെന്ന് വോട്ടർമാർ പ്രത്യാശ പ്രകടിപ്പിച്ചു. വിയറ്റ്‌നാമിന്റെ കുതിച്ചുയരുന്ന സമ്പദ്‌വ്യവസ്ഥയിൽ ടോ ലാം വലിയ പരിഷ്കാരങ്ങളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും വോട്ടർമാർ പ്രതികരിച്ചു.
‘ഈ തിരഞ്ഞെടുപ്പിന് ശേഷം ഉന്നത നേതാക്കൾ നമ്മുടെ രാജ്യത്തെ മെച്ചപ്പെടുത്തുന്നതിനായി വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,’ ഹാനോയിയിലെ പോളിംഗ് സ്റ്റേഷനിൽ വെച്ച് 73 വയസ്സുകാരിയായ എൻഗുയെൻ തി കിം വാർത്താ ഏജൻസിയായ എ.എഫ്.പിയോട് പറഞ്ഞു.
പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന വെല്ലുവിളികൾ ആഗോള വ്യാപാരം, ഊർജ്ജ വിതരണം, പ്രാദേശിക സ്ഥിരത എന്നിവയിൽ വലിയ പ്രതിസന്ധികൾ ഉണ്ടാക്കികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിയറ്റ്നാമിൽ പുതിയ സർക്കാർ അധികാരത്തിലേറാനിരിക്കുന്നത്.
പശ്ചിമേഷ്യൻ സംഘർഷങ്ങൾ വിയറ്റ്നാമിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. രാജ്യത്തെ എണ്ണ വിതരണം പ്രതിസന്ധിയിലായതോടെ വിമാന ഗതാഗതവും ടുറിസവും വെല്ലുവിളി നേരിടുന്നുണ്ട്.
Content Highlight: Communist Party wins landslide victory in Vietnam with 97 percent of seats