ടെഹ്‌റാന്‍: ഇസ്രഈലും ഇറാനും സംഘര്‍ഷം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത പ്രസ്താവനയിറക്കി ഇരുരാജ്യങ്ങളിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. കൊലപാതകം നിര്‍ത്തണമെന്നും ഇപ്പോള്‍ യുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇറാനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ തുഡെ പാര്‍ട്ടിയും ഇസ്രഈല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രസ്താവന പുറത്തിറക്കിയത്..
മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രഈലി ആക്രമണത്തെയും ഇറാനെതിരായ സമീപകാല ആക്രമണത്തെയും ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പ്രസ്താവനയില്‍ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ നേരിട്ടുള്ള ലംഘനമാണ് നടക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇസ്രഈലിന്റെ വലതുപക്ഷ സര്‍ക്കാര്‍ അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികളുടെയും ബ്രിട്ടന്റെയും യൂറോപ്യന്‍ യൂണിയനിലെ സഖ്യകക്ഷികളുടെയും പിന്തുണ ഉപയോഗിച്ച് ഗസയിലും വെസ്റ്റ് ബാങ്കിലും നെതന്യാഹുവിന്റെ സര്‍ക്കാര്‍ നടത്തിയ ആക്രമണങ്ങളില്‍ 55,000ത്തിലധികം ഫലസ്തീനികളുടെ ജീവന്‍ നഷ്ടപ്പെടുന്നതിനും 18,000ത്തിലധികം കുട്ടികള്‍ കൊല്ലപ്പെടുന്നതിനും കാരണമായിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
മാത്രമല്ല, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ലക്ഷ്യങ്ങള്‍ക്കനുസരിച്ച് മിഡില്‍ ഈസ്റ്റിന്റെ ഭൂപടം പുനര്‍നിര്‍മിക്കുന്നതിനായി രാജ്യങ്ങള്‍ക്കെതിരെ കൂടുതല്‍ ആക്രമണം നടത്തുന്നതിന് ഇസ്രഈല്‍ സര്‍ക്കാര്‍ പച്ചക്കൊടി കാണിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇസ്രഈല്‍ സര്‍ക്കാരിന്റെ നേതാക്കള്‍ക്കെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ ആരോപിച്ചത് ന്യായമാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
മേഖലയില്‍ വിനാശകരമായ യുദ്ധത്തിലെത്തുന്നതില്ലാക്കാന്‍ ഐക്യ രാഷ്ട്രസഭയും സുരക്ഷ കൗണ്‍സിലും ഉള്‍പ്പെടെ ലഭ്യമായ എല്ലാ അന്താരാഷ്ട്ര സംവിധാനങ്ങളും ഉപയോഗിക്കണമെന്നും ലോകമെമ്പാടുമുള്ള സംഘടനകളോട് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
ഇറാഖ്, ലിബിയ, സിറിയ എന്നിവയ്ക്ക് ശേഷം ഇസ്രഈലും യു.എസും ഇപ്പോള്‍ ഇറാനിയന്‍ പരമാധികാരത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ജനങ്ങളും ഭരണകൂടവും വഴങ്ങുന്നത് വരെ അവര്‍ സംഘര്‍ഷം അവസാനിപ്പിക്കില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
‘ഇറാനിലും ഇസ്രഈലിലും യുദ്ധ നാശത്തിനും, ഗസയിലെയും അധിനിവേശ വെസ്റ്റ്ബാങ്കിലെയും ഫലസ്തീന്‍ ജനതയുടെ കഷ്ടപ്പാടുകളും മനുഷ്യത്വരഹിതമായ അടിച്ചമര്‍ത്തലുകളും രൂക്ഷമാക്കുന്നത് തുടരുന്നതിനും സാഹചര്യം മുതലെടുക്കുന്നതിനെതിരെയും ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഫലസ്തീന്‍ ജനതയ്ക്കും മേഖലയിലെ ജനങ്ങള്‍ക്കും മറ്റൊരു ദുരന്തം തടയാന്‍ യഥാര്‍ത്ഥവും കൃത്യവുമായ നടപടികള്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നു. ഗസയിലെ വംശഹത്യ അവസാനിപ്പിക്കുകയും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുകയും ചെയ്യുക എന്നത് മധ്യപൂര്‍വദേശത്തെ സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനുള്ള കേന്ദ്ര ആവശ്യമാണ്,’ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
Content Highlight: Communist parties in both countries call for an end to the Israel-Iran conflict