| Saturday, 14th November 2026, 4:33 pm

കമ്യൂണിസം; സൂഫിസം സാധ്യമാകുന്ന സാമൂഹ്യ സാഹചര്യം

ബിബിത്ത് കെ.കെ

ഭൗതിക പ്രതിഭാസങ്ങള്‍ മനുഷ്യ മനസിലുണ്ടാക്കുന്ന പ്രതിഫലനങ്ങളല്ലാതെ മറ്റൊന്നുമല്ല ആത്മീയത. ആനന്ദമെന്നാലും അതുതന്നെയാണ്. അവിടെ വിലക്കുകളില്ല വിധികളില്ല. വിലക്കുകളുടേയും വിധികളുടേയും സംഘാതത്തെയാണ് മതമെന്നും സദാചാരമെന്നും പില്‍ക്കാലത്ത് ഭരണകൂടമെന്നും വിശേഷിപ്പിക്കപ്പെടുന്നത്.

ഭരണകൂടമില്ലാത്ത സമൂഹത്തില്‍ മനുഷ്യര്‍ അവരുടെ ആനന്ദത്തിനുവേണ്ടി എന്തും ചെയ്യാവുന്നതാണെന്നും യഥാര്‍ഥ മനുഷ്യജീവിതം അവിടെയാണ് ആരംഭിക്കുന്നതെന്നും ജര്‍മ്മന്‍ ഐഡിയോളജിയില്‍ മാര്‍ക്‌സ് പറയുന്നുണ്ട്.

‘അരാഷ്ട്രീയമായ നിലപാട് ഒരു പാപമല്ല. മാര്‍ക്‌സിന്റെ ചിന്തയും ലോകവീക്ഷണവും പ്രതീക്ഷാനിര്‍ഭരമായ ഹൃദയവും ആത്യന്തികമായി ആഗ്രഹിച്ചത് അരാഷ്ട്രീയമായ അവസ്ഥയാണ്. വര്‍ഗരഹിതമായ ഒരു സമൂഹം ആവിര്‍ഭവിക്കുമെന്നും ഭരണകൂടം തിരോഭവിക്കുമെന്നും പറഞ്ഞാല്‍ അതിന്റെ അര്‍ഥം അരാഷ്ട്രീയമായ ഒരവസ്ഥ ഉണ്ടാകുമെന്നാണ്.’

രാഷ്ട്രീയമെന്നത് വര്‍ഗവിഭജിത സമൂഹത്തിലെ മാത്രം പ്രതിഭാസമാണ്. മറ്റു ഭൗതിക സംഘര്‍ഷമില്ലാതെ ഇഷ്ടപ്പെട്ടമേഖലകളില്‍ മാത്രം മനുഷ്യര്‍വിഹരിക്കുന്ന അവസ്ഥയാണ് അരാജകത്വം.

ഒരു യജമാനന്‍ എന്നതില്‍ നിന്നും തന്റെ ഏറ്റവും ഇഷ്ടപ്പെട്ടൊരാളെന്ന നിലയിലേക്ക് ദൈവം ഉയര്‍ത്തപ്പെടുന്നത് ഈ സമൂഹത്തിലാണ്. അവിടെ വിലക്കുകളില്ല. വിധികളില്ല. ഈ സമൂഹത്തില്‍ മാത്രമാണ് യഥാര്‍ഥ സൂഫിസം വിടര്‍ന്ന് പരിലസിക്കുകയുള്ളൂവെന്ന് കാണാം.

ദേശീയതയെ മാനിക്കാതെ സാര്‍വ ദേശീയതയെ ഉയര്‍ത്തിപ്പിക്കുന്ന കമ്യൂണിസ്റ്റ് മൂല്യബോധത്തിന് അരുനില്‍ക്കുന്നതുതന്നെയാണ് സൂഫിസത്തിന്റെ ആന്തരിക സത്ത.

അവര്‍ ദേശത്തെയോ ഏതെങ്കിലും തരം വിഭജനങ്ങളെയോ വ്യത്യാസത്തെയോ യജമാനത്വത്തെയോ അടിമത്വത്തെയോ അംഗീകരിക്കുന്നില്ല. ഭൗതികമായ നേട്ടങ്ങള്‍ക്കപ്പുറമുള്ള ആനന്ദത്തിന്റെ ജീവിതത്തെയാണവര്‍ അടയാളപ്പെടുത്തുന്നത്.

തൊഴിലാളി വര്‍ഗ സ്വത്വമല്ലാതെ മറ്റൊരുസ്വത്വത്തേയും അംഗീകരിക്കാത്ത കമ്യൂണിസ്റ്റുകളെപ്പോലെതന്നെയാണ് വിശ്വാസിയെന്ന സ്വത്വത്തോടുള്ള സൂഫികളുടെ സമീപനവും. അവര്‍ക്ക് ദേശത്തെക്കുറിച്ച് ബോധ്യമില്ല. ഇത് സൂഫിസത്തില്‍ മാത്രമല്ല കമ്യൂണിസ്റ്റ് ചരിത്രത്തിലും കാണാവുന്നതാണ്.

കാൾ മാർക്സ്

മാര്‍ക്‌സിന് ദേശമുണ്ടായിരുന്നില്ല. ജര്‍മ്മനിയില്‍ ജനിച്ച മാര്‍ക്‌സ് ലോകത്തിലെ ഏറ്റവും പ്രശസ്തനായ അഭയാര്‍ഥിയായിരുന്നു. എല്ലാ രാജ്യങ്ങളില്‍നിന്നും മാര്‍ക്‌സിന് പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്.

കൊളോണ്‍, ബ്രസല്‍സ്, ബല്‍ജിയം, പ്രഷ്യ, പാരീസ്, ഇംഗ്ലണ്ട്. പലായനങ്ങളുടെയും കഷ്ട്ടപ്പാടുകളുടെയും ദുരിതത്തീമഴ താണ്ടിയാണ് മാര്‍ക്‌സും കുടുംബവും സഞ്ചരിച്ചത്.

അര്‍ജന്റീനയില്‍ ജനിച്ച ചെഗുവേര മന്ത്രിയാകുന്നത് ക്യൂബയിലാണ്. ആ പൗരത്വംപോലും അവസാനിപ്പിച്ചാണ് ചെഗുവേര ബൊളീവിയയില്‍പ്പോയി രക്തസാക്ഷിയാകുന്നത്.

തൊഴിലാളിവര്‍ഗ സാര്‍വദേശീയത മറ്റെല്ലാ സാര്‍വ ദേശീയതകള്‍ക്കും മുകളിലാണ്. മാര്‍ക്‌സിനുമുമ്പ് ജനിച്ച റൂമിയും ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് പലായനത്തിലൂടെയാണ് വളരുന്നത്.

ചെങ്കിസ്ഖാന്റെ പടയോട്ടത്തോടെ ആരംഭിച്ച ഈ പലായനം റൂമിയുടെ ജീവിതത്തെ പരുവപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് ജീവചരിത്രം പറയുന്നുണ്ട്. ഉച്ചനീചത്വങ്ങളില്ലാത്ത സമൂഹത്തെ സ്വപ്നംകാണുന്ന കമ്യൂണിസവും അതിഭൗതിക ജീവിതാവസ്ഥകളോട് വിരക്തിയും ലളിതജീവിതവും നയിക്കുന്ന സൂഫികളും പങ്കുവെക്കുന്ന പൊതുവിടങ്ങള്‍ അനേകമാണ്.

‘ഞാന്‍ എവിടത്തുകാരനുമല്ല. എന്റെ രാജ്യം പിറന്നിട്ടില്ല. ഇനിയും പിറക്കാത്ത ഉദ്യാനത്തിലെ വാനമ്പാടിയാണ് ഞാന്‍’ എന്നു ഗാലിബ് പറഞ്ഞപ്പോള്‍, ആ ഉദ്യാനം എന്നെങ്കിലും പിറക്കുമോയെന്ന് സുഹൃത്തായ ഹാജിമീര്‍ ചോദിച്ചപ്പോള്‍, ‘നിശ്ചയമായും, ദല്‍ഹി, ലഖ്‌നൗ, ആഗ്ര, ലാഹോര്‍. ഇങ്ങനെയുള്ള വിഭാഗീയതകളുടെ ഉദരത്തില്‍നിന്ന് എന്നെങ്കിലും ഒരിക്കല്‍ ഒരു ഹിന്ദുസ്ഥാന്‍ പിറവിയെടുക്കും.

അന്ന് ആ ഉദ്യാനത്തിലെ ഏതെങ്കിലുമൊരു ചില്ലയില്‍ കൂടുകൂട്ടാന്‍ എനിക്കും ഇടം ലഭിക്കും’ എന്ന് മിര്‍സാഗാലിബ് പറയുന്നത് ഇന്ത്യയെ വിഭജിക്കുന്നതിന് മുമ്പാണെന്നോര്‍ക്കണം. ഭാവിയിലെന്നെങ്കിലും മതങ്ങള്‍ വേര്‍തിരിക്കാത്തൊരുദ്യാനമായി ഈ സ്വപ്നം പൂവിടുമായിരിക്കും.

ദല്‍ഹിയിലെ നിസ്സാമുദ്ദീനെന്ന റെയില്‍വേ സ്റ്റേഷനിലേക്ക് ഇന്ത്യയിലെ എല്ലാ ഭാഗങ്ങളില്‍നിന്നും തലങ്ങും വിലങ്ങും അതേ പേരിലുള്ള അനേകം തീവണ്ടികള്‍ ദിവസേന കീറിമുറിച്ചു കടന്നുപോകുന്നുണ്ട്. ഇന്ത്യാചരിത്രത്തിന്റെ ഏറ്റവും മികച്ച സാംസ്‌കാരിക പാരമ്പര്യത്തില്‍നിന്നുമാണ് തീവണ്ടിയുടേയും ദല്‍ഹിയിലെ ആ സ്റ്റേഷന്റേയും നാമധേയം കടന്നുവരുന്നത് എന്നത് ഇന്ത്യക്കാരെ സംബന്ധിച്ച് അഭിമാനകരമാണ്.

ഏഴ് നൂറ്റാണ്ടുകള്‍ക്കപ്പുറം ഇന്ത്യന്‍ സംസ്‌കാരത്തേയും അതിന്റെ ഏറ്റവും സമുന്നതമായ സാമൂഹ്യ പാരമ്പര്യത്തിന്റേയും സന്ദേശവാഹനായ ഹസ്‌റത്ത് ഖ്വാജ സയ്യിദ് മുഹമ്മദ് നിസ്സാമുദ്ദീനെന്ന സൂഫിവര്യന്റെ പേരും വഹിച്ചാണാ തീവണ്ടി ജനപഥങ്ങളെ തലങ്ങും വിലങ്ങും കീറിമുറിച്ച് കടന്നുപോകുന്നതെന്നോ ആ തീവണ്ടിയുടെയും സ്റ്റേഷന്റേയും പേരു കേള്‍ക്കുമ്പോഴോ അത് കാണുമ്പോഴോ അത്തരം തീവണ്ടികളില്‍ യാത്രചെയ്യുമ്പോഴോ ആരും ഓര്‍ത്തിരിക്കാനിടയില്ല.

മഹ്ബൂബ്-ഇ-ഇലാഹി (അല്ലാഹുവിന്റെ പ്രിയപ്പെട്ടവന്‍), സുല്‍ത്താന്‍-ഉല്‍-മശാഇഖ് എന്നീ വിശേഷണ നാമങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു.

ഹസ്രത്ത് നിസാമുദ്ദീൻ ദർഗ

ഇസ്‌ലാമിനെ മാറ്റിനിര്‍ത്തി, ഇന്ത്യയ്‌ക്കൊരു സാംസ്‌കാരിക രാഷ്ട്രീയ പാരമ്പര്യമില്ല. സംഗീതം, സാഹിത്യം വാസ്തുവിദ്യയുള്‍പ്പെടെ ഇന്ത്യന്‍ ജനതയെ ഒന്നിപ്പിക്കുന്നതിലും ഇന്ത്യയെന്ന സങ്കല്‍പ്പമുണ്ടാക്കിയതും എന്തിന് ‘ഹിന്ദു’വെന്ന പേരുപോലും ഇസ്‌ലാമിന്റെ സംഭാവനയാണ്. ഇസ്‌ലാമിനെ മാറ്റിനിര്‍ത്തിയൊരു കമ്യൂണിസ്റ്റ് ചരിത്രവും എഴുതാനാവില്ല. ഇസ്‌ലാം പ്രചരിപ്പിക്കാനായി കാബൂള്‍വഴി യാത്രചെയ്ത ആദ്യകാല മുഹാജിറുകളാണ് ഇന്ത്യയില്‍ കമ്യൂണിസത്തിന് അടിത്തറപാകിയത്.

1917 ല്‍ നടന്ന സോവിയറ്റ് വിപ്ലവം ഇന്ത്യയിലെ സ്വാതന്ത്ര്യ ദാഹികളായ ചെറുപ്പക്കാരെ ഹഠാദാകര്‍ഷിച്ചിരുന്നു. 18000 മുഹാജിറുകള്‍ 1920 ല്‍ ഇന്ത്യ വിട്ട് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തില്‍ പങ്കാളികളാകാന്‍ മുന്നോട്ടു വന്നത്. ആദ്യകാല ഗൂഢാലോചനാ കേസുകളിലെ മുഴുവന്‍ പ്രതികളും മുസ്‌ലീങ്ങളായിരുന്നു.

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഥമസെക്രട്ടറിയായ മുഹമ്മദ് ഷഫീഖും മുഹാജിറായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവായിരുന്ന സഖാവ് മുസഫര്‍ അഹമ്മദ് തന്റെജീവചരിത്രം സമര്‍പ്പിച്ചിരിക്കുന്നത് രണ്ട് മുഹാജിറുകള്‍ക്കാണ്.

എ.ഡി. 622-ല്‍, പ്രവാചകന്‍ മക്ക വിട്ട് മദീനയിലേക്ക് പോയപ്പോള്‍ അദ്ദേഹത്തോടൊപ്പം മക്ക വിട്ട് മദീനയിലേക്ക് പോയവരെയാണ്, ‘കുടിയേറിപ്പാര്‍ത്തവര്‍’ എന്ന അര്‍ത്ഥത്തില്‍, ‘മുഹാജിരീന്‍’ എന്നു വിളിച്ചിരുന്നത്.

ഇന്ത്യയ്ക്ക് പൂര്‍ണസ്വാതന്ത്ര്യമെന്ന പ്രമേയം കോണ്‍ഗ്രസ് സമ്മേളനത്തില്‍ അവതരിപ്പിച്ച സഖാവ് ഹസ്രത്ത് മൊഹാനിയെന്ന കവിയും വിപ്ലവകാരിയും ഇസ്‌ലാമിന്റെയും ഈ സൂഫിപാരമ്പര്യത്തിന്റേയും പില്‍ക്കാലവാഹകരാണ്. ഗാന്ധിയുടെ ജീവചരിത്രത്തില്‍ പ്രതിപാദിക്കുന്ന അപൂര്‍വം പേരുകളില്‍ ഒരാളുമാണ് ഹസ്രത്ത് മൊഹാനി.

ഹസ്രത്ത് മൊഹാനി

കേരളത്തില്‍നിന്നും വ്യത്യസ്തമായി ഇന്ത്യയില്‍ ഇസ്‌ലാമിന്റെ കടന്നുവരവ് അധിനിവേശത്തിലൂടെയാണ്. അധികാരവും രാഷ്ട്രീയവും മതവും തമ്മില്‍ വെവ്വേറെയുള്ള അസ്തിത്വമല്ല ഇസ്‌ലാമിലുള്ളത്.

പടച്ചവന്റെ മുന്നില്‍ എല്ലാവരുമൊന്നാണെന്ന ഈ കാഴ്ചപ്പാടാണ്, ജാതീയത കൊടികുത്തിവാണ ഇന്ത്യയില്‍ മനുഷ്യനെ മനുഷ്യനായിക്കാണാന്‍ കഴിയാത്തൊരു സംവിധാനത്തില്‍നിന്നും ഇസ്‌ലാമിലേക്ക് ജനങ്ങള്‍ പ്രവഹിക്കാനുണ്ടായ പ്രധാനകാരണം. ഇസ്‌ലാമിലെ കലര്‍പ്പെന്നു പറയാവുന്ന സൂഫിപാരമ്പര്യത്തിന് ഇതില്‍ നല്ല പങ്കുണ്ടായിരുന്നു.

ഈ സൂഫിപാരമ്പര്യത്തെ പിന്തുടര്‍ന്ന ഇന്ത്യയിലെ ഇസ്‌ലാമിക പ്രബോധനത്തിന്റേയും ഇസ്‌ലാമിക നവോത്ഥാനത്തിന്റേയും ശില്പിയായിരുന്ന ഖ്വാജാ മൊയിനുദ്ദീന്‍ ചിശ്തിയുടെ സൂഫിസരണിയിലെ പ്രധാന പ്രബോധകനും ഏറ്റവും പ്രശ്തനുമായിരുന്നു ഹസ്രത്ത് നിസാമുദ്ദീന്‍.

ഇന്ത്യന്‍ പോപ്പുലര്‍ കള്‍ച്ചറിന്റേയും സംഗീതത്തിന്റെയും എക്കാലത്തേയും മികച്ച ഐക്കണായ അമീര്‍ ഖുസ്രു നിസാമുദ്ദീന്റെ ഏറ്റവും അടുത്തയാളായിരുന്നുവെന്നതും നിസാമുദ്ദീന്റെ പ്രശസ്തിക്ക് കാരണമായിരുന്നു.

നിസാമുദ്ദീന്റെ ജീവിതകാലത്ത് ദല്‍ഹി സല്‍ത്തനത്തില്‍ അഞ്ച് സുല്‍ത്താന്‍മാര്‍ അധികാരത്തിലൂടെ കടന്നുപോയിട്ടുണ്ട്. അവരിലാരേയും അങ്ങോട്ടുപോയി കാണാനോ തന്നെ കാണാനോ നിസ്സാമുദ്ദീന്‍ അനുവദിച്ചിരുന്നില്ല.

ജലാലുദ്ദീന്‍ ഖില്‍ജി അഞ്ചുതവണ കാണാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം തയാറായില്ല. തന്റെ വീടിന് രണ്ടു വാതിലുകളുണ്ടെന്നും സുല്‍ത്താന്‍ ഒന്നിലൂടെ പ്രവേശിക്കുമ്പോള്‍ താന്‍ അടുത്തവാതിലിലൂടെ പുറത്തേക്കുപോകുമെന്നു പറയുമായിരുന്നു.

അവിചാരിതമായി റൂമിയുടെ ദര്‍ഗയില്‍ രാജാവിനെ കണ്ടപ്പോള്‍ മുസ്‌ലിം എന്ന നിലയില്‍ അഭിവാദ്യം ചെയ്തപ്പോള്‍ രാജാവ് തിരിച്ച് അഭിവാദ്യം ച്യെതില്ലെന്നും അമീര്‍ ഖുസ്രു രേഖപ്പെടുത്തിയിട്ടുണ്ട്.

സൂഫി സംഗീതവും ദർവീഷ് നൃത്തവും

സൂഫി പാരമ്പര്യമെന്നത് ഇസ്‌ലാമില്‍നിന്നുള്ള വ്യതിയാനമാണെന്നും അതിലെ സംഗീതമുള്‍പ്പെടെ നിരോധിക്കണമെന്നും അത് ഹറാമാണെന്നുമുള്ള മൗലികവാദികളുടെ വാദങ്ങളോട് സംവദിക്കാനാണ് ആദ്യമായി നിസാമുദ്ദീന്‍ ഗിയാസുദ്ദീന്‍ തുഗ്ലക്കിന്റെ കൊട്ടാരത്തിലേക്ക് പോകുന്നത്.

സുല്‍ത്താന്റെ മുന്നില്‍വെച്ചു ഹനഫി മതപണ്ഡിതരുമായി നടന്ന സംവാദത്തില്‍, അവരുടെ വാദത്തെ ഹദീസുകളെ ഉദ്ധരിച്ച് തെറ്റാണെന്നു തെളിയിക്കുകയായിരുന്നു. അവരുടെവാദങ്ങള്‍ കര്‍മശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണെന്നതായിരുന്നു നിസാമുദ്ദീന്റെ വാദം.

സംഗീതത്തെ വിലക്കിക്കിക്കൊണ്ടുള്ള രാജശാസനത്തെ പ്രതീക്ഷിച്ച മതപണ്ഡിതന്‍മാര്‍, പക്ഷേ നിരാശരാകേണ്ടിവന്നു. ഇതിനുശേഷം മതപണ്ഡിതരെക്കുറിച്ച് അദ്ദേഹത്തിന് വലിയ മതിപ്പില്ലാതായി. സംഗീതത്തെ ആത്മീയതയുടെ ഭാഗമാക്കിയതും ഹസ്രത്ത് നിസാമുദ്ദീന്‍ തന്നെയാണ്.

1335ല്‍ മരിക്കുമ്പോള്‍ തന്റേതായ ഒന്നും സ്വത്തായി അദ്ദേഹം അവശേഷിപ്പിച്ചിരുന്നില്ല. തികച്ചും നിരാലംബനായി നിസ്വനായി മടങ്ങുകയായിരുന്നു.

പട്ടിണിയുടെ കുട്ടിക്കാലത്ത്, വീട്ടില്‍ ഭക്ഷണമില്ലാത്ത അവസ്ഥയില്‍ ‘ഇന്നു നാം ദൈവത്തിന്റെ അതിഥികളാണെന്നു’ പറയുമായിരുന്നു ഉമ്മയെ ഓര്‍ക്കുന്നുണ്ട് അദ്ദേഹം. പട്ടിണിയെ ആത്മീയശിക്ഷണത്തിന്റെ ഭാഗമാക്കിയവര്‍കൂടിയായിരുന്നു സൂഫികള്‍.

‘തീവ്രാഭിലാഷത്താല്‍ വിലപിക്കുന്ന പുല്ലാങ്കുഴലിനെപ്പോല്‍
നിന്റെ ഉദരം ശൂന്യമായ് സൂക്ഷിക്കൂ ‘ എന്ന് പാടിയ റൂമി,

‘തിന്നുകൊഴുത്ത ആട്ടിന്‍കുട്ടിയാണ്
കശാപ്പുകാരന്റെ കത്തിക്ക് ആദ്യ ഇരയാകുന്നത്’ എന്ന് മറ്റൊരിടത്തും പാടുന്നുണ്ട്.

തീര്‍ത്തും ഒിന്നുമില്ലാത്തവനായി അല്ലാഹുവിനെ കണ്ടുമുട്ടാനാണ് തന്റെ മോഹമെന്നും പറഞ്ഞ മഹത്തായ പാരമ്പര്യമാണ് ഇസ്‌ലാമിന്റേത്. ആ പാരമ്പര്യമാണ് ഇസ്‌ലാമിന് ഇന്ത്യയില്‍ വേരോട്ടമുണ്ടാക്കിയത്.

ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിന്റെ പ്രചാരണത്തില്‍ സൂഫിളോളം പങ്കു വഹിച്ചവരില്ല എന്നതൊരു വസ്തുതയാണ്. ഇസ്‌ലാം, പ്രബോധനം ലക്ഷ്യമായി സ്വീകരിച്ചവരും അവര്‍ മാത്രമായിരുന്നു. ഇസ്‌ലാമിക പ്രബോധനത്തിനും സംസ്‌കരണത്തിനും ഇന്ത്യയിലാദ്യമായ ഒരു സംഘടിത രൂപമുണ്ടാക്കിയെന്നതാണ് അവരുടെ ഏറ്റവും വലിയ പ്രത്യേകത.

ഉര്‍ദു ഭാഷയും ഹിന്ദുസ്താനി സംഗീതവും ഇന്ത്യയിലെ മുസ്ലിം ആധിപത്യത്തിന്റെ സംഭാവനയായി ഗണിക്കുന്നുവെങ്കില്‍ അതിന്റെ കൈവഴികള്‍ ചെന്നെത്തുന്നത് പൗരോഹിത്യത്തിലല്ല, അവരിന്നെതിര്‍ക്കുന്ന സൂഫി പാരമ്പര്യത്തിലാണ്. ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ഭാഷയുടേുയും പിതാവായി അറിയപ്പെട്ട അമീര്‍ ഖുസ്രുവില്ലെങ്കില്‍ ഏത് സംസ്‌കാരമാണ് പിന്നെ ഇന്ത്യയില്‍ അവശേഷിക്കുന്നത് ?

‘വടക്കേ ഇന്ത്യയില്‍ പടയോട്ടക്കാരായി വന്ന മുസ്‌ലിം പടനായകരോടൊപ്പമോ, അവര്‍ ഇവിടെ വന്ന് സുസ്ഥിര ഭരണത്തിന് അടിത്തറ പാകിയ ശേഷമോ ഇവിടെ വന്ന സൂഫീ പ്രബോധകരുടെ ഊഴമാണ് ഇന്ത്യയില്‍ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ അടുത്ത ഘട്ടം.

മുഹമ്മദ് ഗോറി ഇന്ത്യയിലെത്തിയ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ മുഗള്‍ ആധിപത്യം ഇന്ത്യയിലുറച്ച 16-ാം നൂറ്റാണ്ട് വരെ, ഏകദേശം മൂന്ന് നൂറ്റാണ്ടിലധികം നീണ്ടുനില്‍ക്കുന്നതാണ് സൂഫികളുടെ മുന്‍കൈയില്‍ ഇന്ത്യയിലുണ്ടായ ഇസ്‌ലാമിക നവോത്ഥാന കാലഘട്ടം. ഖാദിരിയ്യ, നഖ്ശബന്ദിയ്യ, ചിശ്തിയ്യ, സുഹ്‌റവര്‍ദിയ്യ തുടങ്ങിയ പ്രമുഖ സൂഫീസരണികള്‍ക്കെല്ലാം ഇന്ത്യയില്‍ ശക്തമായ വേരുകളുണ്ടായിരുന്നു’ എന്ന് ‘ഇന്ത്യയുടെ സാമൂഹ്യരൂപീകരണവും മുസ്‌ലീങ്ങളു’മെന്ന (ഇസമു) പുസ്തകത്തില്‍ കെ.ടി ഹുസൈന്‍ പറയുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും പ്രമുഖ സൂഫീ പ്രബോധകന്‍ ഹസ്രത്ത് ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ പ്രവര്‍ത്തനഫലമാണ് രജപുത്താനയില്‍ ഇസ്‌ലാം പ്രചരിച്ചതെന്നും അദ്ദേഹത്തില്‍നിന്ന് നേരിട്ടും അനുചരന്‍മാര്‍ വഴിയും നാടിന്റെ നാനാഭാഗങ്ങളിലും സന്മാര്‍ഗദീപം പ്രഭപരത്തിയതുമെന്ന് മൗലാനാ മൗദൂദിയും പറയുന്നുണ്ട്.

എന്നാല്‍ ഇസ്‌ലാം മതത്തിനുവന്ന ശോഷണത്തിനും അക്ബറില്‍ അതുണ്ടാക്കിയ വിപരീതമായ മാറ്റത്തിനും തുടര്‍ന്നുവന്ന അരാജകത്വത്തിനും കാരണമായി ഔറംഗസീബ് കണ്ടെത്തുന്നത് സൂഫി സന്യാസിമാരുടെ സ്വാധീനത്തെയായിരുന്നു.

ഔറംഗസീബ്

‘മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിന് ആയിരം വര്‍ഷം മാത്രമേ പ്രസക്തിയുള്ളൂ. മുഹമ്മദീയ പ്രവാചകത്വം അതുകൊണ്ടുതന്നെ കാലഹരണപ്പെട്ടിരിക്കുന്നു. അതിനാല്‍ രണ്ടാം സഹസ്രാബ്ദത്തിലേക്ക് നീങ്ങുന്ന പുതിയ ലോകത്തിന് എല്ലാ മതങ്ങളുടെയും സാരാംശമടങ്ങുന്ന പുതിയൊരു മതം ആവശ്യമാണ്’ എന്ന ആശയമാണ് അക്ബറിന്റെ പുതിയ മതത്തിന്റെ സൈദ്ധാന്തിക അടിത്തറയായത്.’ (ഇസമു)

ഗോവധം നിരോധിക്കപ്പെടുകയും പന്നിമാംസം അനുവദനീയമാക്കപ്പെടുകയും ചെയ്തു. കൊട്ടാരത്തില്‍ പണ്ഡിതന്മാരുടെ സദസ്സില്‍ പോലും മദ്യം വിളമ്പുന്നത് പതിവായി.

പൗരോഹിത്യതത്തെ സാധ്യമാക്കിയ സൂഫിസത്തിന്നെതിരെയുള്ള പൗരോഹിത്യത്തിന്റെ വിജയമായിരുന്നു ഔറംഗസീബിന്റെ കാലത്തെ സവിശേഷത. അക്ബറിന്റെ കാലത്ത് നടപ്പിലാക്കിയ എല്ലാ പരിഷ്‌ക്കരണങ്ങളും റദ്ദാക്കി ഇസ്‌ലാമിന്റെ തനത് രീതിയിലേക്ക് മടങ്ങിപ്പോയ കാലഘട്ടംകൂടിയായിരുന്നു ഔറംഗസീബിന്റേത്.

ഇത്രയൊക്കെ ചെയ്‌തെങ്കിലും സൂഫികള്‍ ഉയര്‍ത്തിപ്പിടിച്ച പാരമ്പര്യത്തെ ഔറംഗസീബ് പിന്തുടരുന്നുണ്ട്. താന്‍ ഓര്‍മിക്കപ്പെടണമെന്ന് മരണംവരെ ലളിതജീവിതം നയിച്ച ഔറംഗസീബ് ആഗ്രഹിച്ചിരുന്നില്ല.

ഇന്ത്യാ ഉപഭൂഖണ്ഡത്തെ മുഴുവനായി ഒറ്റ രാഷ്ട്രീയശക്തിക്കു കീഴില്‍ ഏകീകരിച്ച് ഇന്ത്യന്‍ ദേശീയതയുടെ രാഷ്ട്രീയ ഭൂപടത്തിന് അടിത്തറപാകിയ ഔറന്‍ഗസീബ് നാല്‍പ്പത്തൊമ്പത് വര്‍ഷത്തെ ഭരണത്തിനു ശേഷം 1707 ഡക്കാനില്‍ മരിച്ചു.

അദ്ദേഹത്തിന്റെ വസ്വിയ്യത്ത് പ്രകാരം ഖുല്‍ക്കബാഘില്‍ ചിശ്തി സുഹ്മി സൈനുദ്ദീന്‍ ശീറാസിയുടം മഖ്ബതറക്കു സമീപം തിരിച്ചറിയാന്‍ ഒരടയാളവുമില്ലാതെ ഖബറടക്കപ്പെടുകയും ചെയ്തു. ‘പരദേശിയെപ്പോലെ വന്ന താന്‍ പരദേശിയെപ്പോലെ തിരിച്ചുപോകുന്നു’ എന്നാണ് മരണക്കിടക്കയില്‍വെച്ച് മകനെഴുതിയകത്തില്‍ രേഖപ്പെടുത്തിയത്. താനൊരു പരലോകപ്രാണിയെന്നാണ്, വസൂരിവന്ന് മരിക്കുമെന്ന ഭീഷണിയോട് നൈസാമലി ഖസാക്കില്‍ പ്രതികരിക്കുന്നത്.

ജീവിക്കുന്ന ഇടമാണ് ദേശം. തനിക്ക് മരിക്കേണ്ടത് പുണ്യഭൂമിയായ കാശിയിലല്ലെന്നു കബീര്‍ പറയുന്ന കാര്യം തന്റെ അവസാന നോവലായ വാരണസിയില്‍ എം.ടി എടുത്തുപറയുന്നുണ്ട്. കാശിക്കപ്പുറം മഹഗര്‍ എന്നൊരു ഗ്രാമമുണ്ട്. തോലുറയ്ക്കിടുന്ന സമുദായക്കാരാണധികം. ദുര്‍ഗന്ധമുള്ള മഗഹറില്‍ മരിച്ചാല്‍ കഴുതകളായി പിറക്കുമെന്നാണ് പറഞ്ഞിരുന്നത്.

കാശിയില്‍ മരിച്ചാല്‍ പുണ്യം. പുനര്‍ജന്മത്തില്‍ നിന്ന് മോചനം. കബീര്‍ പറഞ്ഞതെന്താണെന്നോ എന്റെ ജീവിതം മുഴുവന്‍ കാശിയില്‍ കളഞ്ഞു. അതുകൊണ്ട് മരണമടുത്തപ്പോള്‍ ഞാന്‍ മഗ്ഹറിലേക്ക് നടന്നു.

അവസാനിക്കാത്ത തീര്‍ഥയാത്രകള്‍കൊണ്ടും എണ്ണിയാലൊടുങ്ങാത്ത സ്‌നാനങ്ങള്‍കൊണ്ടും തളര്‍ന്ന് ലോകം മരിച്ചുവെന്ന ദോഹ ചൊല്ലുന്നുണ്ട് വാരണസിയില്‍ ജഗദീഷ്.

മരണാനന്തരജീവിതമില്ലെന്ന തോന്നലിലാണ് ഇതൊക്കെ സംഭവിക്കുന്നത്. ഈ ജീവിതത്തില്‍ എവിടെ എങ്ങനെ സന്തോഷത്തോടെ ജീവിക്കുന്നുവെന്നതിലാണ് കാര്യം.

‘മൗനത്തിനു പോലും പ്രവേശിക്കാന്‍ കഴിയാത്തത്ര മൗനമായിരിക്കുന്ന ഇടത്തേക്ക് എന്തിനാണ് നിങ്ങള്‍ നിലവിളിച്ചുകൊണ്ട് ഓടുന്നത് എന്ന് അവന്‍ ചോദിക്കുന്നു. കാശിയിലെ അമ്പലങ്ങളിലും മസ്ജിദുകളിലും ഗംഗാതീരങ്ങളിലും അലയടിക്കുന്ന ഭക്തി നിലവിളികള്‍ അസഹ്യമായപ്പോഴാവും അദ്ദേഹം ഇങ്ങനെയൊക്കെ പാടിപ്പോയത്.’ എന്ന് കബീറിന്റെ ഒരു ദോഹ ഉദ്ധരിച്ച് എഴുത്തുകാരന്‍ ഷൗക്ക്ത്തും ചോദിക്കുന്നുണ്ട്.

ഇസ്‌ലാമിനെ സംബദ്ധിച്ച് സൂഫിസമെന്നത് ഇസ്‌ലാമിന്റെ മണ്ണില്‍ നട്ടുപിടിപ്പിച്ച വിഷചെടിയെന്ന വിശേഷണങ്ങളാണുള്ളത്. ഇസ്‌ലാമിലെ ദൈവമല്ല സൂഫിയുടെ ദൈവമന്നും അത് പിശാചാണെന്നും പറയുന്നുണ്ട്. മാത്രമല്ല നിഷിദ്ധമാക്കിയതിനെയൊക്കെ അവര്‍ക്ക് അനുവദനിയവുമാണ്.

ഇതാണ് മൗലികമായ വ്യത്യാസം. യാഥാസ്ഥിതിക മതനിലപാടുകളില്‍നിന്നു നോക്കിയാല്‍ സൂഫിയെന്നാല്‍ മിതനിഷേധത്തിന്റെ മറുപേരു മാത്രമാണ്. ഇത് മുഗള്‍ കാലഘട്ടംമുതല്‍ കാണാവുന്നതാണ്. ഈ മതനിരാസത്തേയാണ് കഞ്ചാവടിക്കുക, വെള്ളമടിക്കുകയെന്നതിലേക്ക് പണ്ഡിതന്‍മാരും മതമൗലികവാദികളും ചുരുക്കുന്നത്.

ജനത്തിന്റെ ലൗകിക ജീവിതത്തില്‍ തടസങ്ങള്‍ സൃഷ്ടിക്കാതിരിക്കുകയും ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായൊരു സാമൂഹ്യമുന്നേറ്റവുമാണ് ഇവര്‍ പടര്‍ത്തിയത്. ബഹുദൈവവിശ്വാസികളായ വലിയവിഭാഗം ജനങ്ങളെ ഇത്തരത്തില്‍ ഇന്ത്യയില്‍ ആകര്‍ഷിക്കുകയും ഇസ്‌ലാമിലേക്ക് പരിവര്‍ത്തനപ്പെടുത്തുകയും ചെയ്യുന്നതില്‍ സൂഫികള്‍ വഹിച്ച പങ്ക് നിസ്തുലമാണ്.

ഖുറാന്റെയും സര്‍വശക്തനായൊരു ദൈവത്തിന്റെയും അസ്തിത്വം സൂഫി പാരമ്പര്യത്തിലില്ല. അവിടെ ദൈവത്തോടുള്ള ഭയമില്ല സ്‌നേഹമേയുള്ളൂ. പൗരോഹിത്യവും പിന്നീട് കൈവന്ന രാഷ്ട്രീയാധികാരവും മതത്തെ ഉപയോഗിച്ച് സ്ത്രീകളെ രണ്ടാംകിട പൗരരാക്കുകയായിരുന്നു. ഇതിനെതിരായ കടന്നാക്രമണങ്ങള്‍ പ്രവാചകജീവിതത്തെത്തന്നെ ഉദ്ധരിച്ച് പലരും എതിര്‍ത്തിട്ടുമുണ്ട്.

‘ക അബയുടെ ഉള്ളിലിരിക്കുന്ന ആള്‍ വീണ്ടും ക അബയുടെ നേരെ തിരിയേണ്ടതില്ല’ എന്ന റൂമിയുടെ വരികള്‍ ശ്രദ്ധിക്കുക.

‘യാഥാസ്ഥിതികത അജയ്യമായി വാഴുന്ന ഒരു സമൂഹത്തിന്റെ മതത്തില്‍നിന്ന്, ദൈവത്തിലും പ്രവാചകരിലുമുള്ള വിശ്വാസംമാത്രം സ്വീകരിച്ചു. മറ്റെല്ലാം നിരാകരിച്ചു . ഒരിക്കല്‍പ്പോലും നിസ്‌ക്കരിച്ചില്ല. നോമ്പുനോറ്റില്ല. നിഷിദ്ധമായ മദ്യം നിത്യവും ഉപയോഗിച്ചു. നൃത്തം സംഗീതം സൗന്ദര്യോപാസന ചൂതാട്ടം എല്ലാം ആസ്വദിച്ചു.’ എന്ന് മിര്‍സാഗാലിബിനെക്കുറിച്ചുള്ള പുസ്തകത്തിന്റെ ആമുഖത്തില്‍ കെ.പി.എ സമദ് എഴുതുന്നുണ്ട്. കപട സദാചാരവാദികളേയും പൗരോഹിത്യത്തേയും ഗാലിബ് കണക്കിന് പ്രഹരിക്കുന്നുണ്ട്.

‘ഉപദേശിയുടെ വഴിയും മധുശാലയുടെ വാതിലും
ഒരിക്കലും കൂട്ടിമുട്ടില്ല എന്നല്ലേ പറയുന്നത് ?
എന്നാല്‍ കേട്ടോളൂ, ഇന്നലെ ഞാന്‍ ഇറങ്ങുമ്പോള്‍
ഉപദേശി അങ്ങോട്ട് കയറുകയായിരുന്നു’

സൂഫിസം സാധ്യമാക്കിയ പൗരോഹിത്യമാണ് പില്‍ക്കാലത്ത് സൂഫിസത്തിനും സമുദായത്തിലെ സ്ത്രീകള്‍ക്കുമെതിരെ രംഗത്തുവരുന്നതെന്ന് കാണാവുന്നതാണ്.

‘പ്രവാചകന്റെ മദീനയില്‍ സ്ത്രീകള്‍ അടിമത്തത്തില്‍നിന്നും അക്രമങ്ങളില്‍നിന്നും തലയുയര്‍ത്തി അറബ് ലോകത്തിന്റെ ചരിത്രനിര്‍മ്മി തിക്കായി തുല്യപങ്കാളിത്തത്തോടെ മുന്നോട്ട് വന്നതിന്റെ സാക്ഷ്യങ്ങള്‍ ചരിത്രത്തില്‍ ധാരാളമുണ്ട്.

മക്കയിലെ കുലീനഗോത്രാധിപത്യത്തില്‍ നിന്ന് ഏഴാം ശതാബ്ദത്തില്‍ ആയിരക്കണക്കിനു സ്ത്രീകള്‍ പ്രവാചകന്റെ നഗരമായ മദീനയിലേക്ക് കൂട്ടത്തോടെ പലായനം ചെയ്തത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും, യജമാനന്മാര്‍ക്കും ഭൃത്യന്മാര്‍ക്കും ഇസ്‌ലാം ഒരുപോലെ അന്തസ്സും സമത്വവും വാഗ്ദാനം നല്‍കിയതു മൂലമായിരുന്നു.’ എന്ന് ഫാത്തിമ മെര്‍നീസി തന്റെ മുഖപടത്തിനപ്പുറത്തെ നേരുകളെന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.

ഫാത്തിമ മെർനീസി

സഹാബിയ്യത്ത് എന്ന പദത്തിന്റെ സ്ത്രീലിംഗശബ്ദം (സഹാബി) മുസ്‌ലികളുടെ ഭാഷയില്‍ ഉണ്ട് എന്നതുതന്നെ അഭിമാനത്തിന് വക നല്‍കുന്ന ഒരു സംഗതിയാണെന്നും പുരുഷന്മാരോട് തോളോടുതോള്‍ ചേര്‍ന്ന് മുസ്‌ലിം സമുദായം കെട്ടിപ്പടുത്ത ആയിരക്കണക്കിന് സ്ത്രീകളുടെ ജീവചരിത്രരേഖകള്‍ സഹാബിയ്യത്തിന്റെ വിശദാംശങ്ങള്‍ വെളിവാക്കുന്ന ഇസ്ലാമിക ചരിത്രഗ്രന്ഥങ്ങളില്‍ ലഭ്യമാണെന്നും ഫാത്തിമ മെര്‍നീസി വെളിപ്പെടുത്തുന്നുണ്ട്.

‘മുസ്‌ലികളുടെ നേതാവാകാന്‍ ഒരു സ്ത്രീയ്ക്കു കഴിയുമോ?’ എന്ന ചോദ്യത്തിനുമുന്നില്‍ ഒരു പലവ്യഞ്ജനക്കടക്കാന്‍ ഞെട്ടിത്തരിച്ചുപോയിയെന്നും താന്‍ വാങ്ങാന്‍ പോയ അര ഡസന്‍ മുട്ടകള്‍ അയാളുടെ കൈകളില്‍നിന്നു വീണുപോയേനെയെന്നും പറയുന്നുണ്ട് ഫാത്തിമ മെര്‍നീസി.

‘അല്ലാഹുവില്‍ ഞാന്‍ അഭയം പ്രാപിക്കുന്നു!’ എന്ന് ഒരാളും
‘കാലത്തിന്റെ അത്യാഹിതങ്ങളില്‍ നിന്ന് ദൈവം നമ്മെ രക്ഷിക്കു മാറാകട്ടെ!’ എന്ന് മറ്റൊരാളും ഈ ചോദ്യത്തോട് പ്രതികരിച്ചു. എന്നാല്‍ എക്കാലവും സ്ത്രീകള്‍ക്കെതിരെ ഉപയോഗിച്ചൊരു ഹദീസെടുത്താണ് മറ്റൊരാള്‍ വീശിയത്. ‘സ്വന്തം കാര്യങ്ങള്‍ സ്ത്രീയെ ഏല്പിക്കുന്നവര്‍ ഒരിക്കലും ഐശ്വര്യം അറിയുകയില്ല.’

ഈ ഹദീസ് സംബന്ധിച്ച വിശദാംശങ്ങള്‍ മെര്‍നീസി അവരുടെ പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. സ്ത്രീകളെ രാഷ്ട്രീയത്തില്‍നിന്നൊഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ എഴുത്തുമുപയോഗിക്കുന്ന മാരകായുധമാണ് മേലുദ്ധരിച്ച ഹദീസെന്നും അവര്‍ തുറന്നടിക്കുന്നുണ്ട്. മാത്രമല്ല ഇസ്‌ലാമിക ചരിത്രത്തില്‍ ആയിശ നേരിട്ട് പങ്കെടുത്ത യുദ്ധത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതിനു പകരം ‘ഒട്ടക യുദ്ധം’ ((Battle of Camel)) എന്നു വിളിച്ച് അധിക്ഷേപിക്കുന്നതുപോലും ആയിശയെന്ന സ്ത്രീയുടെ പേര് മറച്ചുപിടിക്കാനാണെന്നും അവര്‍ ആരോപിക്കുന്നു. ആര്‍ത്തവം ഉപവാസം എന്നിവ സംബന്ധിച്ചും 1,210 ഹദീസുകള്‍ക്ക് കടപ്പെട്ട ആയിശയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ചും അവര്‍ തന്റെ കൃതിയില്‍ വ്യക്തമാക്കുന്നുണ്ട്.

ആദ്യമായി അല്ലാഹുവിന്റെ വചനങ്ങള്‍ നബി കേള്‍പ്പിച്ചത് ഒരു സ്ത്രീയെയാണ് അവള്‍തന്നെയാണ് ആദ്യമായി ഇസ്‌ലാമായ വ്യക്തിയും. എന്നിട്ടും സ്ത്രീയെ പില്‍ക്കാലത്ത് മതപൗരോഹിത്യം രണ്ടാംകിടയാക്കിയതിനുപിന്നില്‍ വ്യക്തമായ വിവേചനംതന്നെയാണുള്ളത്.

സ്വാത്ത് താഴ്വരയില്‍ ഇസ്‌ലാമിക തീവ്രവാദികളുടെ വെടിയുണ്ടയേറ്റുവാങ്ങേണ്ടിവന്ന മലാല യൂസുഫ്‌സായിയുടെ പേരുപോലും ബ്രിട്ടീഷുകാര്‍ക്കെതിരെ പഷ്ത്തൂണ്‍ പക്ഷത്തുനിന്നു പോരാടിയ മെയ് വന്ദിലെ മലലായുടെ പേരില്‍നിന്നുമായിരുന്നുവെന്നതും സുവിദിതമാണല്ലോ.

ഇസ്‌ലാമിനെ മുസ്‌ലിങ്ങള്‍ മഹത്വപ്പെടുത്തുകയല്ല, ഇസ്‌ലാം മുസ്‌ലിങ്ങളെ മഹത്വപ്പെടുത്തുകയാണുണ്ടായത് എന്നും അവരുടെ വിശ്വാസം സ്വഭാവം മാത്രമാവുകയും ജീവിതപദ്ധതിയല്ലാതാവുകയും ചെയ്തുവോ അന്നുമുതല്‍ അവരുടെ സംസ്‌കാരത്തിന്റെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നതും ബോധപൂര്‍വം പിന്തുടര്‍ന്ന് ചെല്ലേണ്ടതുമായ സര്‍ഗപ്രചോദനം ക്ഷയിക്കുകയും അതു സാവധാനം ആലസ്യത്തിനും വന്ധ്യതക്കും സാംസ്‌കാരിക ജീര്‍ണതയ്ക്കും വഴിമാറിക്കൊടുക്കുകയും ചെയ്തു എന്ന നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട് മെക്കയിലേക്കുള്ള പാതയെന്ന വിഖ്യാത കൃതിയെഴുതിയ മുഹമ്മദ് അസദ്.

പല മുസ്‌ലിം രാഷ്ട്രങ്ങളിലും നിരവധി നൂറ്റാണ്ടുകളായി സ്ത്രീകളെ സാമൂഹികമായി അകറ്റിനിര്‍ത്തുന്നതിന്റേയും കുറ്റം ഇസ്‌ലാമിക നിയമങ്ങള്‍ക്കല്ല, അചാരങ്ങള്‍ക്കുതന്നെയാണ്. ഖുറാനിലോ പ്രവാചകന്റെ ജീവിതമാതൃകയിലോ ഈ നടപടിയെ സാധൂകരിക്കുന്ന യാതൊന്നും നമുക്ക് കാണാനാവില്ലെ”ന്നും ‘ആത്മീയതയെ ഭൗതികജീവിതത്തില്‍ നിന്ന് വേര്‍പെടുത്തുകയോ ഒന്ന് മറ്റേതിന് വിപരീതാണെന്ന് സങ്കല്‍പിക്കുകയോ ചെയ്യുന്നില്ല മുഹമ്മദ്.” എന്നും അസദ് എഴുതുന്നുണ്ട്.

രാജവാഴ്ചകളും കച്ചവടത്തിലൂടെ കൈവന്ന സമ്പത്തും സുഖസൗകര്യങ്ങളും തങ്ങള്‍മാത്രം അനുഭവിച്ചാല്‍മതിയെന്ന തരത്തേക്ക് മതംപോവുകയും ഇസ്‌ലാമിന്റെ ലളിത ജീവിമെന്ന തത്വം പാടെ കുഴിച്ചുമൂടുകയും അതിലുണ്ടായിരുന്ന സ്ത്രീവരുദ്ധതയുടെ അംശങ്ങളെ പുരുഷ പൗരോഹിത്യം മുമ്പോട്ടുവെക്കുകയും ഇസ്‌ലാം വിദ്യാഭ്യാസത്തിലുടെ അത് സംസ്‌കാരത്തിന്റെയും ശീലത്തിന്റെയും ഭാഗമാക്കുകയും ചെയ്യുകയായിരുന്നു.

ഈ സാംസ്‌കാരികമായ പുരുഷാധിപത്യത്തെയും പൗരോഹിത്യത്തേയുമാണ് ലോകമാകെയെന്നതുപോലെ ഈ കേരളത്തിലും മുസ്‌ലീം സ്ത്രീകള്‍ എതിര്‍ക്കുന്നത്. കേരളത്തിന്പുറത്ത് ഇന്ത്യയില്‍ പലസ്ഥലത്തും ഇത് നടക്കാത്തത് അവരുടെ ദാരിദ്ര്യവും സംഘപരിവാരത്തിന്റെ രാഷ്ട്രീയമേല്‍ക്കോയ്മയുമള്ളതുകൊണ്ടുമാണ്. അവിടേയും മുസ്‌ലിം സ്ത്രീകള്‍ ഇരട്ടച്ചൂഷണത്തിനും അടിച്ചമര്‍ത്തിലിനുമാണ് വിധേയമാകുന്നത്.

ഇസ്‌ലാമിക രാജ്യങ്ങളില്‍പ്പോലുമില്ലാത്ത നിയന്ത്രങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേയമാക്കാന്‍ ശ്രമിക്കുകയാണ് പലയിടത്തും പുരുഷപൗരോഹിത്യം. പ്രവാചകനുപുറമെ അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നിവര്‍ക്കുശേഷം ചരിത്രത്തിലുടനീളം ഒരു യഥാര്‍ഥ ഇസ്‌ലാമികരാഷ്ട്രം ഉണ്ടായിട്ടില്ല.

ലോകമാകെ ഇസ്‌ലാമിന്റെ കീഴില്‍വന്നിട്ടുപോലും അത്തരത്തിലൊന്ന് സ്ഥാപിക്കാന്‍ ഇസ്‌ലാം മതവിശ്വാസികളായ ഭരണാധികാരികള്‍ക്കുപോലും കഴിഞ്ഞിട്ടില്ല. മൂന്നു നൂറ്റാണ്ടുകള്‍ ഇന്ത്യയെ മുഗള്‍ സാമ്രാജ്യം അടക്കിഭരിച്ചിട്ടും ഇവിടെ അവര്‍ക്കുവേണമെങ്കില്‍ ഒരു ഇസ്‌ലാമിക രാഷ്ട്രമാക്കാന്‍ കഴിയുന്ന സൈനികശേഷിയുണ്ടായിട്ടും അവരതിന് തുനിഞ്ഞിട്ടില്ല.

ആധുനിക വിദ്യാഭ്യാസമാണ് ഇസ്‌ലാമിക രാഷ്ട്രത്തിന് തടസ്സമെന്ന പില്‍ക്കാല വാദങ്ങള്‍ക്ക് വിരുദ്ധമാണിത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തോടെ സാമ്രാജ്യത്വത്തില്‍നിന്നും വിമോചിതമായ ലോകത്ത് ഇസ്‌ലാം ഭൂരിപക്ഷമായ ഒട്ടേറെ രാജ്യങ്ങള്‍ നിലവില്‍വന്നെങ്കിലും എവിടേയും പക്ഷേ ഒരിസ്‌ലാമിക രാഷ്ട്രം നിലവില്‍വന്നിട്ടില്ല. അപ്പോഴെല്ലാം ഈ പൗരോഹിത്യം ശക്തമായി നിലയുറപ്പിച്ചരുന്നു.

ബോധത്തെ നിര്‍ണയിക്കുന്നത് സാമൂഹ്യ അവസ്ഥകളാണെന്ന മാര്‍ക്‌സിസ്റ്റ് ധാരണകളെ ഇസ്‌ലാമിന്റെ ദേശരാഷ്ട്രസങ്കല്‍പ്പം മറ്റൊരുതരത്തില്‍ പിന്‍പറ്റുന്നുണ്ട്. തൊഴിലാളിവര്‍ഗ സര്‍വാധിപത്യമാണ് കമ്യൂണിസ്റ്റ് സമൂഹത്തിന്റെ സ്ഥാപനമെന്നു പറയുന്നതുപോലെയാണ്. ഒരിസ്‌ലാമിക രാജ്യസ്ഥാപനമില്ലാതെ, ഭരണകൂടമില്ലാതെ ഈ ചിന്തകള്‍ സൈദ്ധാന്തിക തലത്തില്‍ അവശേഷിക്കുമെന്നാണ് പറയപ്പെടുന്നത്.

സോവിയറ്റ് യൂണിയനിലെ സാമൂഹ്യ അവസ്ഥകള്‍ക്ക് ഇസ്‌ലാമുമായി ഉപരിപ്ലവമായ സാമ്യം കണ്ടെത്താവുന്നതാണെന്ന് മുഹമ്മദ് അസദ് പറയുന്നുണ്ട്. ഇസ്‌ലാമില്‍ ദൈവമെന്നതുപോലെ കമ്യൂണിസത്തില്‍ ജനങ്ങള്‍ക്കുമേല്‍ ആദര്‍ശത്തെ കുടിയിരുത്തിയെന്നാണദ്ദേഹം സൂചിപ്പിക്കുന്നത്. മതം രാഷ്ട്രീയത്തിലിടപെടരുതെന്ന പാശ്ചാത്യ ആധുനികത ഉയര്‍ത്തിപ്പിടിക്കുന്ന ചിന്തകള്‍ അഭ്യസ്ഥവിദ്യരായ മുസ്‌ലിം യുവജനതയെ സ്വാധീനിക്കുന്നുണ്ട്.

സദാചാരം ധാര്‍മ്മികതയുള്‍പ്പെടെ ലോകത്ത് ഇന്നു നിലനില്‍ക്കുന്ന വിഷയങ്ങള്‍ക്കൊന്നും ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ മുതലാളിത്തത്തിനോ സോഷ്യലിസത്തിനോ കമ്യൂണിസത്തിനോ ശാസ്ത്രത്തിനോ കഴിയില്ലെന്നും അത് മതത്തിനു മാത്രമേ കഴിയൂവെന്നുമാണ് ഇസ്‌ലാം വിശ്വസിക്കുന്നത്.

ഇസ്‌ലാമിക ശരീയത്തിനെ സംബന്ധിച്ച ഖണ്ഡിതമായ വിധികള്‍ ഖുറാനിലും സുന്നത്തിലും പരിമിതപ്പെടുത്തിയത് നിയമപരവും സാമൂഹികവുമായ കടുംപിടുത്തങ്ങള്‍ ഒഴിവാക്കാനാണെന്ന് ഇസ്‌ലാമിക ശരിയത്തിനെ സംബന്ധിച്ചും ഇസ്‌ലാം സ്റ്റേറ്റിനെ സംബന്ധിച്ചുമെഴുതിയ മുഹമ്മദ് അസദ് തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്.

മെക്കയിലേക്കുള്ള പാതയെഴുതിയ അസദ് തന്നെയാണ് മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച തീര്‍പ്പുകള്‍ പരിഹരിക്കാന്‍ അത് മനുഷ്യന് വിടുകയാണ് ചെയ്തതെന്നു, തന്റെ ‘രാഷ്ട്രവും ഭരണകൂടവും ഇസ്‌ലാമില്‍’ എന്ന പുസ്തകത്തില്‍ പറയുന്നത്. ഇസ്‌ലാമിക ശരിയത്തിനെ ആത്മനിഷ്ഠ സ്വഭാവമുള്ള പണ്ഡിത നിഗമനങ്ങള്‍ക്ക് വിട്ടുകൂടായെന്നും അസദ് പറയുന്നുണ്ട്.

ഖുറാനിലേയും സുന്നത്തിലേയും രാഷ്ട്രീയ ശാസനകളെ വസ്തുനിഷ്ഠമായ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍, അവ ഒരു പ്രത്യേകരാഷ്ട്രരൂപം മുന്നോട്ടുവെക്കുന്നില്ലെന്നും കാലത്തിന്നനുസരിച്ച് മാറുന്ന അവസ്ഥകളോട് നീതിപുലര്‍ത്താന്‍ അത്തരം നിര്‍ബന്ധങ്ങള്‍ക്ക് കഴിയില്ലെന്നും ഇസ്‌ലാമിക രാഷ്ട്രം സംബന്ധിച്ച് അനേകം രൂപങ്ങളുണ്ടെന്നും അതത് കാലത്തിനും ദേശത്തിനുമനുസരിച്ചുള്ളവ കണ്ടെത്തേണ്ടത് അതത് കാലഘട്ടത്തിലെ മുസ്‌ലീങ്ങളാണെന്നും അസദ് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. പൗരോഹിത്യമെന്നല്ല പറയുന്നത്.

ഇന്ത്യയിലുള്‍പ്പെടെ ഇന്നു പ്രാക്ടീസ് ചെയ്യപ്പെടുന്ന ഇസ്‌ലാം എന്നത് കലര്‍പ്പിലൂടെ ഉരുത്തിരിഞ്ഞതാണ്. ഈ കലര്‍പ്പ് സംബന്ധിച്ച് അസദ് തന്റെ മെക്കയിലേക്കുള്ള പാതയെന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഇവിടെയുള്ള പലആചാരങ്ങളും ശരിയായ ഇസ്‌ലാമെന്നു പറയുന്ന രീതികള്‍ക്കെതിരാണ്.

ഈ കലര്‍പ്പ് സംബന്ധിച്ച് എം.എന്‍.കാരശ്ശേരിയുള്‍പ്പെടെയുള്ളവര്‍ പലപ്പോഴും പരാമര്‍ശിക്കുന്നതുമാണ്. ഈ കലര്‍പ്പിനെ ഇല്ലാതാക്കി ശുദ്ധമായ ഇസ്‌ലാമിനെ സ്ഥാപിക്കുകയെന്നൊരു വിഭാഗം ഇസ്‌ലാം മതവിശ്വാസികളില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അവരാണ് നിലമ്പൂര്‍പോലുള്ള സ്ഥലങ്ങളില്‍ ആടുമേയ്ക്കല്‍പോലുള്ള പുരാതനമായ സാമൂഹ്യ അവസ്ഥകളെ പുനസ്ഥാപിക്കാന്‍ ശ്രമിച്ചതും. ഈജിപ്തില്‍നിന്നും ആഗോള ഇസ്‌ലാമിന്റെ നേതൃത്വം സൗദിയിലേക്ക് മാറിയതാണിതിന് കാരണമെന്ന നിരീക്ഷണവും കാരശ്ശേരിമാസ്റ്റര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരീക്ഷിക്കുന്നുണ്ട്.

സ്വാതന്ത്ര്യാനന്തരം ലിബറലുകളും വിദ്യാസമ്പന്നരുമായ മുസ്‌ലീങ്ങള്‍ പാക്കിസ്ഥാനിലേക്ക് പോയത് നികത്താനാവാത്ത നഷ്ടമാണെന്നു പറയുന്ന അസ്ഗര്‍ അലി എഞ്ചിനീയറും, ഖുറാന്‍ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചാല്‍ മുസ്‌ലിം വ്യക്തിനിയമം ദൈവികമല്ലെന്നും അതങ്ങനെയാണെന്ന തെറ്റിദ്ധാരണയെ തിരുത്തണമെന്നും പറയുന്നുണ്ട്.

ക്രൈസ്തവ സഭയിലുള്ളതുപോലെ പൗരോഹിത്യ വ്യവസ്ഥ നിലിവിലില്ലാത്തതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഏകശിലാപരമായ തീരുമാനങ്ങള്‍ എവിടേയും ലഭ്യമല്ല. വ്യാഖ്യാനങ്ങളാകട്ടെ ആത്മിഷ്ഠങ്ങളുമാണ്. നേരത്തേ കൂടുതല്‍ മതപരമായി, മതം നേരിട്ട് ഇടപെട്ട സൗദി അറേബ്യയില്‍പ്പോലുമില്ലാത്ത പരിഷ്‌ക്കാരങ്ങളും നടപടിക്രമങ്ങളുമാണ് ഇസ്‌ലാമിക ഭരണമില്ലാത്ത, എന്നാല്‍ ഒരു സ്വതന്ത്ര പരമാധികാര രാജ്യത്തെ പൗരന്‍മാരോട് അതിന്റെ മതനേതൃത്വം ആവശ്യപ്പെടുന്നത്. ഈ വൈരുധ്യങ്ങളെ എങ്ങനെ മറികടക്കാമെന്ന ചോദ്യത്തില്‍നിന്നും അടുത്ത ഉത്തരത്തിലേക്ക് പോകേണ്ടിവരും.

ഹിന്ദുത്വഫാസിസം പിടിമുറുക്കുന്ന വര്‍ത്തമാനത്തില്‍ ഇന്ത്യയിലെ മുസ്‌ലീങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കൂടി അഭിസംബോധനെചെയ്തുവേണം ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കാനെന്ന തരത്തില്‍ പലവിധ കോണുകളില്‍നിന്നും ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍കൂടി പരിഗണിക്കേണ്ടതുണ്ട്.

കമ്യൂണിസമെന്ന സാമൂഹ്യ അവസ്ഥപോലെ ഒരു ഇസമല്ല സൂഫിസം. അതൊരു അന്വേഷണമാണ്, ആത്മാന്വേഷണമാണ്. ഏത് സാമൂഹ്യ അവസ്ഥകളിലും ആ അന്വേഷണം തുടരുന്നതാണ്. പ്രാചീനകാലംമുതല്‍ മുഗള്‍രാജവംശകാലഘട്ടത്തിലും തുടര്‍ന്നുള്ള ബ്രിട്ടീഷ് സാമ്രാജ്യത്വകാലത്തും ഈ മുതലാളിത്ത വ്യവസ്ഥയിലും അത് അഭംഗുരം തുടരുന്നുണ്ട്.

ഭാവിയില്‍ വരാനിരിക്കുന്ന സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് സമൂഹത്തില്‍പ്പോലും ഇത് തുടരാം. ഇങ്ങനെ തുടരാവുന്നതിന് ഏറ്റവും പറ്റിയ സാമൂഹ്യസ്ഥാപനം അത് കമ്യൂണിസവുമാണ്. അവനവനേയും ലോകത്തേയും അറിയലാണത്. ഓഷോയുടെ ചിന്താഗതി പ്രാവര്‍ത്തികമാകുന്ന സമൂഹം കമ്യൂണിസമാണെന്നു പറയുന്നതുപോലെ ഒരാള്‍ക്ക് യാതൊരു തടസ്സങ്ങളേ എതിര്‍പ്പോ ഇല്ലാതെ സൂഫിയാകാന്‍ കഴിയുന്ന സാമൂഹ്യ വ്യവസ്ഥയും കമ്യൂണിസമായിരിക്കും.

അതുകൊണ്ടായിരിക്കണം, ഇസ്‌ലാം മതം പ്രചരിപ്പിക്കാന്‍ കാബൂള്‍ വഴി പുറപ്പെട്ട മുഹാജിറുകള്‍ തങ്ങളുടെ ജീവിവീക്ഷണത്തിന് അനുയോജ്യമായ പ്രത്യയശാസ്ത്രം കമ്യൂണിസമാണെന്നു തിരിച്ചറിയുന്നത്. ലോകമാകെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇസ്ലാമിസ്റ്റുകളും തമ്മിലുണ്ടാകുന്ന കൊടുക്കല്‍വാങ്ങലുകളുടെ സൈദ്ധാന്തിക അടിത്തറയ്ക്ക് ഇതൊരു കാരണമായിരിക്കാം. ദേശമെന്ന സങ്കുചിതത്വത്തെ പാടെ അവഗണിക്കുന്നുണ്ട് രണ്ടും. കമ്യൂണിസ്റ്റുകാര്‍ക്ക് തൊഴിലാളിവര്‍സ സാര്‍വേദശീയതയുണ്ട്. ഭരണകുടം അധികാരം എന്നിവ കമ്യൂണിസ്റ്റ് സമൂഹത്തിലില്ലാത്തുപോലെ സൂഫികളായവരും അധികാരത്തിന്റെ അകത്തളങ്ങളില്‍നിന്നും സ്വയം വേറിട്ടുനിന്നവരാണെന്നു കാണാവുന്നതാണ്..

‘എന്റെ മതം മനുഷ്യന്റെ ഏകത്വമാണ്
എന്റെ പ്രമാണം ആചാരങ്ങളുടെ നിരാസമാണ്
മതങ്ങള്‍ ഇല്ലാതായാല്‍ വിശ്വാസം വിശുദ്ധമായി”
എന്നാണ് ഇന്ത്യ ലോകത്തിനുനല്‍കിയ എക്കാലത്തേയും വലിയ കവികളിലൊരാളായ മിര്‍സാഗാലിബ് പറയുന്നത്.

അറബ് വംശാധിപത്യത്തിന്റെ സ്വേഛാപരതയില്‍നിന്നും വിടുതല്‍ നേടിയ വിശ്വാസവിഭാഗങ്ങളാണ് ക്രമേണ സൂഫിസത്തിലേക്കു തിരിയുന്നത്. ഇവരുടെ ആശയപ്രചരണ മാധ്യമമെന്നനിലയിലാണ് ഗസലുകള്‍ ഉരുവംകൊള്ളുന്നതു. ഗസല്‍ എന്ന വാക്കിന്റെ അര്‍ഥംതന്നെ സ്ത്രീയോടുള്ള സംഭാഷണമെന്നാണെന്ന് ഇതുസംബന്ധിച്ച ഒരു ഗവേഷക ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന്റെ ഏറ്റവും ഉജ്വലമായ ഇന്ത്യന്‍ കവി കൂടിയാണ് മിര്‍സാഗാലിബ്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഷേക്‌സ്പിയറിന്റെ സ്ഥാനമാണ് ഗാലിബിന് ഉറുദുവില്‍. ഈ ഉറുദുവാണ് പ്രോത്സാഹിപ്പിക്കണ്ടതെന്ന് മഹാത്മാഗാന്ധിയും പറയുന്നുണ്ട്.

സൂഫി ചിന്തകളും അതിന്റെതന്നെ വിവിധധാരകളും ഇസ്‌ലാമിന്റെ സ്ഥാപനത്തോടൊപ്പമോ അതിനുമുമ്പ് ഈ ലോകത്തുണ്ട്. സ്വതന്ത്രചിന്തയും സ്വതന്ത്രജീവിതവുമെന്നത് ഏതെങ്കിലും മതവുമായി ബന്ധപ്പെട്ടതല്ല. മതമുണ്ടാകുന്ന കാലത്തിനുമുമ്പാണതിന്റെ വേരുകള്‍. എട്ടാം നൂറ്റാണ്ടിന്റെ മധ്യകാലം. ഇസ്‌ലാമിക സാമ്രാജ്യങ്ങള്‍ വികസിക്കുന്നു, കൊട്ടാരങ്ങളില്‍ സമ്പത്തും ആഡംബരങ്ങളും കുന്നുകൂടുന്നു. ഭൗതികതയുടെ ആ വലിയ കടലില്‍ മനുഷ്യര്‍ സ്വന്തം ആത്മാവിനെ മറന്ന് ഒഴുകിനടന്ന കാലം. അപ്പോഴാണ് ഒരു കൂട്ടം മനുഷ്യര്‍ ഉണര്‍ന്നത് ‘നമുക്ക് വേണ്ടത് കൊട്ടാരങ്ങളല്ല, പടച്ചവനിലേക്കുള്ള വഴിയാണ്.” സൂഫിധാരയും പതിമൂന്ന് നൂറ്റാണ്ടുകളിലേറെയായി ഇവിടെയുണ്ട്, പിന്നെ എന്തിനാണ് ഈ എതിര്‍ ശബ്ദം ഇപ്പോള്‍ ഉയരുന്നത്?

നഗരവല്‍ക്കരണമാണ് മനുഷ്യനെ നശിപ്പിച്ചതെന്ന തരത്തിലുള്ള നിരീക്ഷണമടക്കമുണ്ട് നബിയുടെ ഒരു ജീവചരിത്രത്തില്‍. ഗ്രാമീണതയോടും ഫ്യൂഡല്‍മൂല്യങ്ങളോടും ഒരുതരം അഭിനിവേശം ഇന്നും പലരിലുമുണ്ടല്ലോ. ഭരണകൂടരഹിതമായൊരു സമൂഹത്തില്‍ ഏറ്റവും മുകളില്‍ അല്ലാഹുവാണെന്ന് സങ്കല്‍പ്പിക്കുന്നതില്‍ തെറ്റില്ല. ‘അവനെ കുമ്പിടാന്‍ ഈ ഗേഹത്തിലേക്ക് വരൂ’ എന്നതാണല്ലോ പ്രാര്‍ഥന തന്നെയും. അലഞ്ഞുതിരിയുന്ന ഒരു സമൂഹത്തെസംബന്ധിച്ച് ഇത് പ്രാധാന്യമുള്ളതും അത്യന്തം എളുപ്പവുമായിരുന്നു. മറ്റൊരു രക്ഷയുമില്ലാത്ത ജീവിതത്തില്‍ അല്ലാഹുവെന്നത് എല്ലാമെല്ലാമായി ഉയര്‍ന്നുനില്‍ക്കുന്നുണ്ട്. പ്രാചീനമായ എല്ലാ ഗോത്രസമൂഹങ്ങള്‍ക്കിടയിലും ഇത്തരം വിവിധ വിശ്വാസസംഹിതകള്‍ നിലനിന്നിരുന്നല്ലോ.

മാറിയ ലോകസാഹചര്യത്തില്‍, നാടോടികളല്ലാതായിമാറിയ നഗരജീവികളായ മനുഷ്യരെ സംബന്ധിച്ച് അവരുടെ ലൗകികജീവിതത്തില്‍ പക്ഷേ ഇത് എളുപ്പമല്ല. കാരണം ഇവിടെ ഭരണകൂടമുണ്ട് ഭരണാധികാരികളുണ്ട് പൊലീസും പട്ടാളവുമുള്‍പ്പെട്ട നിരവധിയായ സംവിധാനങ്ങളുണ്ട്. എല്ലായിടത്തും ദൈവംപോലെ ഭരണകൂടത്തിന്റെ അദൃശ്യസാന്നിധ്യമുണ്ട്. മനുഷ്യരെ ഭരിക്കുന്ന മനുഷ്യരെന്നത്, എല്ലാറ്റിനുംമീതെ ദൈവത്തെക്കാണുന്നവരെ സംബന്ധിച്ച് അംഗീകരിക്കാന്‍ പ്രയാസമുള്ളതാണ്.

മതസ്വത്വബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ അത്തരമൊരു രീതിയിലേക്ക് എളുപ്പം എത്തിപ്പെടുകയും ചെയ്യും. വിശ്വാസികളുടെ ജീവിതത്തില്‍ ഇതുണ്ടാക്കുന്ന വൈരുദ്ധ്യം അത്യന്തം സങ്കീര്‍ണമാണ്. ഒരുഭാഗത്ത് സര്‍വശക്തനായ ദൈവത്തെമാത്രം കുമ്പിടാന്‍പറയുകയും ലൗകികജീവിതത്തില്‍ മറ്റു പലതിനും വിധേമാകേണ്ടിവരുന്ന അവസ്ഥയുണ്ട്.

ഭരണകൂടരഹിതമായൊരു വ്യവസ്ഥിതി വിഭാവനംചെയ്യുന്ന കമ്യൂണിസ്റ്റ് സമൂഹത്തില്‍ വിശ്വാസികളെ സംബന്ധിച്ച് കുമ്പിടാന്‍ ദൈവം മാത്രമേയുണ്ടാകൂ….. ഒരുപക്ഷേ ഇതായിരിക്കണം മുസ്‌ലീങ്ങളെ കമ്യൂണിസത്തിലേക്ക് എളുപ്പത്തില്‍ ആകര്‍ഷിച്ചതെന്നു തോന്നുന്നു. റഷ്യയിലേക്ക് പോയ ഇസ്‌ലാം മതവിശ്വാസികളാണ് ലോകത്ത് അന്നുവരെയില്ലാത്തൊരു പരീക്ഷണത്തെ നേരില്‍ കാണുന്നതും അതിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്തത്.

ഈയൊരു വൈരുധ്യത്തില്‍ തങ്ങള്‍ക്കുകീഴിലുള്ള വിശ്വാസികളെയെങ്കിലും മതത്തിനും ആചാരത്തിനും കീഴ്‌പ്പെടുത്തുകയെന്ന ദൗത്യമായിരിക്കാം മതത്തിലെ സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തലുകള്‍ക്ക് കാരണം. അപ്പോഴും ആധുനിക സമൂഹം മുന്നോട്ടുവെക്കുന്ന ജീവിതസാഹചര്യങ്ങള്‍ മതപരമായ വിലക്കുകളെ കടന്നുപോകാന്‍ നിര്‍ബന്ധിക്കുന്നതാണ്.

ജാതിവ്യവസ്ഥ ശക്തമായി നിലനില്‍ക്കുന്ന കാലത്ത് കടല്‍ക്കടന്നാല്‍ ജാതിപോകുമെന്ന പേടിയുള്ളതിനാല്‍ പലരും മുമ്പ് കടല്‍യാത്രചെയ്തിരുന്നില്ല. പുഴപോലും കടക്കാത്തവരുണ്ട്. അത്തരത്തിലുള്ള ഭീഷണികളെ തൃണവല്‍ഗണിച്ചാണ് മഹാത്മാഗാന്ധി ഇംഗ്ലണ്ടിലേക്കുപോയതെന്ന ചരിത്രം അദ്ദേഹത്തിന്റെ ആത്മകഥയില്‍വായിക്കാവുന്നതാണ്. വിദ്യാഭ്യാസ നിഷേധംമുതല്‍ സ്ത്രീവിദ്യാഭ്യാസത്തിനുവരെ ഏര്‍പ്പെടുത്തിയ വിലക്കുകളെല്ലാം സ്വയം പിന്‍വലിക്കുകമാത്രമല്ല, കേരളത്തിലെ മുഖ്യ വിദ്യാഭ്യാസ സ്ഥാപന നടത്തിപ്പുകാരായി സമ്പന്നരായ പ്രമാണികളും പുരുഷപൗരോഹിത്യവും മാറുന്നതിനുമാണ് കേരളം സാക്ഷ്യംവഹിച്ചത്.

ഇതുണ്ടാക്കുന്ന ആന്തരികവൈരുധ്യമാണിപ്പോള്‍ ശബ്‌നം നൂര്‍ജഹാന്‍ വിഷയത്തിലൂടെ പുറത്തേക്കുവരുന്നത്.

ശബ്‌നം നൂര്‍ജഹാന്‍

”കല്ലിലും ജപമാലയിലും ശരീരാലങ്കാരങ്ങളിലും ആര്‍ക്കോ വേണ്ടിയെന്നപോലെ നിര്‍വഹിക്കുന്ന നമസ്‌കാരങ്ങളിലും വാകീറി വിളിക്കുന്ന ബാങ്കുകളിലും ആകാശം മുട്ടിനില്ക്കുന്ന ദേവാലയത്തില്‍ എല്ലാ ആഢംബരങ്ങളോടെയും മുട്ടുകുത്തിനിന്ന് ലാളിത്യവും നിഷ്‌ക്കളങ്കതയും പ്രസംഗിക്കുന്ന കാപട്യങ്ങളിലും എങ്ങനെയാണ് സര്‍വ്വവ്യാപിയായ ദൈവത്തെ നിങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയുക” എന്ന കബീറിന്റെ ചോദ്യംതന്നെയാണ് ശബ്‌നം നൂര്‍ജഹാനും ആവര്‍ത്തിക്കുന്നത്.

ഭാരതീയ ജ്ഞാന പാരമ്പരയും സൂഫിസത്തിന്റെ നിഗൂഢ ജ്ഞാനവും ചേര്‍ന്ന് രണ്ടുധാരകള്‍ ഒരു ശരീരത്തില്‍ ഒന്നിച്ചു ചേര്‍ന്നതുപോലെയായിരുന്നു കബീര്‍ എന്നും പറയുന്നുണ്ട് ഷൗക്കത്ത്.

യാഥാസ്ഥിതികമായ എല്ലാ മതബോധങ്ങള്‍ക്കുമെതിരെയായിരുന്നു കബീറിന്റെ ചിന്തകള്‍ ആളുകളെ വഴിതെറ്റിക്കുന്നു എന്ന ചക്രവര്‍ത്തിയായ സിക്കന്ദര്‍ ലോദിയുടെ അടുത്ത് പോകുന്നുണ്ട്. ചക്രവര്‍ത്തിയുടെ തിരുമുമ്പില്‍ അദ്ദേഹം വന്ദിക്കാന്‍ പോയില്ല പരമമായ സത്യത്തിനു മുന്നിലല്ലാതെ ഒന്നിനെയും വണങ്ങേണ്ടതില്ല എന്നായിരുന്നു കബീറിന്റെ വിശ്വാസം. വിഗ്രഹാരാധനയെ അദ്ദേഹം ഒരിക്കലും അംഗീകരിച്ചില്ല ശിലകളെ ആരാധിക്കുന്നവര്‍ മാവരയ്ക്കുന്ന ആട്ടുകല്ലിനെ എന്തുകൊണ്ട് വണങ്ങുന്നില്ല എന്ന് പരിഹസിക്കുന്നുമുണ്ട്.

ഭസ്മമായിരിക്കുന്ന ശരീരത്തിലെന്തിനാണ് ഭസ്മം പൂശുന്നത്?
പൊടിഞ്ഞു പോകുന്ന രൂപത്തെ എന്തിനാണിങ്ങനെ എപ്പോഴും മിനുക്കിക്കൊണ്ടിരിക്കുന്നത്?
നാമജപം, ജപമാല, നിസ്‌കാരം, നോമ്പ്, ഹജ്ജ്! എന്തിന്? എന്തിന്?
നീ പറയൂ?
എന്തിനാണു നീ ഏകാദശി നോല്‍ക്കുന്നത്? ഖാസീ, എന്തിനീ മുഹ്‌റം?
പള്ളിയിലും ക്ഷേത്രങ്ങളിലുമാണ് ദൈവമെങ്കില്‍ ബാക്കിയിടങ്ങളിലെല്ലാം പിന്നെ എന്താണാവോ?

മറ്റൊരിടത്ത് ഇങ്ങനെ പറയുന്നുണ്ട്.

പൂണൂലണിയുന്നവര്‍ ദ്വിജന്മാരെങ്കില്‍ നല്ല കയറുകള്‍ എപ്പോഴും അണിയുന്ന
കിണറ്റിന്‍ കപ്പിയെ ബ്രാഹ്മണനെന്നു വിളിക്കാം.

കാലത്തു പള്ളിമേടയില്‍നിന്നു ഖാസി വാവിട്ടു വിളിച്ചുകൂവുന്നതെന്തിന്? അല്ലാഹു ബധിരനാണോ? ചത്തവരെ ആരാധിക്കുന്ന വിഡ്ഢികളെ നോക്കുവിന്‍! ശവം ദഹിപ്പിച്ചതിനുശേഷം എന്തൊരു സ്‌നേഹവും താല്പര്യവുമാണ്! ജീവിച്ചിരിക്കെ പ്രായമായവരെ വടിയെടുത്തു തല്ലുന്നവര്‍ മരിക്കുമ്പോള്‍ ഗംഗാജലം നല്കുന്നു. ജീവിച്ചിരിക്കേ പട്ടിണിക്കിടുന്നു. മരിച്ചാല്‍ പിണ്ഡം ഉരുട്ടിക്കൊടുക്കുന്നു. വൃദ്ധരായി ജീവിക്കുന്നവരെ തെറി പറയുന്നവര്‍ തന്നെയാണ് അവര്‍ മരിക്കുമ്പോള്‍ അവര്‍ക്കായി ശ്രാദ്ധമൂട്ടുന്നതും.

കബീര്‍ ചോദിക്കുന്നു: കാക്കയ്ക്കു കൊടുക്കുന്ന അന്നം ചത്ത കാരണവന്മാര്‍ക്ക് കിട്ടുന്നതെങ്ങനെ? നിങ്ങള്‍ സജീവരായിരിക്കുമ്പോള്‍ ജീവിതത്തിന്റെ സത്തയിലേക്കു ഒഴുകുക. വീണ്ടും കണ്ടുമുട്ടാന്‍ സാദ്ധ്യതയുള്ള അതിഥിയല്ല ജീവിതം. സൂഫി പാരമ്പര്യത്തിന്റെ ഇങ്ങേ കണ്ണിയില്‍നില്‍ക്കുന്ന കബീറിനെയടക്കമുള്ളവരെയാണ് ശബ്‌നം നൂര്‍ജഹാന്‍ പിന്തുടരുന്നത്.

നമുക്കൊരു ദൈവമുണ്ടായാല്‍ ആ ദൈവത്തിന് നമ്മളെക്കാള്‍ നിലവാരമുണ്ടായിരിക്കണമെന്നു പറയുന്ന ശബ്‌നം പുരോഹിതര്‍ പരിചയപ്പെടുത്തുന്ന അള്ളാഹുവിനെ സ്വീകരിക്കാന്‍ തയാറാകുന്നില്ല.

ദൈവത്തെയും ഈ ദൈവത്തെ പരിചയപ്പെടുത്തിയ പ്രവാചകചര്യയെയും പുരോഹിതര്‍ ശരിയായരീതിയിലല്ല പരിചയപ്പെുത്തേുന്നതെന്നും അതിന് നല്ല ഗുരുവിനെ ആവശ്യമുണ്ടെന്നും അത്തരം ഗുരുക്കന്‍മാരെ നാരായണഗുരുവിലും ജലാലുദീന്‍ റൂമിയിലുമാണ് തനിക്ക് കാണാന്‍ കഴിഞ്ഞതെന്നാണവര്‍ പറയുന്നത്.

തന്റെ ദൈവവും പ്രവാചകനും ഭയപ്പെടുത്തി കീഴടക്കുന്നവനല്ലെന്നും അത് സ്‌നേഹവും പ്രണയവുമാണെന്നാണ് ശബ്‌നം പറയുന്നത്. ആ ദൈവമാകട്ടെ സ്ത്രീവിവേചനത്തിനെതിരുമാണ്.

നബിചര്യയാണ് മതപണ്ഡിതരും മതവാദികളും മുന്നോട്ടുവെക്കുന്നതെങ്കില്‍ ആദ്യം മത്തില്‍നിന്നും പുറത്താക്കേണ്ടത് ആഡംബര ജീവിതം നയിക്കുന്നവരെയല്ലേ. ഏറ്റവും ചെറിയ സൗകര്യത്തില്‍ ഏറ്റവും ചെറിയ വീട്ടില്‍ വലിയൊരു സാമ്രാജ്യത്തിന്റെ അധിപനായിട്ടും നബി ഉറങ്ങിയിരുന്നത് നിലത്തായിരുന്നുവല്ലോ. നബിചര്യസംബന്ധിച്ച ഈ ജീവിതരീതി പിന്തുടര്‍ന്നവരാണ് സൂഫികളെന്നു കാണാം.

”മതത്തില്‍ നിര്‍ബന്ധമില്ല”, ”നീ ഉദ്ബോധകന്‍ മാത്രമാണ്; അവരുടെ മേല്‍ അധികാരം ചെലുത്തുന്നവനല്ല”, ”നിങ്ങള്‍ക്ക് നിങ്ങളുടെ മതം; എനിക്ക് എന്റെ മതം”, വിശുദ്ധ ഖുര്‍ആന്റെ ഈ സന്ദേശങ്ങള്‍ എന്റെ സമീപനത്തെ വ്യക്തമായി പ്രതിഫലിപ്പിക്കുന്നവയാണ് എന്ന് ശബ്‌നംനൂര്‍ജഹാന്റെ സൂഫിസംസംബന്ധിച്ച വിഷയത്തില്‍ പ്രതികരിക്കവേ ഡോ. ഹുസൈന്‍ മടവൂര്‍ വ്യക്തമാക്കുന്നുണ്ട്.

”ഇന്ത്യന്‍ മഹാസമുദ്രവും മലബാറും” എന്ന പുസ്തകത്തില്‍ കൊച്ചിയിലെ ശാഫിഈ പള്ളിയിലെ പാളിയില്‍ കൊത്തിയ ഹദീസുകള്‍ ഇപ്രകാരം പറയുന്നുണ്ട്.

”(പ്രവാചകന്‍ പറയുന്നു: മനുഷ്യര്‍ പള്ളിയില്‍ ലോകകാര്യങ്ങള്‍ സംസാരിക്കുന്ന ഒരു കാലം വരും. അവര്‍ പ്രാര്‍ഥനയ്ക്കായി ഒത്തുചേരില്ല. ദൈവംതന്നെ ആവശ്യമില്ല എന്നൊരു തോന്നലിലേക്ക് അവര്‍ പോകും. ‘ ഇതിന്റെ അറബി വചനങ്ങളും ടെക്സ്റ്റായി കൊടുത്തിട്ടുണ്ട്. ഇത്തരത്തിലൊരു പ്രവചനം നടത്താന്‍ കാരണമെന്തായിരിക്കും ? മനുഷ്യന്റെ ആത്യന്തികമായ ചോദനയെ തടഞ്ഞുനിര്‍ത്താന്‍ മതങ്ങള്‍ക്കോ വിശ്വാസങ്ങള്‍ക്കോ കഴിയില്ലെന്നല്ലേ. നബിയുടെ കാലത്ത് പള്ളികളില്‍ പൊതുകാര്യം പറഞ്ഞിരുന്നത് പില്‍ക്കാലത്ത് വിലക്കിയ കാര്യം ഫാത്തിമ മെര്‍നീസിയും പറയുന്നുണ്ട്.

‘സ്വന്തം സ്ഥിതി സ്വയം മാറ്റുന്നതുവരെ ദൈവം ഒരു ജനതയുടെയും സ്ഥിതിയില്‍ മാറ്റം വരുത്തുന്നതല്ല’

എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ചു അലസജീവിതം നയിക്കുന്നവര്‍ക്ക് ഖുര്‍ആന്‍ നല്‍കുന്ന മുന്നറിയിപ്പാണ് മുകളിലുള്ള വാചകം. ആക്ടിവിസ്റ്റുകളായ ഇസ്ലാമിസ്റ്റുകള്‍ നിരന്തരം ഉദ്ധരിക്കുന്ന ഒരു വാചകം കൂടിയാണിത്. ഇത് ശബ്‌നം നൂര്‍ജഹാന്റെ പോരാട്ടങ്ങള്‍ക്കും ബാധകമാക്കാവുന്നതാണ്.

കെ.പി. അപ്പന്‍

”വിടവാങ്ങിക്കൊണ്ടിരിക്കുന്ന ദൈവത്തിന്റെയും ഇനിയും വന്നുചേര്‍ന്നിട്ടില്ലാത്ത ദൈവത്തിന്റെയും ഇടയിലാണ് ഇപ്പോള്‍ മലയാളി. തര്‍ക്കം വേണ്ട. മലയാളി ഇപ്പോഴും ദൈവവിശ്വാസിയാണ്. ദൈവത്തിന്റെ മരണം അയാളുടെ ചിന്തയില്‍ ഇല്ല. എന്നാല്‍ അയാള്‍ ഉന്നതമായ ദൈവാനുഭവത്തില്‍ എത്തിയ വ്യക്തിയല്ല. ദൈവം മരിച്ചോ? എങ്കിലതു ദൈവമല്ലായിരിക്കും എന്നു പറയാന്‍ കഴിയാത്തവിധം മലയാളി യഥാര്‍ത്ഥ ദൈവനുഭവത്തില്‍ നിന്ന് അകലുകയാണ്.

എന്നാല്‍ മതാനുഷ്ഠാനങ്ങള്‍ വര്‍ധിക്കുന്നു. ദൈവം മതാനുഷ്ഠാനങ്ങളില്‍ ഉണ്ട്. ജനങ്ങളുടെ അനുഭവത്തില്‍ ഇല്ല. മലയാളി ദേവാലയങ്ങളോടു കൂടുതല്‍ അടുത്തുകൊണ്ട് ദൈവത്തില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ അകലുകയാണ്. ഇത് ഊഹമല്ല. ചരിത്രസംഭവമാണ്. അല്ലെങ്കില്‍ വിശ്വാസത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പിളര്‍പ്പാണ്. ദൈവം തിരോഭവിക്കുന്ന ഓര്‍മ്മയായിത്തീരുന്നു. കഴിഞ്ഞുപോയൊരു യാഥാര്‍ഥ്യമായിതീരുന്നു. അര്‍ത്ഥരഹിതമായ ചടങ്ങുകളില്‍ ദൈവം മനുഷ്യന് നഷ്ടപ്പെടുന്നു.

ക്രിസ്തുവിന്റെ കാര്യത്തിലും ഗുരുവിന്റെ കാര്യത്തിലും ഇതു സംഭവിച്ചുകൊണ്ടിരിക്കുന്നു. അവര്‍ തിരോഭവിക്കുന്ന ഓര്‍മകളാകുകയാണ്. നാം അവരെക്കുറിച്ചു സംസാരിക്കുന്നു. പ്രസംഗിക്കുന്നു. എഴുതുന്നു. എന്നാല്‍ അവര്‍ മലയാളികളുടെ യഥാര്‍ത്ഥ അനുഭവത്തില്‍ വരുന്നില്ല. അവര്‍ അനുഭവങ്ങളല്ല. വിഷയങ്ങള്‍ മാത്രമാണ്. മലയാളിയുടെ ബോധം അനുഭവരഹിതമായൊരു ചരിത്രത്തിലേക്ക് തുറക്കുകയാണ്.

മനുഷ്യവ്യക്തികളെക്കുറിച്ചുള്ള വിശിഷ്ടദൈവവാദങ്ങള്‍ ഉണ്ടാകുന്നു .ആപല്‍ക്കരമായൊരു മതാധിഷ്ഠിത സാംസ്‌കാരിക ജീവിതം രൂപപ്പെടുന്നു. പൊതുജീവിതം ധ്യാനങ്ങളിലേക്കും അനുഷ്ഠാനങ്ങളിലേക്കും ആധ്യാത്മിക പ്രഭാഷണങ്ങളിലേക്കും ചുരുങ്ങുന്നു. പ്രസംഗിച്ചു നടക്കുന്ന വാമൊഴി ആത്മീയ ഗുരുക്കന്മാരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇതിലൂടെ നാം അറിയാതെ പൗരോഹിത്യത്തിന്റെ ഒരു ഭരണകൂടം രൂപപ്പെടുന്നുണ്ട്.

ഒരു തരം മതസര്‍വാധിപത്യം പ്രാബല്യത്തില്‍ വരുകയാണ്. കുറ്റം നമ്മുടേതുതന്നെ. കാരണം ഇവിടെ മതത്തിന് ശരിയായ മാനവിക വായന ഉണ്ടായില്ല. ഗുരുവിന്റെ മതജനാധിപത്യത്തിന് ഒരു വികാസചരിത്രമുണ്ടായില്ല. മതവും യഥാര്‍ത്ഥ പൗരസമൂഹവും തമ്മില്‍ നടക്കേണ്ട സാംസ്‌കാരിക സംവാദം ഇവിടെ നടക്കാതെ പോയി. ”

കെ.പി. അപ്പന്‍

Content Highlight: Communism; The Social Conditions That Make Sufism Possible

ബിബിത്ത് കെ.കെ

We use cookies to give you the best possible experience. Learn more