| Sunday, 25th October 2026, 12:29 pm

വിദ്യാഭ്യാസ രംഗത്ത് വർഗീയവത്ക്കരണം അനുവദിക്കില്ല; സർവകലാശാലകളിൽ സ്ഥിരം വി.സിമാരെ നിയമിക്കും: റോജി എം. ജോൺ

ശ്രീലക്ഷ്മി പി.പി

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാലഘട്ടത്തിനനുസൃതമായ സമഗ്ര മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ.

സർവകലാശാലകളെ തർക്കവേദിയാക്കാതെ പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ച് സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. എന്നാൽ ഒരു കാരണവശാലും വിദ്യാഭ്യാസ രംഗത്ത് വർഗീയവത്ക്കരണ അജണ്ടകൾ അനുവദിക്കില്ലെന്നും ശക്തമായ നിലപാടിൽ ഉറച്ചുനിന്നുതന്നെ സ്ഥിരം വി.സിമാരെ നിയമിക്കാനുള്ള ശ്രമങ്ങളുമായി സർക്കാർ മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ നിന്ന് വലിയ തോതിൽ വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിൽ സാധ്യതകൾക്കുമായി വിദേശത്തേക്കും ഇതര സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് ഒരു യാഥാർത്ഥ്യമാണ്. ഈ സാഹചര്യം മറികടക്കാൻ വിദേശ സർവകലാശാലകളെയും സ്വകാര്യ സർവകലാശാലകളെയും സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിനുള്ള പരിശ്രമം സർക്കാർ നടത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

അതോടൊപ്പം സംസ്ഥാന സർവകലാശാലകളിലും കോളേജുകളിലും സമകാലിക തൊഴിൽ സാധ്യതകൾ മുന്നിൽക്കണ്ട് പുതിയ കോഴ്സുകളും പ്രോഗ്രാമുകളും ആരംഭിക്കും. വിദ്യാർത്ഥികൾ ആഗ്രഹിക്കുന്ന ഗുണപരമായ മാറ്റം നമ്മുടെ സ്വന്തം ക്യാമ്പസുകളിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

നാലുവർഷ ബിരുദ കോഴ്സുകൾ സംബന്ധിച്ച പ്രശ്നങ്ങളും മന്ത്രി ചൂണ്ടിക്കാട്ടി. ദേശീയ ഫ്രെയിംവർക്കിന്റെ ഭാഗമായി മുൻ സർക്കാരിന്റെ കാലത്താണ് 2024 മുതൽ കേരളത്തിൽ നാലുവർഷ ബിരുദം നടപ്പിലാക്കിയത്. ദേശീയതലത്തിൽ എല്ലാവരും മാറ്റം സ്വീകരിക്കുമ്പോൾ കേരളത്തിന് മാത്രമായി മാറിനിൽക്കാൻ സാധിക്കില്ലായിരുന്നുവെന്ന് റോജി.എം ജോൺ പറഞ്ഞു.

എന്നാൽ, ഈ കോഴ്സ് നടപ്പിലാക്കിയപ്പോൾ മതിയായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നില്ല എന്നത് യാഥാർത്ഥ്യമാണ്. ഇതിന്റെ പ്രയാസങ്ങൾ വിദ്യാർത്ഥികളും അധ്യാപകരും കോളേജ് മാനേജ്‌മെന്റുകളും നേരിടുന്നുണ്ട്. ഇതേക്കുറിച്ച് വിശദമായി പഠിക്കാൻ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. വിദ്യാർത്ഥികളും മാനേജ്‌മെന്റുകളും ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് നാലുവർഷ ബിരുദ പ്രോഗ്രാമിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

Content Highlight:Communalization will not be permitted in the field of education; permanent Vice-Chancellors will be appointed in universities: Roji M. John.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more