| Sunday, 19th October 2025, 11:29 pm

ഞങ്ങളുടെ പടം വെച്ചുള്ള വ്യാജ പ്രചരണം വര്‍ഗീയവാദികള്‍ അവസാനിപ്പിക്കണം: ഷെജിനും ജ്യോസ്‌നയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മിശ്രവിവാഹങ്ങളില്‍ വ്യത്യസ്തമായ നിലപാടെടുക്കുന്നുവെന്ന സി.പി.ഐ.എമ്മിനും ഡി.വൈ.എഫ്.ഐക്കുമെതിരായ സോഷ്യല്‍മീഡിയ പ്രചാരണങ്ങള്‍ക്കെതിരെ മിശ്രവിവാഹിതരായ സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗം ഷെജിന്‍ കോടഞ്ചേരിയും പങ്കാളി ജ്യോസ്‌നയും. രണ്ട് വര്‍ഷം മുമ്പാണ് മുസ്‌ലിം വിശ്വാസിയായ ഷെജിനും ക്രിസ്ത്യന്‍ മതവിശ്വാസിയായ ജ്യോസ്‌നയും വിവാഹിതരായത്.

കഴിഞ്ഞദിവസം  മഹിളാ അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി പുഷ്പലതയുടെ മകന്‍ അമലും ഡോ. ഹഫീഫയും വിവാഹിതരായിരുന്നു.

ഇരുവര്‍ക്കും ആശംസകളുമായി കെ.കെ ശൈലജ ഉള്‍പ്പെടെയുള്ള സി.പി.ഐ.എം നേതാക്കളും ഇടതുപക്ഷത്തെ പ്രമുഖരും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഷെജിന്റെയും അമലിന്റെയും വിവാഹത്തില്‍ വ്യത്യസ്ത നിലപാടാണ് സി.പി.ഐ.എം സ്വീകരിച്ചതെന്ന തരത്തിലുള്ള വ്യാജപ്രചാരണങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിറയുകയും ചെയ്തു.

മുസ്‌ലിം കുടുംബത്തില്‍ ജനിച്ച ഷെജിന്‍ പാര്‍ട്ടി നേതാവും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും ആയിരുന്നെങ്കിലും അയാളുടെ വിവാഹ ഫോട്ടോ ഷെയര്‍ ചെയ്യാന്‍ പോലും ഒരു നേതാവും വന്നില്ലെന്നാണ് സോഷ്യല്‍മീഡിയയിലെ പോസ്റ്റുകളില്‍ ആരോപിച്ചിരുന്നത്. സംഘികള്‍ ഇന്‍കമിങ് ആഘോഷിക്കുകയും ഔട്ട് ഗോയിങ്ങിനെതിരെ അട്ടഹാസം മുഴക്കുകയും ചെയ്യുന്നത് പോലെയാണ് ഈ നിലപാടെന്ന് ഫേസ്ബുക്കിലെ പ്രചാരണങ്ങളില്‍ പറഞ്ഞിരുന്നു.

അതേസമയം, അമലിന്റെയും ഷെജിന്റെയും വിവാഹ ഫോട്ടോകളും വ്യാജ പത്രക്കട്ടിങ്ങുകളും ഉള്‍പ്പെടെയുള്ള പ്രചാരണം ശക്തമായതോടെ ഇതിനെതിരെ ഫേസ്ബുക്കിലൂടെ ഷെജിന്‍ കോടഞ്ചേരി പ്രതികരിച്ചു. താനും ജ്യോസ്‌നയുമായി നടന്ന വിവാഹത്തെ സി.പി.ഐ.എമ്മും, ഡി.വൈ.എഫ്.ഐയും പൂര്‍ണമായി പിന്തുണച്ചിരുന്നെന്നും തങ്ങളെ എന്നും ചേര്‍ത്തുപിടിക്കുക മാത്രമാണ് പാര്‍ട്ടി ചെയ്തിട്ടുള്ളതെന്നും ഷെജിന്‍ വ്യക്തമാക്കി.

വിവാഹ സമയത്ത് സി.പി.ഐ.എം കണ്ണോത്ത് ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന താന്‍ ഇന്നും പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുകയാണ്. സി.പി.ഐ.എമ്മിന്റെയും ഡി.വൈ.എഫ്.ഐ.യുടെയും ഈ വിഷയത്തിലെ വ്യക്തമായ നിലപാട് അന്ന് തന്നെ നേതാക്കള്‍ പരസ്യമായി പറഞ്ഞതുമാണെന്നും ഷെജിന്‍ കുറിപ്പിലൂടെ വിശദമാക്കി.

കഴിഞ്ഞ ദിവസങ്ങളിലായി തന്റെയും ഭാര്യയുടെയും പേരും ഫോട്ടോയും ഉപയോഗിച്ച് മാതൃഭൂമിയുടെ പഴയ വ്യാജവാര്‍ത്തയും പൊക്കി പിടിച്ച് ചില വര്‍ഗീയവാദികള്‍ തങ്ങളേയും സി.പി.ഐ.എമ്മിനേയും ഇകഴ്ത്തിക്കാണിക്കാന്‍ ശ്രമിക്കുകയാണ്. പാര്‍ട്ടിയും നേതാക്കളും ഉയര്‍ത്തി പിടിക്കുന്ന മതേതര പുരോഗമന നിലപാട് ഇത്തരം വ്യാജ പ്രചരണം നടത്തിയാല്‍ ഇല്ലാതായിപോവുന്നതല്ലെന്ന് ഷെജിന്‍ പറയുന്നു. ഇത്തരക്കാരെ കേരളത്തിലെ മതേതര സമൂഹം തിരിച്ചറിയണമെന്നും തന്റെ വിവാഹഫോട്ടോ ഉപയോഗിച്ചുള്ള വ്യാജ പ്രചരണം അവസാനിപ്പിക്കണമെന്നും ഷെജിന്‍ പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

നേരത്തെ, കേരളത്തിലെ ഇടതുപക്ഷ പുരോഗമനക്കാര്‍ ഈ രണ്ട് വിവാഹങ്ങളോടും സ്വീകരിച്ചത് വ്യത്യസ്ത നിലപാടുകളാണെന്നായിരുന്നു വ്യാജപ്രചാരണ പോസ്റ്റുകളിലെ പ്രധാന ആരോപണം. രണ്ട് വിവാഹങ്ങളിലെയും പുരുഷന്മാര്‍ എസ്.എഫ്.ഐയിലൂടെ വളര്‍ന്ന് ഡി.വൈ.എഫ്.ഐയില്‍ എത്തിയ യുവാക്കളാണ്. ഒരാള്‍ ജനിച്ചത് മുസ്‌ലിം മാതാപിതാക്കള്‍ക്കും ഒരാള്‍ ജനിച്ചത് ഹിന്ദു മാതാപിതാക്കള്‍ക്കുമാണ്. രണ്ടുപേരും മതരഹിത ജീവിതം നയിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരാണ്.

യുവതികളില്‍ ഒരാള്‍ മുസ്‌ലിം കുടുംബത്തില്‍ നിന്നും ഒരാള്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്നുമാണ്. മുസ്‌ലിം കുടുംബത്തില്‍ ജനിച്ചയാള്‍ പാര്‍ട്ടി നേതാവും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും ആയിരുന്നെങ്കിലും അയാളുടെ വിവാഹ ഫോട്ടോ ഷെയര്‍ ചെയ്യാന്‍ ഒരു നേതാവും വന്നില്ല. മറ്റേയാളുടെ വിവാഹം നേതാക്കള്‍ ആഘോഷിക്കുകയാണ്. ഇത് സംഘികള്‍ ഇന്‍കമിങ് ആഘോഷിക്കുകയും ഔട്ട് ഗോയിംഗിനെതിരെ അട്ടഹാസം മുഴക്കുകയും ചെയ്യുന്നത് പോലെയെന്ന് ഒരു വിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്റില്‍ പറയുന്നു. ഈ വിവാഹം ലവ് ജിഹാദാണ് എന്ന് പാര്‍ട്ടി നേതൃത്വം തന്നെ ആരോപിച്ചിരുന്നു എന്നും വ്യാജ പ്രചാരണ പോസ്റ്റുകളിലുണ്ട്.

ഷെജിന്‍ കോടഞ്ചേരിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി എന്റെയും ഭാര്യയുടെയും പേരും ഫോട്ടോയും ഉപയോഗിച്ച് മാതൃഭൂമിയുടെ പഴയ വ്യാജവാര്‍ത്തയും പൊക്കി പിടിച്ച് ചില വര്‍ഗീയവാദികള്‍ ഞങ്ങളേയും ഞാന്‍ പ്രവര്‍ത്തിക്കുന്ന, എന്റെ പാര്‍ടിയേയും ഇകഴ്ത്തിക്കാണിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയുണ്ടായി. ഞാനും ജ്യോസ്‌നയുമായി നടന്ന വിവാഹത്തെ സി.പി.ഐ.എമ്മും,ഡി.വൈ.എഫ്.ഐയും പൂര്‍ണ്ണമായി പിന്തുണക്കുന്ന സമീപനമാണുണ്ടായിട്ടുള്ളതെന്ന് അര്‍ത്ഥശങ്കകള്‍ക്ക് ഇടയില്ലാതെ വ്യക്തമാക്കാനാഗ്രഹിക്കുകയാണ്.

വിവാഹത്തിന് ശേഷം പാര്‍ട്ടിയുടെയും ഡി.വൈ.എഫ്.ഐ യുടെയും നേതാക്കളും പ്രവര്‍ത്തകരും കൂടുതല്‍ ചേര്‍ത്തു നിര്‍ത്തുന്ന അനുഭവമാണ് ഞങ്ങള്‍ക്കുണ്ടായത്. അര്‍ഹതക്കും അപ്പുറമുള്ള പരിഗണനയും അവസരവും അന്നും ഇന്നും എന്റെ പാര്‍ട്ടി എനിക്ക് നല്‍കിയിട്ടുണ്ട്. വിവാഹ സമയത്ത് പാര്‍ടി കണ്ണോത്ത് ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന ഞാന്‍ ഇന്നും പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി അംഗമായി നാട്ടില്‍ പ്രവര്‍ത്തിച്ചു വരികയാണ്. എല്ലാ സുഖ ദുഃഖത്തിലും അന്നും ഇന്നും ഞങ്ങളുടെ കൂടെ നില്‍ക്കുന്നവരാണ് എന്റെ പാര്‍ട്ടിയും നേതാക്കളും പാര്‍ട്ടിയുടെയും ഡി.വൈ.എഫ്.ഐയുടെയും ഈ വിഷയത്തിലെ വ്യക്തമായ നിലപാട് അന്ന് തന്നെ നേതാക്കള്‍ പരസ്യമായി പറഞ്ഞതുമാണ്.

എന്നാല്‍ ചില വര്‍ഗ്ഗീയ വാദികള്‍, വ്യാജ വാര്‍ത്തകളുടെ സ്‌ക്രീന്‍ഷോട്ടുമായി നടത്തുന്ന പ്രചരണങ്ങള്‍ യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്. ഇവര്‍ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമായ പ്രചരണങ്ങള്‍ നടത്തുന്നത് അവരുടെ സങ്കുചിത -രാഷ്ട്രീയ ചിന്താഗതിയുടെ ഭാഗമാണ്. ഏതാനും ചില വര്‍ഗീയ വാദികള്‍
വ്യാജ പ്രചരണം നടത്തിയാല്‍ ഇല്ലാതായിപോവുന്നതല്ല ഈ പാര്‍ട്ടിയുടെയും സ.ശൈലജ ടീച്ചറുള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളും ഉയര്‍ത്തി പിടിക്കുന്ന മതേതര പുരോഗമന നിലപാട് നാട്ടില്‍ മത വര്‍ഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഇത്തരക്കാരെ കേരളത്തിലെ മതേതര സമൂഹം തിരിച്ചറിയണമെന്നും എന്റെ ഫോട്ടോ ഉപയോഗിച്ചുള്ള വ്യാജ പ്രചരണം ഇത്തരക്കാര്‍ അവസാനിപ്പിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

Content Highlight: Communalists should stop spreading false propaganda using our image: Shejin and Jyosna

We use cookies to give you the best possible experience. Learn more