| Wednesday, 14th October 2026, 11:44 am

നെടുമ്പാശ്ശേരി അപകടത്തെ വര്‍ഗീയവല്‍ക്കരിക്കുന്നത് അപലപനീയം; പ്രതികള്‍ക്കെതിരെ കര്‍ശന നടപടി: രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നെടുമ്പാശ്ശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകടത്തെ വര്‍ഗീയമായി ചിത്രീകരിക്കാനുള്ള നീക്കങ്ങള്‍ അപലപനീയമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.

അപകടവുമായി ബന്ധപ്പെട്ട വിഷയം പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് സഭയില്‍ ഉന്നയിച്ചത്. സംഭവത്തില്‍ പൊലീസ് നടപടിയില്‍ വീഴ്ചയുണ്ടായെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. ഇതിന് മറുപടി നല്‍കവെയാണ് അപകടം അതീവ ദൗര്‍ഭാഗ്യകരമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കിയത്.

സംഭവത്തെക്കുറിച്ച് അനാവശ്യമായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. അപകടത്തെ വര്‍ഗീയമായി ചിത്രീകരിക്കുന്ന ചിലരുടെ പ്രവണത അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. സംഭവത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള നീക്കങ്ങളെ നിയമസഭാ സ്പീക്കറും ശക്തമായി അപലപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കുറ്റക്കാര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത കര്‍ശന നടപടിയുണ്ടാകും. പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കുന്നതിന് വേണ്ട എല്ലാ നിയമനടപടികളും സര്‍ക്കാര്‍ ഉറപ്പാക്കും. ഈ വിഷയത്തില്‍ ആവശ്യമില്ലാത്ത അഭ്യൂഹങ്ങള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കണം,’ അദ്ദേഹം പറഞ്ഞു.

കേസ് ആലുവ ഡി.വൈ.എസ്.പി ബൈജു പൗലോസിന് കൈമാറിയതായും അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന്റെ പരാതി ഐ.ജി നിശാന്തിനി കേള്‍ക്കുമെന്നും ചെന്നിത്തല അറിയിച്ചു.

അപകടത്തെ വര്‍ഗീയമായി ചിത്രീകരിക്കുന്നതിനെ അപലപിച്ച ആഭ്യന്തരമന്ത്രിയുടെ നിലപാടിനോട് പൂര്‍ണമായി യോജിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും വ്യക്തമാക്കി.

Content Highlight: Communalising Nedumbassery accident deplorable; strict action against accused: Ramesh Chennithala

Latest Stories

We use cookies to give you the best possible experience. Learn more