ഗുവാഹത്തി: അസമിലെ ബംഗ്ലാദേശി മുസ്‌ലിങ്ങള്‍ക്കെതിരായ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ കേസ് കൊടുത്ത ആക്ടിവിസ്റ്റിനെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.
ദല്‍ഹി ആസ്ഥാനമായുള്ള സാമൂഹിക പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദറാണ് ഹിമന്തയ്‌ക്കെതിരെ പ്രകോപന പരമായ വിദ്വേഷ പ്രസംഗം നടത്തിയതിന് പൊലീസില്‍ പരാതി നല്‍കിയത്.
പിന്നാലെ ഹിമന്ത അദ്ദേഹത്തിനെതിരെ രംഗത്തെത്തുകയായിരുന്നു.
‘ആരാണ് ഈ ഹര്‍ഷ് മന്ദര്‍? ഞാന്‍ അദ്ദേഹത്തെ പോലെ നിരവധി ആളുകളെ കണ്ടിട്ടുണ്ട്. എനിക്കെതിരെ ഒരു കേസല്ലേ കൊടുത്തത്. ഞാന്‍ അയാള്‍ക്കെതിരെ 100 കേസുകള്‍ ഫയല്‍ ചെയ്യും. എന്റെ പക്കല്‍ അതിനുള്ള തെളിവുകളുണ്ട്,’ ഹിമന്ത പറഞ്ഞു.
ഹര്‍ഷ് മന്ദര്‍ അസമിലെ എന്‍.ആര്‍.സിയെ തകര്‍ത്തുവെന്നും തന്നെ ലക്ഷ്യം വെക്കുമ്പോള്‍ താന്‍ തിരിച്ച് ലക്ഷ്യം വെക്കുമെന്നും അപ്പോള്‍ അദ്ദേഹത്തിന് മനസിലാവുമെന്നും ഹിമന്ത ബിശ്വ ശര്‍മ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മുസ്‌ലിം ഇരകളെ സഹായിക്കുന്നത് കുറ്റകൃത്യമായി മുഖ്യമന്ത്രി കണക്കാക്കിയാല്‍ അത് വിചിത്രമാണെന്നും ഹര്‍ഷ് മന്ദര്‍ പ്രതികരിച്ചു.
ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ ഇത്തരത്തില്‍ വിദ്വേഷ പ്രസംഗം നടത്തുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ഷ് മന്ദര്‍ അടക്കമുള്ള ആക്ടിവിസ്റ്റുകള്‍ ഹിമന്തയ്‌ക്കെതിരെ കേസ് കൊടുത്തത്.
വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സംസാരിക്കവെ ഹിമന്ത നടത്തിയ വര്‍ഗീയ പരാമര്‍ശത്തിനെതിരെയായിരുന്നു മന്ദര്‍ ഉള്‍പ്പടെയുള്ള ആക്ടിവ്സ്റ്റുകള്‍ കേസ് കൊടുത്തത്.
‘ അവരെ (മിയാ വിഭാഗത്തെ) കഷ്ടപ്പെടുത്തുക എന്നതാണ് എന്റെ ജോലി,’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
ഈ വിഭാഗത്തില്‍പെട്ട തൊഴിലാളികള്‍ക്ക് അര്‍ഹമായ കൂലി നല്‍കരുതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. റിക്ഷാ കൂലി അഞ്ച് രൂപയാണെങ്കില്‍ നാല് രൂപ മാത്രം നല്‍കിയാല്‍ മതിയെന്നും ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ മാത്രമേ അവര്‍ അസം വിടുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞിരുന്നു..
ഇതിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് മന്ദറിന്റെ ആവശ്യം. ഹിമന്തയ്‌ക്കെതിരെ ശത്രുത വളര്‍ത്തല്‍, ദേശീയോഗദ്ഗ്രഥനത്തിന് വിരുദ്ധമായ പ്രസ്താവനകള്‍, പൊതുകുഴപ്പങ്ങള്‍ക്ക് കാരണമാവുന്ന പ്രസ്താവനകള്‍, മത വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള പ്രവര്‍ത്തികള്‍ എന്നീ കുറ്റങ്ങള്‍ ചുമത്തണമെന്നും പരാതിയിലുണ്ട്. ദല്‍ഹിയിലെ ഖാസ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പരാതി പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
Content Highlight: Communal rhetoric against Miyans; If the activist files one case, I will file a hundred cases: Himanta Biswa Sarma