വര്‍ക്കല: ചെമ്പഴന്തി ഗുരുദേവ ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ സംഘപരിവാറിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുദര്‍ശനങ്ങളെ വക്രീകരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
സ്ഥാപിത താത്പര്യങ്ങള്‍ക്ക് വേണ്ടി ഗുരുദര്‍ശനങ്ങളെ ഉപയോഗിക്കാനുള്ള ശ്രമങ്ങളും ഗുരുവിനെ കേവലം മതസന്യാസിയാക്കി മാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
മതവര്‍ഗീയ ശക്തികളുടെ ഈ നീക്കം ചെറുത്തുതോല്‍പ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവോത്ഥാന നായകരെ ഹൈജാക്ക് ചെയ്യാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നു. ഈ പ്രവണതയെ ചെറുത്തുതോല്‍പ്പിക്കണം, അല്ലാത്തപക്ഷം വലിയ ആപത്തിലേക്ക് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
നൂറ്റിയെഴുപത്തിയൊന്നാമത് ശ്രീനാരായണ ഗുരുജയന്തി മഹാസമ്മേളനം ചെമ്പഴന്തിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘കേരളത്തിന് വെളിച്ചം പകര്‍ന്ന ശ്രീനാരായണ ഗുരുവിനെ പോലും ഇന്ന് സ്വന്തമാക്കാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നുണ്ട്. വര്‍ഗീയതയെ എന്നും എതിര്‍ത്ത ഗുരുശ്രേഷ്ഠനായിരുന്നു ശ്രീനാരായണ ഗുരു. മനുഷ്യരെ ഭിന്നിപ്പിക്കാനല്ല, മറിച്ച് ഒരുമിപ്പിക്കാനാണ് ഗുരു പഠിപ്പിച്ചത്.
ഗുരുവിന്റെ വാക്കുകളും പ്രവര്‍ത്തനങ്ങളും ഒരു മതത്തിലോ ജാതിയിലോ ഒതുങ്ങുന്നതായിരുന്നില്ല. അത് എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ളതായിരുന്നു.
നവോത്ഥാന കേരളത്തിന്റെ കണ്ണാടിയെന്നോണം ഗുരുരുദര്‍ശനങ്ങള്‍ കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെ എക്കാലവും ചലനാത്മകമാക്കുകയാണ്.
ശ്രീനാരായണ ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാന്‍ മതജാതി വര്‍ഗ്ഗീയതയും വിഭജന രാഷ്ട്രീയവും ഉള്‍പ്പെടെ നമുക്കു മുന്നിലിന്ന് അനവധിയായ വെല്ലുവിളികളുണ്ട്. ഗുരുചിന്തയും ഗുരുവിന്റെ പോരാട്ട ചരിതവും ഈ പ്രതിബന്ധങ്ങള്‍ മുറിച്ചുകടക്കാന്‍ നമുക്ക് ഊര്‍ജ്ജമാവും’, രാവിലെ ഫേസ്ബുക്കിലൂടെ ശ്രീനാരായണഗുരു ജയന്തി ആശംസകള്‍ നേര്‍ന്നുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
Content Highlight: Communal forces are trying to hijack renaissance leaders: Chief Minister