പൂനെ: വാട്‌സ്ആപ്പില്‍ ആക്ഷേപകരമായ സ്റ്റാറ്റസിട്ടതിന്റെ പേരില്‍ പ്രകോപിതരായ ജനക്കൂട്ടം സ്വത്തുക്കള്‍ നശിപ്പിക്കുകയും തീവെപ്പ് നടത്തുകയും ചെയ്ത സംഭവത്തില്‍ 15ല്‍ അധികം പേരെ അറസ്റ്റ് ചെയ്ത് മഹാരാഷ്ട്ര പൊലീസ്.
500ലധികം ആളുകള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പൂനെയിലെ ദൗണ്ട് തെഹ്‌സിലിലെ യാവത്തിലായിരുന്നു സംഭവം. വാട്‌സ്ആപ്പില്‍ ആക്ഷേപകരമായ സ്റ്റാറ്റസ് പോസ്റ്റ് ചെയ്ത യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
യുവാവിന് എതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഒരു ഹിന്ദു പുരോഹിതന്‍ ബലാത്സംഗ കേസില്‍ ഉള്‍പ്പെട്ടതായി പറയുന്ന പോസ്റ്റാണ് യുവാവ് പങ്കുവെച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു യാവത് ഗ്രാമത്തില്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസിന്റെ പേരില്‍ വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തില്‍ നിരവധി ആളുകള്‍ സ്വത്തുകള്‍ നശിപ്പിക്കുകയും തീവെപ്പ് നടത്തുകയും ചെയ്തു.
പ്രകോപിതരായ ജനക്കൂട്ടം തെരുവിലിറങ്ങി പ്രതിഷേധിക്കുകയും മോട്ടോര്‍ സൈക്കിളിന് തീ വെക്കുകയും ഒരു ബേക്കറിക്ക് കേടുപാട് വരുത്തുകയും ചെയ്തിരുന്നു. അതിന് പുറമെ രണ്ട് കാറുകള്‍, ഒരു മതസ്ഥാപനം എന്നിവയ്ക്ക് നേരെയും ആക്രമണം നടന്നു.
ഒടുവില്‍ സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍വാത ഷെല്ലുകളും ലാത്തി ചാര്‍ജും പ്രയോഗിച്ചു. ആക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതില്‍ നാലെണ്ണം തീവെപ്പ്, സ്വത്ത് നശിപ്പിക്കല്‍ എന്നിവയുടെ പേരിലാണ്. ഇത് 500ല്‍ അധികം ആളുകള്‍ക്ക് എതിരെയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതില്‍ നൂറില്‍ അധികം ആളുകളെ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. നിലവില്‍ യാവത് മേഖലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പ് യാവത്തിലെ ഒരു ക്ഷേത്രത്തില്‍ ഛത്രപതി ശിവാജിയുടെ പ്രതിമയെ അപമാനിച്ചതിന്റെ പേരില്‍ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയായിരുന്നു ഈ സംഭവവും നടന്നത്. എന്നാല്‍ ഈ സംഭവത്തില്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നതായി പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
Content Highlight: Communal clash in Pune over WhatsApp status; 15 arrested, case filed against 500