| Saturday, 17th October 2026, 12:00 pm

കമ്മിറ്റികള്‍ മാത്രം പോര നടപടി വേണം: ഫൂട്പാത്തുകള്‍ ശരിയാക്കില്ലെങ്കില്‍ ജഡ്ജിമാര്‍ കോടതിക്ക് മുന്നില്‍ ധര്‍ണയിരിക്കുമെന്ന് സുപ്രീം കോടതി

നിഷാന. വി.വി

ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതിക്ക് മുന്നില്‍ ഫൂട്പാത്തുകളും സീബ്രാ ക്രോസിങ്ങുകളും ഇല്ലാത്തതിന്റെ പേരില്‍ അധികൃതര്‍ക്ക് വിചിത്രമായ മുന്നറിയിപ്പുമായി സുപ്രീം കോടതി. അടുത്ത വാദം കേള്‍ക്കുന്നതിന് മുമ്പ് ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ജഡ്ജിമാര്‍ കോടതി കവാടത്തിന് മുന്നില്‍ ധര്‍ണ നടത്തുമെന്നാണ് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാലയും കെ.വി വിനോദ് ചന്ദ്രനുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ജനങ്ങള്‍ക്ക് റോഡില്‍ കൃത്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിലും ബെഞ്ച് ആശങ്കയറിയിച്ചിട്ടുണ്ട്.

ഈ വിഷയത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ചത് കൊണ്ടുമാത്രം കാര്യമില്ലെന്നും കൃത്യമായ നടപടിയാണ് വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

‘ അടുത്ത വാദത്തിന് മുമ്പ് പണികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ ഞങ്ങള്‍ കോടതി കവാടത്തിന് മുന്നിലിരിക്കും. നിര്‍മാണം പൂര്‍ത്തിയായതിന് ശേഷം മാത്രമേ ഞങ്ങള്‍ കോടതിയുടെ മുന്നില്‍ നിന്ന് പോവൂ,’ കോടതി പറഞ്ഞു.

റോഡില്‍ കാല്‍നടയാത്രക്കാര്‍ക്കാണ് പ്രാധാന്യമെന്നും റോഡിലൂടെ സുരക്ഷിതമായി നടക്കാനുളളത് പൗരന്മാരുടെ മൗലികാവകാശമാണെന്നും സുപ്രീം കോടതി മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. റോഡുകളില്‍ കൃത്യമായ നടപ്പാതകള്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

Content Highlight: Committees alone are not enough; action is required. The Supreme Court has stated that if the footpaths are not fixed, judges will stage a sit-in protest in front of the court.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more