| Wednesday, 1st April 2026, 8:05 am

രാജ്യത്ത് വാണിജ്യ എൽ.പി.ജിയുടെ വില 195 രൂപ കൂടി; 19 കിലോ സിലിണ്ടറിന് 2078 രൂപ

അനിത സി

ന്യൂ​ദൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് എണ്ണ വില കുതിച്ചുയരുന്നു. രാജ്യത്തെ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനികൾ ബുധനാഴ്ച വാണിജ്യ എൽ.പി.ജിക്ക് 195.50 രൂപ വർധിപ്പിച്ചു. ഇതോടെ 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറിന് 2,078.50 രൂപയായി വില വർധിച്ചു.

മാർച്ച് ഒന്നിന് സിലിണ്ടറുകളുടെ വില 114.5 രൂപയായി വർ‌ധിപ്പിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ വില വർധനവാണിത്. 14.2 കിലോഗ്രാം ഗാർഹിക പാചക എൽപിജി സിലിണ്ടറിന് മാർച്ച് 7 ന് 60 രൂപ വർധിപ്പിച്ചിരുന്നു. ഇതോടെ 913 രൂപയിലെത്തിയ സിലിണ്ടർ വില ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.

ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ രാജ്യത്തെ എണ്ണ കമ്പനികൾ എല്ലാ മാസത്തിലെയും ആദ്യ ദിവസം അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും വിനിമയ നിരക്കിന്റെയും അടിസ്ഥാനത്തിൽ എ.ടി.എഫ്, എൽ.പി.ജി വിലകൾ പരിഷ്കരിക്കാറുണ്ട്.

പശ്ചിമേഷ്യയിലെ സംഘർഷം രാജ്യത്തെ ഊർജ വിതരണത്തേയും സാരമായി ബാധിച്ചിട്ടുണ്ട്. മാർച്ചിൽ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ 10 രൂപ വീതം കേന്ദ്ര സർക്കാർ കുറച്ചിരുന്നു. ഇതിന്റെ ഫലം എണ്ണ കമ്പനികൾക്കാണ് ലഭിക്കുക. ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഇന്ധനത്തിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്. 2025 മാർച്ചിൽ ലിറ്ററിന് 2 രൂപ കുറച്ചതിനുശേഷം രാജ്യത്ത പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമുണ്ടായിട്ടില്ല.

​ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് ഇന്ധനവും പ്രകൃതി വാതകവും എത്തിക്കുന്ന പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് അടച്ചതാണ് രാജ്യത്ത് ഊർജ പ്രതിസന്ധി രൂക്ഷമാക്കിയത്. യുദ്ധ സാഹചര്യം മുന്നിലുണ്ടായിട്ടും കേന്ദ്ര സർക്കാർ ഫലപ്രദമായി നേരിട്ടില്ലെന്നും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയില്ലെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു.

പാചക വാതകത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ലഭ്യമല്ലാതെ വരികയും ചെയ്ത സാഹചര്യത്തിൽ കേരളത്തിൽ നിരവധി റെസ്റ്റോറന്റുകളാണ് അടച്ചിട്ടിരിക്കുന്നത്.

അതേസമയം, ആഗോളതലത്തിൽ എണ്ണ വില ഏകദേശം 50 ശതമാനത്തിലേറെയാണ് ഉയർന്നത്. ക്രൂഡ് ഓയിൽ ബാരലിന് 110 ഡോളറിന് മുകളിലാണ് വ്യാപാരം നടക്കുന്നത്.

Content Highlight: Commercial LPG price increased by Rs 195; 19 kg cylinder costs Rs 2078

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more