ന്യൂദല്‍ഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറിനെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ കരാര്‍ ഒപ്പുവെച്ചെന്ന് സ്ഥിരീകരിച്ച് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍. വാര്‍ത്താസമ്മേളനത്തിലും കരാര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിടാന്‍ മന്ത്രി തയ്യാറായില്ല.
കഴിഞ്ഞദിവസം വൈകുന്നേരത്തോടെ കരാറില്‍ രാജ്യം ഒപ്പുവെച്ചെന്ന് പിയൂഷ് ഗോയല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സാങ്കേതിക നടപടിക്രമങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ടെന്നും അതിന് ശേഷം വിശദാംശങ്ങള്‍ പുറത്തുവിടുമെന്നുമാണ് വാണിജ്യമന്ത്രിയുടെ വാദം. ഇന്ത്യയും യു.എസും ചേര്‍ന്ന് സംയുക്ത പ്രസ്താവന വൈകാതെ നടത്തുമെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു.
യു.എസുമായുള്ള വ്യാപാര കരാര്‍ അന്തിമമായെന്നും ഇക്കാര്യം പാര്‍ലമെന്റില്‍ അറിയിക്കാനാണ് ആഗ്രഹിച്ചിരുന്നതെന്നും, എന്നാല്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ ഇക്കാര്യം വിശദീകരിക്കാനായില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് സന്തോഷദിനമാണിത്. കരാര്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് വന്‍ വിജയം സമ്മാനിച്ചു. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാര്‍ തയ്യാറാക്കിയത്. മികച്ച കരാറാണിത്. കാര്‍ഷിക-ക്ഷീര-മത്സ്യ മേഖലകളെ സംരക്ഷിക്കുന്നതാണ് കരാറെന്നും തൊഴിലവസരങ്ങള്‍ ഒരുക്കുമെന്നും മന്ത്രി അവകാശപ്പെട്ടു.
യു.എസ് മറ്റ് രാജ്യങ്ങളുമായി ഉണ്ടാക്കിയതിനേക്കാള്‍ മികച്ച കരാറാണ് ഇന്ത്യയുമായി ഒപ്പുവെച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ യു.എസിന് അനുകൂലമായ വ്യവസ്ഥകളാണ് കരാറിലുള്ളതെന്നും ഇന്ത്യ യു.എസിന് മുന്നില്‍ വിട്ടുവീഴ്ച ചെയ്‌തെന്നുമുള്ള ആക്ഷേപങ്ങളെ സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ വാണിജ്യമന്ത്രി തയ്യാറായില്ല.
കരാര്‍ സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ ആശങ്കകളെ പിയൂഷ് ഗോയല്‍ തള്ളിക്കളഞ്ഞു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കരാര്‍ സംബന്ധിച്ച് കള്ളം പ്രചരിപ്പിക്കുകയാണെന്നും ഹീനമായ പ്രവര്‍ത്തിക്ക് മറുപടി നല്‍കേണ്ടി വരുമെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. മുമ്പ് കരാറിനെ പിന്തുണച്ചിരുന്ന രാഹുല്‍ ഇപ്പോള്‍ നിലപാട് മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ഈ വ്യാപാര കരാറിലൂടെ രാജ്യത്തെ മോദി യു.എസിന് വിറ്റുവെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. യു.എസുമായുള്ള വ്യാപാരക്കരാറില്‍ പ്രധാനമന്ത്രി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിരിക്കുകയാണ്. ഈ വ്യാപാരക്കരാറിലൂടെ രാജ്യത്തിന്റെ കഠിനധ്വാനത്തെ മോദി വില്‍ക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ പാര്‍ലമെന്റിന് പുറത്ത് പ്രതികരിച്ചിരുന്നു.
നാല് മാസമായി മുടങ്ങിക്കിടന്ന വ്യാപാരക്കരാറില്‍ മോദി ഒപ്പ് വെച്ചത് കഴിഞ്ഞദിവസം വൈകുന്നേരമാണ്. പ്രധാനമന്ത്രിക്ക് മേല്‍ വലിയ സമ്മര്‍ദമുണ്ടെന്ന് വ്യക്തമാണ്. ആര്‍ക്ക് വേണ്ടിയാണ് മോദി വിട്ടുവീഴ്ച ചെയ്തതെന്ന് ജനങ്ങള്‍ ചിന്തിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.
Content Highlight: India-US trade deal signed, confirmed Centre; Commerce Minister Piyush Goyal does not reveal details of deal in press conference