ഇന്ത്യന്‍ സിനിമയിലെ ത്രില്ലര്‍ ഴോണറുകളുടെ ഗതി തന്നെ മാറ്റിമറിച്ച ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ദൃശ്യം 3. ജോര്‍ജ് കുട്ടിയെന്ന നാലാം ക്ലാസുകാരന്റെ ബുദ്ധി കൊണ്ട്, തന്നെയും തന്റെ കുടുംബത്തെയും രക്ഷിക്കുന്ന മോഹന്‍ലാല്‍ കഥാപാത്രം സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സീറ്റ് എഡ്ജ് ത്രില്ലറാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. കണ്ടുശീലിച്ച സ്ഥിരം പൊലീസ്-കള്ളന്‍ രീതിയില്‍ നിന്നും മാറി പ്രേക്ഷകര്‍ ചിന്തിക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ക്ക് ഒരുപടി മുന്നേ സഞ്ചരിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗവും മികച്ച അനുഭവമാണ് കാഴ്ച്ചക്കാര്‍ക്ക് നല്‍കിയത്.
ദൃശ്യം 3. Photo: Aashirvadh cinemas
മോഹന്‍ലാല്‍ എന്ന അതുല്ല്യ കലാകാകരന്റെ കരിയറില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധകപിന്തുണയുള്ള ജോര്‍ജ് കുട്ടിക്ക് പിന്നീട് എന്ത് സംഭവിച്ചു എന്നറിയാനുള്ള കാത്തിരിപ്പിലാണ് മെയ് 21 വരെ പ്രേക്ഷകര്‍. മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ റിലീസ് ചെയ്യുന്ന ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ ടീസറുകളും മറ്റ് അപ്‌ഡേറ്റുകളും ഇതിനോടകം പുറത്തുവന്നിരുന്നു. ഇത്തരത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയിലൊന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍.
ഒന്നാംഭാഗത്തിലെയും രണ്ടാം ഭാഗത്തിലെയും രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ ടീസറിലെ മൂന്നാം ഭാഗത്തിലെ സീനുകള്‍ക്ക് വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു. സീരിയല്‍ ലെവല്‍ മേക്കിങ്ങാണ് ചിത്രത്തില്‍ സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്നതെന്നായിരുന്നു പ്രധാന വിമര്‍ശനം. പക്ഷേ ഇതിന് പുറമെ യൂട്യൂബില്‍ ടീസറിന് താഴെ പ്രത്യക്ഷപ്പെട്ട ഒരു കമന്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.
2013ല്‍ വരുണിനെ ജോര്‍ജ് കുട്ടിയും കുടുംബവും കൊലപ്പെടുത്തിയ സമയത്ത് തന്നെ പൊലീസില്‍ ചെന്ന് കുറ്റം സമ്മതിച്ചിരുന്നെങ്കില്‍ ഇന്ന് മൂന്നാം ഭാഗം ഇറങ്ങുന്ന സമയത്ത് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങാമെന്നാണ് കമന്റ്. കമന്റ് ബോക്‌സില്‍ നിന്നും 2600ലധികം പേരുടെ ലൈക്ക് നേടിയ ഈ കമന്റിന് താഴെ വന്ന മറ്റ് കമന്റുകളും ചിരി പടര്‍ത്തുന്നതാണ്. ഡി.ജി.പിയുടെ മകനെയാണ് കൊലപ്പെടുത്തിയതെങ്കിലും സ്വന്തം വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയപ്പോള്‍ സ്വയം രക്ഷയ്ക്ക് വേണ്ടി കൊലപ്പെടുത്തിയതാണെന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ വലിയ രീതിയില്‍ ശിക്ഷാകാലാവധി കുറഞ്ഞേനെ എന്ന് പലരും വിലയിരുത്തുന്നു.
Photo: Screen Grab/ Aashirvadh cinemas/ Youtube.com
വരുണിന്റെ ഡെഡ് ബോഡി മറച്ചുവെച്ചതിനാല്‍ നാലുപേരടങ്ങുന്ന കുടുംബം മൊത്തം എപ്പോള്‍ വേണമെങ്കിലും പിടിക്കപ്പെടാമെന്ന ഭയത്തിലാണെന്നും അന്ന് കുറ്റം സമ്മതിച്ചിരുന്നെങ്കില്‍ അന്‍സിബയോ മീനയോ മാത്രം ജയില്‍ ശിക്ഷ അനുഭവിച്ചാല്‍ മതിയായിരുന്നുവെന്നും കമന്റുകളുണ്ട്. എന്നാല്‍ അങ്ങനെ ചെയ്യാത്തതിന്റെ പ്രധാന കാരണവും പലരും ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ ചെയതിരുന്നെങ്കില്‍ ജീത്തു ജോസഫ് കാര്യമായി പണിയൊന്നുമില്ലാതെ വീട്ടില്‍ ഇരുന്നേനെയെന്നാണ് പലരും കാരണമായി അഭിപ്രായപ്പെടുന്നത്.
Content Highlight: Comment Under official teaser of Drishyam 3 in YouTube goes viral