| Thursday, 8th January 2026, 7:53 pm

അധികം ഡെക്കറേഷന്‍ വേണ്ട, സീറ്റ് കിട്ടാത്തതുകൊണ്ടല്ലേ ബി.ജെ.പി വിട്ടത്; സന്ദീപ് വാര്യരെ ട്രോളി കമന്റ് ബോക്‌സ്

രാഗേന്ദു. പി.ആര്‍

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് സന്ദീപ് ജി. വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പരിഹാസം. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോയവരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടുള്ള സന്ദീപിന്റെ പോസ്റ്റിനെതിരെയാണ് പരിഹാസം ഉയരുന്നത്.

‘സമീപ കാലത്ത് ബി.ജെ.പിയില്‍ ചേര്‍ന്നവര്‍
പത്മജ വേണുഗോപാല്‍, അനില്‍ ആന്റണി, ടോം വടക്കന്‍, റെജി ലൂക്കോസ്
ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നവന്‍
സന്ദീപ് വാര്യര്‍,’ എന്നാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്.

പോസ്റ്റിന് താഴെ സന്ദീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണമുയരുന്നുണ്ട്. ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരുക  എന്നത് ഒരു ചെറിയ കാര്യമല്ലെന്നും സന്ദീപ് വാര്യര്‍ ഒരു മാതൃകയാണെന്നുമാണ് ഒരാളുടെ പ്രതികരണം.

ബി.ജെ.പിയിലേക്ക് പോയത് നത്തോലിയും ചാളയുമൊക്കെയാണെങ്കില്‍ നമുക്ക് കിട്ടിയത് നല്ല ഒന്നാന്തരം കൊമ്പന്‍ സ്രാവിനെയാണെന്നുമാണ് ഒരു യു.ഡി.എഫ് പ്രവര്‍ത്തകന്റെ കമന്റ്. ആയിരം റെജി ലൂക്കോസുമാര്‍ക്ക് അരയല്ല കാല്‍ സന്ദീപ് വാര്യരെന്നും പ്രതികരണമുണ്ട്.

എന്നാല്‍ ബി.ജെ.പി സീറ്റ് കൊടുക്കാത്തത് കൊണ്ടാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്.

‘അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തന്തക്ക് വരെ വിളിച്ച നീ ഇന്ന് ഉമ്മന്‍ചാണ്ടിക്ക് വേണ്ടി പുഷ്പചക്രം അര്‍പ്പിക്കുന്നു.. നിന്റെ തന്തക്ക് വിളിച്ചിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് വാര്യര്‍ക്ക് ജയ് വിളിക്കുന്നു,’ എന്നാണ് ഒരാളുടെ പ്രതികരണം.

‘അയിന്, നീ ഇപ്പോളും ബി.ജെ.പിയില്‍ അല്ലെ?’ എന്നും ചോദ്യമുണ്ട്. വാര്യരെ… നിങ്ങളെ ചവിട്ടി പുറത്താക്കിയതല്ലേ, സീറ്റ് കിട്ടാതെ പോയവരെ എണ്ണത്തിൽ കൂട്ടില്ല, സന്ദീപ് പോയതോടെ ബി.ജെ.പിക്ക് ഇപ്പോള്‍ നല്ല ഐശ്വര്യമാണ് തുടങ്ങിയ കമന്റുകളുമുണ്ട്.

അതേസമയം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് ഇടത് സഹയാത്രികനായിരുന്ന റെജി ലൂക്കോസിനെ ബി.ജെ.പിയിലേക്ക് സ്വീകരിച്ചത്. എല്‍.ഡി.എഫ് കുറച്ച് കാലമായി നടത്തി വരുന്നത് വര്‍ഗീയ വിഭജനത്തിന് വേണ്ടിയുള്ള ശ്രമങ്ങളാണെന്ന് ആരോപിച്ചാണ് റെജി ലൂക്കോസ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

Content Highlight: Comment box mocked Sandeep Varier’s Facebook post

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more