| Tuesday, 14th October 2025, 5:11 pm

മോഹന്‍ലാലിന്റെ പീക് ടൈമില്‍ ഡബ്‌സിയുണ്ടായിരുന്നെങ്കിലെന്ന് ചോദ്യം, മുണ്ടക്കല്‍ ശേഖരന്റെ നടുപ്പേജ് കീറിയേനെയെന്ന് മറുപടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുത്തന്‍ റിലീസുകളും റീ റിലീസുകളും കൊണ്ട് 2025 മൊത്തമായി തൂക്കിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍. കൈയില്‍ നിന്ന് പോയ സകല റെക്കോഡുകളും കൈപ്പിടിയിലൊതുക്കാന്‍ മോഹന്‍ലാലിന് സാധിച്ചു. 18 വര്‍ഷത്തിന് ശേഷം റീ റിലീസ് ചെയ്ത ഛോട്ടാ മുംബൈയും 24 വര്‍ഷത്തിന് ശേഷം വീണ്ടുമെത്തിയ രാവണപ്രഭുവും ആരാധകര്‍ ആഘോഷമാക്കി.

മോഹന്‍ലാലിന്റെ പഴയ സിനിമകളുടെ റീലുകളെല്ലാം പഴയതിനെക്കാള്‍ വീര്യത്തോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. എന്നാല്‍ ഒരു റീലിനടിയില്‍ വന്ന കമന്റും അതിന് നല്‍കിയ മറുപടികളുമെല്ലാം ചിരിയുടെ മാലപ്പടക്കത്തിന് തിരി തെളിയിച്ചിരിക്കുകയാണ്. ‘മോഹന്‍ലാലിന്റെ പീക്ക് ടൈമില്‍ ഡബ്‌സി ഉണ്ടായിരുന്നെങ്കില്‍’ എന്ന കമന്റാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്.

കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് ഇതിനോടകം പല പേജുകളിലും വൈറലായി മാറി. ഓരോ പോസ്റ്റിനും ലഭിക്കുന്ന കമന്റുകളെല്ലാം ഒന്നിനൊന്ന് മികച്ചതാണ്. ‘അന്ന് ഡബ്‌സി ഉണ്ടായിരുന്നെങ്കില്‍ ‘മുണ്ടക്കല്‍ ശേഖരന്റെ നടുപ്പേജ് കീറിയേനെ’, ‘മുണ്ടക്കല്‍ ശേഖര്‍ര്‍ര്‍ര്‍, വാര്യര്‍ര്‍ര്‍ര്‍ര്‍’, ‘മുണ്ടക്കല്‍ കിലുങ്ങണ കെണിയുണ്ട്, വാര്യര്‍ടെ വകയൊരു പണിയുണ്ട് കളിയാണേ കജ്ജിന് ബേറെണ്ട്’ എന്നിങ്ങനെ രസകരമായ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

എന്നാല്‍ ഡബ്‌സിയെ പിന്തുണച്ചുകൊണ്ടും ചില കമന്റുകള്‍ വരുന്നുണ്ട്. ‘ജാസി ഗിഫ്റ്റ് വന്നപ്പോള്‍ ഇതുപോലെ ശുദ്ധസംഗീത വാദികള്‍ വിമര്‍ശനവുമായി എത്തിയിരുന്നു. അന്ന് ജാസി നേരിട്ട കളിയാക്കലുകള്‍ ഇന്ന് ഡബ്‌സീ നേരിടുന്നു’, ‘ഡബ്‌സിയുടെ ഇല്ലുമിനാട്ടി 50 മില്യണിലധികം വ്യൂസ് കിട്ടിയിട്ടുണ്ട്, ദേവാസുരത്തിലെ ഏതെങ്കിലും പാട്ട് അഞ്ച് മില്യണ്‍ നേടിയിട്ടുണ്ടോ’ എന്നിങ്ങനെയും കമന്റുകളുണ്ട്.

ഇന്നത്തെ തലമുറയിലെ പലരുടെയും പ്രിയങ്കരനായി മാറിയ റാപ്പര്‍മാരില്‍ ഒരാളാണ് ഡബ്‌സീ. ചുരുങ്ങിയ കാലം കൊണ്ട് മലയാളസിനിമയില്‍ തന്റേതായ സ്ഥാനം നേടാന്‍ ഡബ്‌സിക്ക് സാധിച്ചിട്ടുണ്ട്. ആവേശത്തിലെ ‘ഇല്ലുമിനാട്ടി’, തല്ലുമാലയിലെ ‘മണവാളന്‍ തഗ്’ തുടങ്ങിയ ഗാനങ്ങള്‍ ഡബ്‌സിയെ കൂടുതല്‍ ജനപ്രിയനാക്കി. സോഷ്യല്‍ മീഡിയയിലും ഡബ്‌സിക്ക് വലിയ ആരാധക പിന്തുണയുണ്ട്.

കഴിഞ്ഞ കുറച്ചുകാലമായി സോഷ്യല്‍ മീഡിയയിലൊന്നും ഡബ്‌സി സജീവമല്ല. എന്നാല്‍ ഈയൊരൊറ്റ കമന്റിലൂടെ വീണ്ടും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ ഡബ്‌സി ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ഒരൊറ്റ കമന്റ് സമൂഹമാധ്യമത്തിലെ പലരെയും വീണ്ടും ചിരിപ്പിക്കുകയാണ്. ഭാവിയില്‍ മോഹന്‍ലാലും ഡബ്‌സിയും ഒന്നിക്കുമോ എന്ന് കാത്തിരുന്നു കാണാം.

Content Highlight: Comment about Dabzee and Mohanlal viral in social media

We use cookies to give you the best possible experience. Learn more