ന്യൂദല്‍ഹി: വഡോദരയിലെ യൂണിവേഴ്‌സിറ്റി കോമഡി ഷോ റദ്ദാക്കിയ സംഭവത്തില്‍ സ്വതസിദ്ധമായ ശൈലിയില്‍ മറുപടിയുമായി സ്റ്റാന്റ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. ട്വിറ്ററിലൂടെയാണ് കുനാലിന്റെ പ്രതികരണം.
തനിക്കു പകരം ഷോ നടത്താന്‍ പറ്റിയ ആളുണ്ടെന്നും അത് പ്രധാനമന്ത്രി മോദി തന്നെയാണെന്നുമാണ് കുനാലിന്റെ പ്രതികരണം. അന്താരാഷ്ട്രതലത്തില്‍ മികച്ച പ്രകടനം നടത്തുന്ന ബഹുമുഖ പ്രതിഭയായ ജാലവിദ്യക്കാരനാണ് മോദിയെന്നാണ് കുനാല്‍ പറഞ്ഞത്.
“ഇപ്പോള്‍ ഓഡിറ്റോറിയം ഫ്രീയാണ്. ഞാന്‍ മറ്റൊരു പെര്‍ഫോമറെ ശുപാര്‍ശ ചെയ്യാം. കോമഡി, കവിത, നാടകം, സംഗീതോപകരണങ്ങള്‍ വായിക്കല്‍, നൃത്തം ഇതെല്ലാം ചെയ്യുന്ന ഒരു ജാലവിദ്യക്കാരനാണ് അദ്ദേഹം. മാഡിസണ്‍ സക്വയര്‍ ഗാര്‍ഡനില്‍ ഉള്‍പ്പെടെ വിദേശത്തും അദ്ദേഹം പല പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്.” എന്നാണ് കുനാലിന്റെ ട്വീറ്റ്.
കഴിഞ്ഞദിവസമാണ് ആഗസ്റ്റ് പതിനൊന്നിനു നടക്കാനിരുന്ന കുനാലിന്റെ വഡോദര യൂണിവേഴ്‌സിറ്റിയിലെ പരിപാടി റദ്ദാക്കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. വി.സി നേരിട്ടാണ് പരിപാടി നടത്തേണ്ടതില്ലെന്ന തീരുമാനം ഓഡിറ്റോറിയം കോര്‍ഡിനേറ്ററെയും നടത്തിപ്പുകാരെയും അറിയിച്ചത്.
ദേശവിരുദ്ധമായ പരാമര്‍ശങ്ങളടങ്ങുന്ന ഉള്ളടക്കമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് പരിപാടി റദ്ദാക്കിയത്. കുനാല്‍ അവതരിപ്പിക്കുന്ന പരിപാടിയില്‍ രാജ്യതാല്‍പര്യങ്ങള്‍ക്കെതിരായ പരാമര്‍ശങ്ങളുണ്ടെന്നു കാണിച്ച് പതിനൊന്നു പൂര്‍വവിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലറിനു കത്തെഴുതിയതോടെയാണ് പരിപാടി നടത്തേണ്ടതില്ലെന്ന് യൂണിവേഴ്സിറ്റി തീരുമാനിച്ചത്.
“പരിപാടി റദ്ദാക്കിയ വിവരം കുനാല്‍ കമ്രയെ വാക്കാല്‍ അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക അറിയിപ്പ് ഉടനെ പുറത്തിറങ്ങും. അദ്ദേഹം പരിപാടിക്കിടെ ധാരാളം ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്താറുണ്ടെന്നു ഞങ്ങള്‍ക്കു വിവരം ലഭിക്കുകയായിരുന്നു. അതിനാലാണ് പരിപാടിയുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന് തീരുമാനിച്ചത്.” എന്നായിരുന്നു പരിപാടി നടക്കാനിരുന്ന ക്യാംപസിലെ സി.സി. മെഹ്ത ഓഡിറ്റോറിയത്തിന്റെ കോര്‍ഡിനേറ്റര്‍ രാകേഷ് മോദിയുടെ വിശദീകരണക്കുറിപ്പ്.
“പരിപാടി അവതരിപ്പിക്കുന്ന ഹാസ്യതാരത്തിന്റെ പേരു ഞങ്ങളിവിടെ പരാമര്‍ശിക്കുന്നില്ല. ഈ കത്തിലൂടെ ലഭിക്കുന്ന പ്രസിദ്ധി പോലും അദ്ദേഹം അര്‍ഹിക്കുന്നില്ല. ദേശീയഗാനത്തെ വരെ പരസ്യമായി അവഹേളിച്ചയാളാണ് അദ്ദേഹം. തുക്ഡേ-തുക്ഡേ സംഘത്തെ അനുകൂലിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്. രാജ്യസ്നേഹികളായ എല്ലാ സര്‍വകലാശാലാ അധികൃതരും അദ്ദേഹത്തില്‍ നിന്നും അകലം പാലിക്കുന്നവരാണ്. അങ്ങിനെയുള്ളപ്പോള്‍ നമ്മുടെ പവിത്രമായ ക്യാംപസില്‍ കടക്കാന്‍ അദ്ദേഹത്തെ അനുവദിക്കേണ്ട കാര്യമെന്താണ്? ബറോഡയിലെ യുവജനത്തിന്റെ ചിന്തകളെ മലിനപ്പെടുത്താനുള്ള ആശയപരമായ ഗൂഢാലോചന ഇതിനു പിന്നിലുള്ളതായി ഞങ്ങള്‍ സംശയിക്കുന്നു.” എന്നായിരുന്നു പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കത്തിലെ ആരോപണം.
കമ്രയെ വിവരമറിയിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുമ്പോഴും, ഔദ്യോഗിക വിശദീകരണമുണ്ടായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പറഞ്ഞത്. “നിങ്ങളിലാരെങ്കിലും നിങ്ങള്‍ അടുത്ത ദിവസം ജോലി ചെയ്യാന്‍ പോകുന്നില്ലെന്ന് വാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കുന്നത്ര വളര്‍ന്നിട്ടുണ്ടോ?” എന്നായിരുന്നു കമ്ര പരിഹാസസൂചകമായി ട്വിറ്ററില്‍ കുറിച്ചത്.