ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ.
ജന്തര്‍ മന്തര്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് ഒരുകൂട്ടം ബി.ജെ.പി അനുഭാവികള്‍ ദിപ്‌കെയുടെ ബിരുദത്തില്‍ സംശയം പ്രകടിപ്പിച്ച് കൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ നിരന്തരം പ്രചാരണങ്ങള്‍ നടത്തിയിരുന്നു.
അതേസമയം പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി തുടരുന്ന വിവരാവകാശ തര്‍ക്കങ്ങളുടെയും കോടതി വ്യവഹാരങ്ങളുടെയും പശ്ചാത്തലം കൂടി ഉണ്ടായിരിക്കെയാണ് ദിപ്കെയുടെ ഈ പ്രസ്താവന.
‘നമുക്ക് രണ്ടുപേര്‍ക്കും സ്വന്തം ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ പരസ്യമായി കാണിക്കാം, ഈ തര്‍ക്കങ്ങള്‍ക്ക് അവസാനമുണ്ടാക്കാം,’ ദീപ്‌കെ സമൂഹമാധ്യമത്തില്‍ കുറിച്ചു.
കഴിഞ്ഞ 12 വര്‍ഷമായി പ്രധാനമന്ത്രിയുടെ ഡിഗ്രി കാണാതെ കഴിയുന്നവര്‍ക്ക് തന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് കാണാന്‍ അക്ഷമരായി കാത്തിരിക്കുകയാണെന്നുംഅദ്ദേഹം പരിഹസിച്ചു. പ്രധാനമന്ത്രിയുടെ ഡിഗ്രി വിവരം വെളിപ്പെടുത്താന്‍ ദല്‍ഹി ഹൈക്കോടതി വിസമ്മതിച്ചത് എന്തുകൊണ്ടാണെന്നും ഐ.ടി സെല്ലിന്റെ യുക്തിപ്രകാരം ഡിഗ്രി കാണിക്കാത്തവരെല്ലാം തട്ടിപ്പുകാരാണോ എന്നും ദീപ്‌കെ ചോദ്യമുന്നയിച്ചു.
ജനപ്രിയ പോഡ്കാസ്റ്റര്‍ പ്രഖര്‍ ഗുപ്ത, ആക്ടിവിസ്റ്റ് സോനം വാങ്ചുക്കുമായി നടത്തിയ സംഭാഷണത്തിനിടെയാണ് ദീപ്‌കെയുടെ വിദ്യാഭ്യാസ യോഗ്യതയെ ചോദ്യം ചെയ്തത്. ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ ദീപ്‌കെ പഠിച്ചതിന് യാതൊരു റെക്കോര്‍ഡുകളുമില്ലെന്ന് തന്റെ സുഹൃത്ത് കണ്ടെത്തിയതായി ഗുപ്ത അവകാശപ്പെട്ടിരുന്നു.
എന്നാല്‍ മുമ്പ് ഉയര്‍ന്ന സമാനമായ ആരോപണങ്ങള്‍ക്ക് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ബര്‍ഖാ ദത്തുമായുള്ള അഭിമുഖത്തില്‍ ദീപ്‌കെ മറുപടി നല്‍കിയിരുന്നു. ബോസ്റ്റണ്‍ സര്‍വകലാശാലയുടെ സ്‌കോളര്‍ഷിപ്പ് ഉപയോഗിച്ചാണ് താന്‍ പഠിച്ചതെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇതിന്റെ ഔദ്യോഗിക രേഖകളും പുറത്തുവിട്ടിരുന്നു.
ഇതിനിടെ വ്യക്തികളുടെ വിദ്യാഭ്യാസ ചെലവുകള്‍ അന്വേഷിക്കുന്നവര്‍ ‘പി.എം കെയര്‍ ഫണ്ടി’ന്റെ കാര്യത്തിലും ആര്‍.ടി.ഐ നല്‍കാന്‍ തയ്യാറാകണമെന്ന് സി.ജെ.പി വക്താവ് വൈഷ്ണവി ഗൗര്‍ പ്രതികരിച്ചു.
Content Highlight: ‘Come, let us both show our degree certificates’: Deepke challenges the Prime Minister.