| Wednesday, 16th September 2026, 6:55 pm

റിപ്പോര്‍ട്ടര്‍ ടി.വിയിലെ പൊലീസ് ഇടപെടല്‍; മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് കോം ഇന്ത്യ

ആദർശ് എം.കെ.

കൊച്ചി: റിപ്പോര്‍ട്ടര്‍ ടി.വി.യുടെ ആസ്ഥാനത്തെ ന്യൂസ് ഡെസ്‌കില്‍ പൊലീസ് അതിക്രമിച്ച് കടന്ന് മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവെക്കുകയും വാര്‍ത്താ സംപ്രേഷണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്ത്യ).

റിപ്പോര്‍ട്ടര്‍ മാനേജ്‌മെന്റമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കപ്പെടേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പോലീസ് സത്യസന്ധമായി നീങ്ങുമെന്ന വിശ്വാസമാണ് കോം ഇന്ത്യയ്ക്കുള്ളതെന്നും എന്നാല്‍ വാര്‍ത്താ ശേഖരണത്തിന്റെയും സംപ്രേഷണത്തിന്റെയും ഭാഗമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതും ന്യൂസ് ഡെസ്‌കിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നതും മാധ്യമസ്ഥാപനത്തിന്റെ സ്വതന്ത്ര പ്രവര്‍ത്തനത്തെ ബാധിക്കുന്ന നടപടിയാണെന്നും അവര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ടി.വി കമ്പനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. മാധ്യമ മേഖലയിലെ സത്യസന്ധതയും മാന്യതയും കാത്തുസൂക്ഷിക്കാന്‍ എല്ലാ മാധ്യമ മാനേജ്‌മെന്റുകള്‍ക്കും ഉത്തരവാദിത്തമുണ്ട്. ഇക്കാര്യത്തില്‍ എന്തെങ്കിലും
വീഴ്ചയുണ്ടായാല്‍ അത് അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്

മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ തൊഴില്‍ നിര്‍വഹിക്കാനുള്ള സ്വാതന്ത്ര്യവും മാധ്യമസ്ഥാപനങ്ങള്‍ക്ക് വാര്‍ത്തകള്‍ ശേഖരിക്കാനും പ്രസിദ്ധീകരിക്കാനും സംപ്രേഷണം ചെയ്യാനുമുള്ള അവകാശവും ജനാധിപത്യ സംവിധാനത്തില്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് കോം ഇന്ത്യ ചൂണ്ടിക്കാട്ടി.

നിയമപരമായ അന്വേഷണം ആവശ്യമായ സാഹചര്യമുണ്ടെങ്കില്‍ പോലും, മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങളും മാധ്യമസ്ഥാപനങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യവും സംരക്ഷിച്ചുകൊണ്ടായിരിക്കണം അന്വേഷണ നടപടികള്‍ സ്വീകരിക്കേണ്ടത്.

ന്യൂസ് ഡെസ്‌കില്‍ പൊലീസ് നേരിട്ട് ഇടപെടുകയും വാര്‍ത്താ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യം മാധ്യമലോകത്ത് ആശങ്കയുണ്ടാക്കുന്നതാണ്.

മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകളിലെയും മറ്റ് ഉപകരണങ്ങളിലെയും വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സ്വകാര്യവും സ്രോതസ്സുകളെ സംബന്ധിച്ചുള്ളതുമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കാം.

അതിനാല്‍ അവരുമായി ബന്ധമില്ലാത കേസില്‍ ഇത്തരം ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ സ്വകാര്യതയും വാര്‍ത്താ സ്രോതസ്സുകളുടെ രഹസ്യതയും നിയമാനുസൃതമായ നടപടിക്രമങ്ങളും കര്‍ശനമായി പാലിക്കേണ്ടതുണ്ട്.

സംഭവത്തില്‍ പൊലീസ് സ്വീകരിച്ച നടപടികളെക്കുറിച്ച് സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നും കോം ഇന്ത്യ ആവശ്യപ്പെട്ടു.

മാധ്യമസ്ഥാപനങ്ങളില്‍ നിയമനിര്‍വഹണ ഏജന്‍സികളുടെ ഇടപെടല്‍ ആവശ്യമായി വരുന്ന സാഹചര്യങ്ങളിലും അത് മാധ്യമപ്രവര്‍ത്തനത്തിന്റെ സ്വാതന്ത്ര്യത്തെയും വാര്‍ത്താ സംപ്രേഷണത്തെയും അനാവശ്യമായി തടസ്സപ്പെടുത്താത്ത തരത്തിലായിരിക്കണം.

മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള ഏത് തരത്തിലുള്ള അനാവശ്യ ഇടപെടലിനെയും കോം ഇന്ത്യ ശക്തമായി എതിര്‍ക്കുമെന്നും കോം ഇന്ത്യ ഭാരവാഹികള്‍ അറിയിച്ചു.

Content Highlight: COM INDIA expresses protest over police intervention at the Reporter TV headquarters.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more