| Saturday, 1st February 2025, 3:54 pm

ഫലസ്തീനെ അനുകൂലിച്ചതിനാല്‍ വിരമിക്കാന്‍ നിര്‍ബന്ധിച്ചു; കൊളംബിയ യൂണിവേഴ്‌സിറ്റിക്കെതിരെ പ്രൊഫസറുടെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബിയ: വിരമിക്കല്‍ കരാറില്‍ നിര്‍ബന്ധിതതായി ഒപ്പിടേണ്ടി വന്നതില്‍ പരാതി നല്‍കി കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ കാതറിന്‍ ഫ്രാങ്കെ. തന്നെ പിരിച്ചുവിടാന്‍ നടപടിയെടുത്ത ഡിപ്പാര്‍ട്ട്‌മെന്റിനെതിരെ സര്‍വകലാശാല അന്വേഷണം നടത്തണമെന്നാണ് കാതറിന്റെ ആവശ്യം.

Katherine Franke

വിരമിക്കലിന് ശേഷം അഞ്ച് വര്‍ഷത്തേക്ക് യൂണിവേഴ്‌സിറ്റി നല്‍കി വരുന്ന ഓഫീസ്, അസിസ്റ്റന്റ്, എമിറിറ്റസ് പ്രൊഫസര്‍ പദവി തുടങ്ങിയ ആനുകൂല്യങ്ങള്‍ അനുവദിച്ചാല്‍ മാത്രമേ നടപടി അംഗീകരിക്കുകയുള്ളുവെന്നും കാതറിന്‍ പറഞ്ഞു.

2024 ജനുവരിയില്‍ ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്, പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചതിനെതിരെ ശബ്ദിച്ചതുമുതല്‍ മാനസികമായി താന്‍ പീഡനം അനുഭവിച്ചിട്ടുണ്ടെന്ന് കാതറിന്‍ ഫ്രാങ്കെ പറഞ്ഞു.

ഇപ്പോള്‍ സൈനിക സേവനത്തില്‍ നിന്ന് പുറത്തുവരുന്ന വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഫലസ്തീന്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ ഉപദ്രവിക്കുന്നതായി അറിവുണ്ടെന്നും പ്രൊഫസര്‍ പ്രതികരിച്ചു. ഫലസ്തീനികള്‍ക്കെതിരായ ഇസ്രഈലിന്റെ നിലപാടുകളെ വിമര്‍ശിക്കാനും പ്രതിരോധിക്കാനും അഭിപ്രായപ്രകടനം നടത്താനും ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും കാതറിന്‍ പറഞ്ഞു.

നിലവില്‍ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി പ്രൊഫസേഴ്‌സ് കാതറിന്‍ നല്‍കിയ പരാതി അവലോകനം ചെയ്യണമെന്ന് യൂണിവേഴ്‌സിറ്റി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. യു.എസിലെ 40തിലധികം വരുന്ന പ്രൊഫസര്‍മാരും കാതറിനെതിരായ നീക്കത്തില്‍ അതൃപ്തി അറിയിച്ചിരുന്നു.

25 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് കാതറിന്‍ ഫ്രാങ്കെ കൊളംബിയ സര്‍വകലാശാലയില്‍ നിന്ന് വിരമിക്കുന്നത്. നിയമവിഭാഗം ഡിപ്പാര്‍ട്ട്മെന്റിലെ ഫാക്കല്‍റ്റിയായിരുന്നു കാതറിന്‍. നിര്‍ബന്ധത്താല്‍ വിരമിക്കല്‍ കരാറില്‍ ഒപ്പിട്ട കാതറിന്‍, നടപടിയെ രുചികരമായതും അണിയിച്ചൊരുക്കിയതുമായ ഒരു പിരിച്ചുവിടല്‍ എന്ന് വിശേഷിപ്പിച്ചിരുന്നു.

കരാറില്‍ ഒപ്പിട്ടതോടെ ക്ലാസ് മുറികളില്‍ പ്രവേശിക്കാനും ക്യാമ്പസിലൂടെ നടക്കാനും മറ്റു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും കാതറിന്‍ തടസം നേരിടുന്നുണ്ട്. ഇത്തരം പ്രതിരോധങ്ങള്‍ നിലനില്‍ക്കുന്ന കൊളംബിയ സര്‍വകലാശാല ക്യാമ്പസിനെ, പ്രതികൂലമായ ഒരു തൊഴില്‍ അന്തരീക്ഷമായാണ് താന്‍ കണക്കാക്കുന്നതെന്നും കാതറിന്‍ നേരത്തെ പ്രതികരിച്ചിരുന്നു.

കൊളംബിയ സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ ജെന്‍ഡര്‍ ആന്റ് സെക്ഷ്വാലിറ്റി ലോ നടപ്പിലാക്കിയത് കാതറിനായിരുന്നു. ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള സെന്റര്‍ ഫോര്‍ ഫലസ്തീന്‍ സ്റ്റഡീസിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലും കാതറിന്‍ ഫ്രാങ്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇസ്രഈലിനും പ്രധാനമന്ത്രി നെതന്യാഹുവിനുമെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളും കാതറിന്‍ ഉയര്‍ത്തിയിരുന്നു. ഇതിനുപിന്നാലെ താന്‍ വിരമിക്കല്‍ കരാറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിതനായി എന്നാണ് കാതറിന്‍ അറിയിച്ചിരുന്നത്.

നേരത്തെ ഗസക്കെതിരായ ഇസ്രഈലിന്റെ യുദ്ധത്തിലൂടെ ലാഭമുണ്ടാക്കുന്ന കമ്പനികളില്‍ നിക്ഷേപം നടത്തിയതില്‍ കൊളംബിയ യൂണിവേഴ്‌സിറ്റിക്കെതിരെ പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രോസിക്യൂട്ടര്‍മാര്‍ ഒന്നിലധികം കുറ്റങ്ങള്‍ ചുമത്തിയിരുന്നു.

എന്നാല്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും പ്രോസിക്യൂട്ടര്‍മാര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇസ്രഈലിനെതിരായ കൊളംബിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ബൈഡന്‍ ഭരണകൂടത്തെ വെട്ടിലാക്കുകയും ചെയ്തിരുന്നു.

Content Highlight: Columbia University professor files grievance over ‘termination’

We use cookies to give you the best possible experience. Learn more