| Friday, 5th June 2026, 5:08 pm

മാരക്കാനയിലെ കൊടുങ്കാറ്റ് ലോകകപ്പില്‍ റൊണാള്‍ഡൊക്കെതിരെ; കിരീടപ്പോര് മുറുകും

Sudev A

കാല്‍പന്ത് കളിയുടെ ആവേശവും ആരവങ്ങളും ലോകമൊന്നാകെ ഉയരാന്‍ ഇനി ദിവസങ്ങളുടെ കാത്തിരിപ്പാണുള്ളത്. ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയാണ് വിശ്വവേദിയില്‍ പന്തുരുളുക. 2026 ഫിഫ ലോകകപ്പിന് അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവരാണ് ആതിഥേയത്വം വഹിക്കുന്നത്.

48 ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ ആരായിരിക്കും കപ്പുയര്‍ത്തുക എന്ന ആകാംക്ഷ ആരാധകര്‍ക്കിടയിലുണ്ട്. അതിനൊപ്പം തന്നെ തങ്ങളുടെ പ്രിയ താരങ്ങളും ടീമുകളും കനക കിരീടത്തില്‍ മുത്തമിടുന്നതാണ് ഓരോ ഫുട്ബോള്‍ പ്രേമിയുടെയും പ്രതീക്ഷ.

മറ്റൊരു ലോകകപ്പ് കൂടി മുന്നിലെത്തി നില്‍ക്കുമ്പോള്‍ ആരാധകരുടെ മനസില്‍ നിരവധി താരങ്ങളുടെ ചിത്രം തെളിഞ്ഞു വരും. അതില്‍ പ്രധാനിയാണ് കൊളംബിയന്‍ നായകന്‍ ഹാമിഷ് റോഡ്രിഗസ്. 2014ല്‍ ബ്രസീലിയന്‍ മണ്ണില്‍ നടന്ന ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയ റോഡ്രിഗസിന്റെ പോരാട്ടവീര്യങ്ങള്‍ ഒരു ഫുട്‌ബോള്‍ ആരാധകരും മറക്കാനിടയില്ല.

ഹാമിഷ് റോഡ്രിഗസ്

ബ്രസീലില്‍ നടന്ന ലോകകപ്പില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും ആറ് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടികൊണ്ടായിരുന്നു താരം ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. അന്ന് ഫുട്ബോള്‍ ലോകത്ത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ താരം പിന്നീട് ഫുട്ബോള്‍ ലോകത്ത് നിന്നും ശൂന്യതയിലേക്ക് പോവുകയായിരുന്നു. ലോകകപ്പിലെ മികച്ച പ്രകടനങ്ങള്‍ക്ക് പിന്നാലെ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് ഹാമിഷിനെ സ്വന്തം തട്ടകത്തില്‍ എത്തിച്ചു.

എന്നാല്‍ റയലിന്റെ പ്ലെയിങ് ഇലവനില്‍ താരത്തിന് അവസരങ്ങള്‍ വളരെ കുറവായിരുന്നു. പ്രതിഭക്കൊത്ത പ്രകടനം പുറത്തെടുക്കുന്നതില്‍ പരാജയപ്പെട്ട റോഡ്രിഗസ് പിന്നീട് ജര്‍മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിലേക്ക് കൂടുമാറുകയായിരുന്നു. ജര്‍മനിയില്‍ രണ്ട് വര്‍ഷം പന്ത് തട്ടിയ ഹാമിഷ് വീണ്ടും റയലില്‍ തിരിച്ചെത്തിയെങ്കിലും വീണ്ടും തഴയപ്പെടുകയായിരുന്നു.

പിന്നീട് എവര്‍ടണ്‍, അല്‍ റയാന്‍, ഒളിമ്പിയാകോസ്, സാവോ പോളോ തുടങ്ങിയ വ്യത്യസ്ത ക്ലബ്ബുകള്‍ക്ക് വേണ്ടിയും ബൂട്ടുകെട്ടി. നിലവില്‍ എം.എല്‍.എസ് ക്ലബ്ബായ മിന്നെസോറ്റ യുണൈറ്റഡിന്റെ താരമാണ് ഹാമിഷ്.

2024 കോപ്പ അമേരിക്കയില്‍ കൊളംബിയക്കൊപ്പം തന്റെ പ്രതിഭ കൊണ്ട് വീണ്ടും ഫുട്ബോള്‍ ലോകത്ത് തനിക്ക് നഷ്ടപ്പെട്ട സ്ഥാനം ഹാമിഷ് തിരിച്ച് പിടിച്ചിരുന്നു. ആ ടൂര്‍ണമെന്റില്‍ കൊളംബിയയുടെ ഫൈനല്‍ പ്രവേശത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ച താരമായിരുന്നു റോഡ്രിഗസ്.

ഒരു ഗോളും ആറ് അസിസ്റ്റുകളും സ്വന്തമാക്കിയാണ് ഹാമിഷ് കൊളംബിയയെ മുന്നില്‍ നിന്നും നയിച്ചത്. എന്നാല്‍ ഫൈനലില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ട് കൊളംബിയക്ക് കിരീടം നഷ്ടമാവുകയായിരുന്നു.

ഇപ്പോള്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ലോകകപ്പ് കൂടി പടിവാതിലിലെത്തി നില്‍കുമ്പോള്‍ കൊളംബിയന്‍ ലോകകപ്പ് സ്വപ്നങ്ങളെ ചിറകിലേറ്റി ഹാമിഷ് റോഡ്രിഗസും ഒരുഭാഗത്തുന്നുണ്ട്. ഗ്രൂപ്പ് കെ-യില്‍ സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനൊപ്പമാണ് കൊളംബിയ. ഉസ്ബക്കിസ്താനും ഡി.ആര്‍ കോംഗോയുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

മാരക്കാനയുടെ മണ്ണില്‍ ഗോള്‍ഡന്‍ ബൂട്ടിന്റെ തലയെടുപ്പിലും കണ്ണീരോടെ മടങ്ങിയ അന്നത്തെ 22കാരന്റെ സ്വപ്നങ്ങള്‍ ഇത്തവണ പൂവണിയുമോയെന്നാണ് ഫുട്‌ബോള്‍ ആകാംഷയോടെ ഉറ്റുനോക്കുന്നത്.

Content Highlight: Colombian captain James Rodrigues playing 2026 fifa world cup for the major trophy

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more