| Sunday, 8th June 2025, 1:55 pm

കൊളംബിയയുടെ ഭാവി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് നേരെ വെടിവെപ്പ്; ഗുസ്താവോ സര്‍ക്കാരിനെ വിമര്‍ശിച്ച് യു.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബൊഗോട്ട: 2026ല്‍ നടക്കാനിരിക്കുന്ന കൊളംബിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ള സെനറ്റര്‍ മിഗുവല്‍ ഉറിബെയ്ക്ക് നേരെ വെടിവെപ്പ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് മിഗുവലിന് വെടിയേറ്റത്. ഇന്നലെ (ശനിയാഴ്ച)യാണ് ആക്രമണം നടന്നത്.

മിഗുവലിന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് അദ്ദേഹത്തിന്റെ പങ്കാളി മരിയ ക്ലോഡിയ ടരാസോണ പറഞ്ഞു.

മിഗുവലിനെ സാന്താ ഫെ ഫൗണ്ടേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം ന്യൂറോ സര്‍ജിക്കല്‍ പെരിഫറല്‍ വാസ്‌കുലര്‍ നടപടിക്രമങ്ങള്‍ക്ക് വിധേയനാണെന്നുമാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബൊഗോട്ടയിലെ ഫോണ്ടിബണ്‍ പരിസരത്ത് പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ക്കില്‍ വെച്ചാണ് മിഗുവലിന് നേരെ ആക്രമണമുണ്ടായത്. പിന്നില്‍ നിന്നാണ് വെടിയേറ്റത്. സെനറ്ററുടെ ശരീരത്തില്‍ രണ്ട് തവണ വെടിയേറ്റിട്ടുണ്ടെന്ന് കൊളംബിയയിലെ അറ്റോര്‍ണി ജനറല്‍ ഓഫീസ് അറിയിച്ചു.

മിഗുവലിന് പുറമെ മറ്റ് രണ്ട് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഏകദേശം 730,000 ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അതേസമയം ആക്രമണം നടന്ന മേഖലയില്‍ നിന്ന് തോക്കുധാരിയായ ഒരു 15 വയസുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സംഭവത്തില്‍ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ദുഃഖം രേഖപ്പെടുത്തി. മിഗുവലിന്റെ കുടുംബത്തിന് പൂര്‍ണമായ പിന്തുണയുണ്ടന്ന് അറിയിച്ച പ്രസിഡന്റ്, അക്രമികളെ കണ്ടെത്തുന്നതിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും പറഞ്ഞു.

നിലവില്‍ ചില അനുമാനങ്ങള്‍ മാത്രമേയുള്ളുവെന്നും സുരക്ഷാ പ്രോട്ടോക്കോളുകളിലുണ്ടായ വീഴ്ച അന്വേഷിക്കുമെന്നും ഗുസ്താവോ പെട്രോ പറഞ്ഞു. ആക്രമണത്തില്‍ ശക്തമായ അന്വേഷണമുണ്ടാകുമെന്ന് കൊളംബിയന്‍ പ്രസിഡന്‍സിയും അറിയിച്ചു.

ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമോ ന്യായീകരണമോ ഇല്ലെന്ന് ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക്കും എല്ലാത്തരം അക്രമങ്ങളെയും അസഹിഷ്ണുതയെയും തങ്ങള്‍ അപലപിക്കുന്നതായി ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയേല്‍ നോബോവയും പ്രതികരിച്ചു.

ഇവര്‍ക്ക് പുറമെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും മിഗുവലിന്റെ കുടുംബത്തിന് പിന്തുണ അറിയിച്ചു. മിഗുവലിനെതിരായ വധശ്രമത്തെ അമേരിക്ക ശക്തമായി അപലപിക്കുന്നുവെന്നും പെട്രോയുടെ പ്രകോപനപരമായ വാചാടോപമാണ് അക്രമത്തിന് കാരണമെന്നും മാര്‍ക്കോ റൂബിയോ ആരോപിച്ചു.

മുന്‍ കൊളംബിയന്‍ പ്രസിഡന്റ് അല്‍വാരോ ഉറിബെ സ്ഥാപിച്ച പ്രതിപക്ഷ കണ്‍സര്‍വേറ്റീവ് ഡെമോക്രാറ്റിക് സെന്റര്‍ പാര്‍ട്ടിയിലെ അംഗമാണ് ഉറിബെ. മിഗുവലിനെതിരായ ആക്രമണം സ്വീകാര്യമല്ലാത്ത പ്രവര്‍ത്തിയാണെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.

Content Highlight: Colombia’s would-be presidential candidate Miguel Uribe shot, wounded

We use cookies to give you the best possible experience. Learn more